ഹരിപ്പാട്ട് ആവേശത്തിൽ യു.ഡി.എഫ്
text_fieldsഹരിപ്പാട്: തദ്ദേശതെരഞ്ഞെടുപ്പ് ഫലം കണ്ട് ആശ്വാസത്തിന്റെ നെടുവീർപ്പിടുകയാണ് യു.ഡി.എഫ്. സിറ്റിങ് പഞ്ചായത്തുകൾ ആയ ചിങ്ങോലിയും ചെറുതനയും കൈവിട്ടു പോവുകയും യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ തൃക്കുന്നപ്പുഴയിൽ ഇടതുമുന്നണി ഒപ്പത്തിനൊപ്പം എത്തി ക്ഷീണം ഉണ്ടാക്കിയെങ്കിലും പള്ളിപ്പാടും വീയപുരവും ആറാട്ടുപുഴയും മുതുകുളം കൈപ്പിടിയിൽ ആക്കുകയും ഹരിപ്പാട് നഗരസഭയിൽ ഭരണം നിലനിർത്തുകയും ചെയ്തത് അഭിമാന നേട്ടമായി.
നഗരസഭയിൽ കഴിഞ്ഞ തവണത്തേക്കാൾ രണ്ട് സീറ്റ് വർധിച്ചതോടെ സീറ്റ് 16 ആയി. എന്നാൽ ഇടതു മുന്നണിക്ക് രണ്ട് സീറ്റ് കുറഞ്ഞ് എട്ടായി. എൻ.ഡി.എയുടെ സീറ്റ് അഞ്ചിൽ നിന്നും ആറായി. തുടർച്ചയായി മൂന്നാം തവണയാണ് യു.ഡി.എഫ് ഇവിടെ അധികാരത്തിലേറുന്നത്.കൂടാതെ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിൽ ഇടതുമുന്നണിയുടെ ആധിപത്യം തകർത്തു ഭരണത്തിലേറിയതും ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തിൽ ഭരണം നടത്തിയ ചേപ്പാടും കരുവാറ്റയിലും ഒപ്പത്തിനൊപ്പം എത്താൻ കഴിഞ്ഞതും വലിയ നേട്ടമായി.
നഗരസഭ നിലവിൽ വന്നപ്പോൾ വൈസ് ചെയർമാനായ എം.കെ.വിജയനും കഴിഞ്ഞ രണ്ട് വർഷമായി ഭരണം നടത്തിയ ചെയർമാൻ കെ.കെ.രാമകൃഷ്ണനും ഇത്തവണ പരാജയപ്പെട്ടു. മുൻ ഹരിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സി.പി.എമ്മിലെ പി.എം ചന്ദ്രൻ ഒന്നാം വാർഡിൽ നിന്നും വിജയിച്ചപ്പോൾ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എൽ.ഡി.എഫ് സ്ഥാനാർഥി സതീശ് ആറ്റുപുറം പരാജയപ്പെട്ടു. മണ്ഡലത്തിലെ ആകെയുള്ള 10 പഞ്ചായത്തുകളിൽ ഏഴ് പഞ്ചായത്തുകളിൽ ഭരണം നടത്തിയിരുന്ന ഇടതുമുന്നണി കുമാരപുരത്തും ചിങ്ങോലിയിലും ചെറുതനയിലും ഒതുങ്ങി.
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തും നഷ്ടമായി. കാർത്തികപ്പള്ളിയിൽ എൻ.ഡി.എ ഭരണത്തിലേറിയത് ഇടതുമുന്നണിക്ക് കനത്ത് തിരിച്ചടിയായി. കർഷകത്തൊഴിലാളികളും മൽസ്യ- കയർ തൊഴിലാളികളും ഇടതുമുന്നണിയെ കൈവിട്ടു. മുസ്ലിം വോട്ടുകൾ ഭൂരിഭാഗവും യു.ഡി.എഫിന്റെ പെട്ടിയിലാണ് വീണത്. മുസ്ലിം വോട്ടുകൾ നിർണായകമായ വാർഡുകളിൽ കനത്ത പരാജയം ഏൽക്കേണ്ടിവന്നു. കുമാരപുരത്ത് ഭരണം നിലനിർത്തിയെങ്കിലും പ്രമുഖരുടെ പരാജയം സി.പി.എമ്മിന് വലിയ നാണക്കേടുണ്ടാക്കി.
ഒന്നാം വാർഡിൽ നിന്നും മത്സരിച്ച ഡി.വൈ.എഫ്,ഐ ജില്ല പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എസ്. സുരേഷ് കുമാർ, 11- വാർഡിൽ നിന്നും മത്സരിച്ച മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും കർഷകസംഘം ഏരിയ കമ്മിറ്റി അംഗവുമായ സി.എസ് രഞ്ജിത്ത്, പതിമൂന്നാം വാർഡിൽ നിന്നും മത്സരിച്ച കുമാരപുരം തെക്ക് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ ആർ. ബിജു, പതിനഞ്ചാം വാർഡിൽ നിന്നും മത്സരിച്ച സിപിഎം ഏരിയ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ജില്ലാ നേതാവുമായ സിന്ധു മോഹനൻ എന്നിവരാണ് പരാജയപ്പെട്ടത് വീയപുരത്ത് ഇടതുമുന്നണിയുടെ ഏഴ് ഗ്രാമപഞ്ചായത്ത് അംഗങ്ങള് മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സുരേന്ദ്രനും വൈസ് പ്രസിഡൻ്റ് പി.എ. ഷാനവാസും അടക്കം ഏഴ് പേരും പരാജയപ്പെട്ടു. പ്രതികൂല സാഹചര്യത്തിലും സി.പി.ഐ. ഒരുവിധം പിടിച്ചു നിന്നു.


