കൊച്ചുവീട്ടിൽ-പനച്ചമൂട് റോഡ് നിർമാണം: വിജിലൻസ് അന്വേഷണം തുടങ്ങി
text_fieldsവിജിലൻസ് സംഘത്തിന്റെ നേതൃത്വത്തിൽ റോഡ് തുരന്ന് സാംപിൾ ശേഖരിക്കുന്നു
ഹരിപ്പാട്: ചേപ്പാട് പഞ്ചായത്തിലെ കൊച്ചുവീട്ടിൽ ജങ്ഷൻ-പനച്ചമൂട് റോഡുപണിയിലെ ഗുരുതര ക്രമക്കേടിനെക്കുറിച്ച് വിജിലൻസ് അന്വേഷണം തുടങ്ങി. റോഡ് നിർമിച്ച് ദിവസങ്ങൾക്കുള്ളിൽ പൊളിഞ്ഞതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്. ജനങ്ങങ്ങളുടെ പരാതിയെ തുടർന്നാണ് വിജിലൻസ് അന്വേഷണം ഏറ്റെടുത്തത്. നിർമാണത്തിനുപയോഗിച്ച സാമഗ്രികളുടെ ഗുണനിലവാരം, ടാർ ചെയ്ത രീതി തുടങ്ങിയ സാങ്കേതികവിവരങ്ങൾ യന്ത്രസഹായത്തോടെ വിജിലൻസ് പരിശോധിച്ചു. ടാറിന്റെയും റോഡിൽ നിരത്തിയ മണ്ണിന്റെയും സാംപിൾ ശേഖരിച്ചു.
റീബിൽഡ് കേരള പദ്ധതിയിൽനിന്ന് 3.25 കോടിയാണ് രണ്ടര കിലോമീറ്റർ റോഡുപണിക്ക് അനുവദിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രണ്ട് വര്‍ഷത്തോളമാണ് റോഡ് പൊളിച്ചിട്ടിരുന്നത്. നാട്ടുകാരുടെ നിരന്തര പ്രക്ഷോഭത്തിനും പ്രതിഷേധത്തിനുമൊടുവിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതും ടാറിങ് നടത്തിയതും. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായി ദിവസങ്ങൾക്കുള്ളിൽതന്നെ റോഡ് തകര്‍ന്നു തുടങ്ങി.
ടാറ് ചെയ്ത മേല്‍പ്പാളി ഇളകി മാറിയും പൊടിഞ്ഞും റോഡ് അപ്പാടെ തകര്‍ന്നു. റോഡ് നിർമാണത്തിലെ വീഴ്ച രമേശ് ചെന്നിത്തല എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, പ്രതിഷേധക്കാരായ നാട്ടുകാർ റോഡ് കുത്തിപ്പൊളിച്ചെന്നാണ് മന്ത്രി മറുപടി നൽകിയത്. കരാറുകാർ നടത്തിയ തട്ടിപ്പിന് പഴി കേൾക്കേണ്ടിവന്നതും ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കി. പനച്ചമൂട്ടിൽനിന്ന് കിഴക്കോട്ട് 650 മീറ്റർ നീളത്തിൽ കാന നിർമിക്കേണ്ടതായിരുന്നു. എന്നാൽ, ആദ്യം 400 മീറ്റർ നീളത്തിലാണിത് നിർമിച്ചത്. പ്രതിഷേധം ശക്തമായപ്പോഴാണ് കാന 250 മീറ്റർകൂടി ദീർഘിപ്പിച്ചത്. ഇക്കാര്യവും വിജിലൻസ് പരിശോധിക്കും.
ജനകീയസമിതി ജാഥ രണ്ടിന്
ഹരിപ്പാട് : കൊച്ചുവീട്ടിൽ ജങ്ഷൻ-പനച്ചമൂട് റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുക, റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമിതി വീണ്ടും സമരം തുടങ്ങുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നിന് കൊച്ചുവീട്ടിൽ ജങ്ഷനിൽനിന്ന് പനച്ചമൂട്ടിലേക്ക് പ്രതിഷേധജാഥ തുടങ്ങും.