ഹരിപ്പാട്ട് പകുതിയോളം സ്ഥലങ്ങളിൽ ത്രികോണ മത്സരം; അട്ടിമറി സാധ്യതകൾ ഏറെ
text_fieldsഹരിപ്പാട്: എൽ.ഡി.എഫിനും യു.ഡി.എഫിനും ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ഹരിപ്പാട്. 10 ഗ്രാമപഞ്ചായത്തും ഒരുനഗരസഭയും ഈ മണ്ഡലത്തിൽ ഉൾപ്പെടുന്നു. ഈ മണ്ഡലത്തിലെ ജനവിധി ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്തമാണ്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെ പിന്തുണക്കുന്ന മണ്ഡലം ലോക്സഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഇരുകൂട്ടരെയും മാറിമാറി പിന്തുണക്കുന്നതാണ് പതിവ്. ഇവർക്കിടയിലേക്ക് സ്വാധീനം മെച്ചപ്പെടുത്തി എൻ.ഡി.എ കൂടി കടന്നുവന്നതോടെ അട്ടിമറി സാധ്യത ഏറെയാണ്. പകുതിയോളം സ്ഥലങ്ങളിൽ ത്രികോണ മത്സരങ്ങൾക്കുള്ള സാധ്യത നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ഫലവും പ്രവചനാതീതമാണ്.
തീരദേശവും കുട്ടനാടും അപ്പർകുട്ടനാടും അതിരിടുന്ന മണ്ഡലത്തിൽ മത്സ്യ-കയർ-കർഷക തൊഴിലാളികൾ നിർണായക സാന്നിധ്യമാണ്. ഇവിടെ ഇടതുമുന്നണിക്ക് നേരിയ മുൻതൂക്കം ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ചെറുതന, കാർത്തികപ്പള്ളി, കരുവാറ്റ, മുതുകുളം, കുമാരപുരം, പള്ളിപ്പാട്, എന്നീ പഞ്ചായത്തുകളിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. നേരിയ സീറ്റ് വ്യത്യാസത്തിലാണ് ഇവിടെ മുന്നണികൾ ഭരിച്ചത്. ഇവിടെയൊക്കെ ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യം ഫലപ്രവചനം അസാധ്യമാക്കുന്നു.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കുമാരപുരത്തും കാർത്തികപ്പള്ളിയിലും മാത്രം ഇടത് മുന്നണിയെ ഒതുക്കി ശേഷിക്കുന്ന ഹരിപ്പാട് നഗരസഭ, കരുവാറ്റ, ചെറുതന, പള്ളിപ്പാട്, ചേപ്പാട്, ചിങ്ങോലി, മുതുകുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിൽ ഭരണം പിടിച്ചു. 2020ലെ തെരഞ്ഞെടുപ്പിൽ തൃക്കുന്നപ്പുഴ, ചിങ്ങോലി, ചെറുതന, ഹരിപ്പാട് നഗരസഭ എന്നീ സീറ്റുകളിൽ യു.ഡി.എഫിനെ ഒതുക്കി ഇടതുമുന്നണി മധുരപ്രതികാരം വീട്ടി. ഹരിപ്പാട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തുകളിലും കനത്ത പരാജയമാണ് യു.ഡി.എഫിന് ഏറ്റുവാങ്ങേണ്ടി വന്നത്.
മുതുകുളം ബ്ലോക്കിലെ 14 സീറ്റിൽ രണ്ടിടത്താണ് യു.ഡി.എഫിന് ജയിക്കാനായത്. ഹരിപ്പാട് ബ്ലോക്കിൽ 13 സീറ്റിൽ 10 ഇടത്തും ഇടതുമുന്നണിയാണ് വിജയക്കൊടി പാറിച്ചത്. ബി.ജെ.പിയുടെ സ്വാധീനം പടിപടിയായി വർധിച്ചുവരുന്നത് ഇരു മുന്നണികൾക്കും തലവേദനയായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാനുള്ള പരിശ്രമത്തിലാണ് ഇടതുമുന്നണി. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അണികളെ സജ്ജരാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ അട്ടിമറി സാധ്യത കണക്കിലെടുത്ത് വലിയ ജാഗ്രതയിലാണ് ഇടതുമുന്നണി മുന്നോട്ടുപോകുന്നത്. 2015ലെ വിജയം ആവർത്തിക്കുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന മണ്ഡലത്തിലെ വികസനങ്ങളും സംസ്ഥാന ഭരണവിരുദ്ധ വികാരവും ഉയർത്തിക്കാട്ടി വോട്ട് പെട്ടിയിലാക്കാനാണ് യു.ഡി.എഫ് തന്ത്രംമെനയുന്നത്.
തൃക്കുന്നപ്പുഴയിലെ സീറ്റ് തർക്കം യു.ഡി.എഫിന് വിനയാകും
യു.ഡി.എഫിന് ശക്തമായ വോട്ട് ബാങ്കും ഭരണത്തുടർച്ചയുമുള്ള തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ സീറ്റ് തർക്കം പൊട്ടിത്തെറിയുടെ വക്കിൽ എത്തിനിൽക്കുന്നത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു. മുസ്ലിം വോട്ടുകളിൽ അധികവും വീഴുന്നത് യു.ഡി.എഫിന്റെ പെട്ടിയിലാണ്.
