ഹോക്കി സ്റ്റിക്ക് ആക്രമണം: ആറാംപ്രതി അറസ്റ്റിൽ
text_fieldsമുഹമ്മദ് സർഫാസ്
കായംകുളം: ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ആറാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം ചേരാവള്ളി മനാത്തുമുറിയിൽ തെക്കതിൽ വീട്ടിൽ അനീഷിനെയാണ് (31) അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 11ന് രാത്രി 9.30ന് മേനാത്തേരി ജങ്ഷന് പടിഞ്ഞാറ് വശത്തു പ്രവർത്തിക്കുന്ന കെ.ടി.ഡി.സി ബിയർ പാർലറിന്റെ മുൻവശത്തുവെച്ച് ചേരാവള്ളി സ്വദേശിയായ മുഹമ്മദ് സർഫാസിനെയാണ് (18) ഹോക്കി സ്റ്റിക്ക് ഉയോഗിച്ച് മർദിച്ചത്.
മർദിക്കുന്നത് കണ്ട് തടയാൻ വന്ന സുഹൃത്തിനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതും സംഭവം നടന്ന സ്ഥലത്തേക്ക് മറ്റ് പ്രതികളെ കൊണ്ടുവന്നതും അനീഷായിരുന്നു. സംഭവത്തിൽ മുഹമ്മദ് സർഫാസിന്റെ മുഖത്തിന്റെ എല്ലുകൾക്ക് പൊട്ടലുണ്ട്. കുപ്രസിദ്ധ ഗുണ്ടയും പെരിങ്ങാല സ്വദേശിയുമായ അദിനാന്റെ സംഘത്തിലെ അംഗമാണ് അനീഷ്.
ഒളിവിൽ പോയ അദിനാനെ പിടികൂടുന്നതിന് അന്വേഷണം ഊർജിതമാക്കിയതായി കായംകുളം പൊലീസ് അറിയിച്ചു. കായംകുളം ഡിവൈ.എസ്.പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷായുടെ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ് ബാബു, നിയാസ്, പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, അനു, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