ഒടുവിൽ നിശ്ചയിച്ച സ്ഥാനാർഥി പട്ടികയിൽ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. നിലപാട് തുടർന്നാൽ പരസ്യപ്രതികരണവുമായി പലരും രംഗത്തുവരാനുള്ള സാധ്യത ഏറെയാണ്. എൻ.ഡി.എ ഭീഷണി ഗുരുതരമായി നിലനിൽക്കുമ്പോഴും തങ്ങളെ ഇതു ഗുരുതരമായി ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് ഇരു മുന്നണികളും.
എൻ.ഡി.എ ഭീഷണി ചെറുതല്ല
മണ്ഡലത്തിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ഉയർത്തുന്ന ഭീഷണി ചെറുതല്ല. ഓരോ തെരഞ്ഞെടുപ്പിലും അവർ നില മെച്ചപ്പെടുത്തുകയാണ്. 2015 കാർത്തികപ്പള്ളിയിൽ മാത്രമാണ് ബി.ജെ.പി മൂന്ന് സീറ്റ് നേടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. എട്ട് സീറ്റുകളാണ് അന്ന് മണ്ഡലത്തിൽ ആകെ നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാർത്തികപ്പള്ളി, ചെറുതന, മുതുകുളം, കരുവാറ്റ, ഹരിപ്പാട് നഗരസഭ എന്നിവിടങ്ങളിലായി മണ്ഡലത്തിലെ സീറ്റ്നില 19 ആക്കി ഉയർത്തി.
ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന ശോഭ സുരേന്ദ്രൻ ഇടതു- വലതു മുന്നണികളുടെ ഉറക്കം കെടുത്തിയാണ് മടങ്ങിപ്പോയത്. കെ.സി. വേണുഗോപാലിന് 1345 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് മണ്ഡലത്തിൽ ലഭിച്ചത്. തൊട്ടു പിന്നിലെത്തിയത് ശോഭ സുരേന്ദ്രനായിരുന്നു.
മൂന്നാം സ്ഥാനത്തെത്തിയ ഇടതുമുന്നണി ശോഭയേക്കാൾ 5352 വോട്ടുകൾക്ക് പിന്നിൽ പോയി. ഹരിപ്പാട് നഗരസഭയിലും കാർത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, കുമാരപുരം, കരുവാറ്റ, ചേപ്പാട് പഞ്ചായത്തിലും ശോഭ സുരേന്ദ്രനാണ് കൂടുതൽ വോട്ട് ലഭിച്ചത്. അതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി മത്സരത്തിനിറങ്ങുന്നത്.
നഗരസഭയിൽ കിതച്ച് യു.ഡി.എഫ്
പുതുതായി രൂപവത്കരിച്ച ഹരിപ്പാട് നഗരസഭയിൽ 2015ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തേരോട്ടമായിരുന്നു. ആകെയുള്ള 29 സീറ്റിൽ 22ഉം യു.ഡി.എഫ് നേടി. അഞ്ച് സീറ്റുകൊണ്ട് ഇടതുമുന്നണിക്ക് തൃപ്തിപ്പെടേണ്ടി വന്നു. ബി.ജെ.പി ഒരു സീറ്റ് മാത്രമാണ് നേടിയത്. 2020ൽ യു.ഡി.എഫ് 14 സീറ്റിലേക്ക് ചുരുങ്ങി. 10 സീറ്റ് ഇടതുമുന്നണി നേടി നിലമച്ചപ്പെടുത്തി.
കഴിഞ്ഞ ലോക്സഭ ഇലക്ഷനിൽ ഹരിപ്പാട് നഗരസഭയിലെ 21 ബൂത്തുകളിൽ 16ലും മുന്നിലെത്തിയത് എൻ.ഡി.എ ആയിരുന്നു. മുൻ കൗൺസിലർ ബി. ബാബുരാജ് അടക്കം നിരവധി പേർ യു.ഡി.എഫ് വിട്ട് ബി.ജെ.പിയിൽ ചേർന്നതും യു.ഡി.എഫിന് ക്ഷീണം ഉണ്ടാക്കും. രമേശ് ചെന്നിത്തലയുടെ തട്ടകത്തിൽ വോട്ട് ചോരുന്നത് യു.ഡി.എഫിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. എങ്കിലും അഞ്ചുവർഷത്തെ ഭരണമികവ് തങ്ങൾക്ക് തുടർഭരണത്തിന് തുണയാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
തമ്മിലടിച്ച് ചിങ്ങോലി; നാണംകെട്ട് പാർട്ടി നേതൃത്വം
ചിങ്ങോലി പഞ്ചായത്തിന്റെ ഭരണം കിട്ടിയ യു.ഡി.എഫ് അധികാരത്തിന്റെ പേരിൽ നടത്തിയ തമ്മിലടി നാണക്കേടുണ്ടാക്കി. ആദ്യം പ്രസിഡന്റായി നിയോഗിച്ച ജി. സജിനി കരാർ കാലയളവിൽ അധികാരം വിട്ടൊഴിയാത്തതാണ് പ്രശ്നത്തിന് കാരണമായത്. സഹികെട്ട് അവിശ്വാസത്തിലൂടെ സ്വന്തം പാർട്ടിക്കാർ തന്നെ ഇവരെ പുറത്താക്കുകയായിരുന്നു. അങ്ങനെ ഭരണം ഇടതുമുന്നണിക്കായി. പിന്നീട് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു. അംഗങ്ങൾ തമ്മിലുള്ള തമ്മിലടി അവസാനം വരെയും തുടർന്നത് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കി.


