ഹൈബ്രിഡ് കഞ്ചാവ് കടത്ത്; അന്വേഷണം സിനിമ മേഖലയിലേക്ക്
text_fieldsആലപ്പുഴ: രണ്ടുകോടിയോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി എക്സൈസ്. ഇതുസംബന്ധിച്ച് കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും. ഇതിനായി പ്രത്യേക ചോദ്യാവലിയും തയാറാക്കിയിട്ടുണ്ട്.
സിനിമ മേഖലയിലടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന് പ്രതികളുടെ വാട്സ്ആപ് ചാറ്റുകളിൽനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ പരമാവധി തെളിവുകൾ ശേഖരിച്ചാണ് ചോദ്യംചെയ്യൽ പൂർത്തിയാക്കുക. തസ്ലീമ സുൽത്താന (ക്രിസ്റ്റീന -41), ഇവരുടെ ഭർത്താവും മുഖ്യസൂത്രധാരനുമായ സുൽത്താൻ അക്ബർ അലി (43), കെ. ഫിറോസ് (26) എന്നിവർക്കായാണ് കസ്റ്റഡി അപേക്ഷ നൽകുക.
പിന്നീട് മൂന്നുപേരെയും ഒരുമിച്ചിരുത്തിയും ഒറ്റക്കും ചോദ്യംചെയ്യും. ഇതിൽനിന്ന് കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എക്സൈസ്. കഞ്ചാവ്-സ്വർണക്കടത്ത് മേഖലയിലെ വിദഗ്ധരും പരിചയസമ്പന്നരുമായ പ്രതികളെ പരസ്പരം ബന്ധിപ്പിക്കുന്ന തെളിവുകൾ നിരത്തിയാകും ചോദ്യംചെയ്യൽ.
അതേസമയം, കൊച്ചി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺവാണിഭ സംഘങ്ങൾക്കും സ്വർണക്കടത്ത് സംഘവുമായുള്ള പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഓമനപ്പുഴയിലെത്തുന്നതിന് മുമ്പ് താമസിച്ചിരുന്ന ഹോട്ടലുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ചുള്ള അന്വേഷണിലാണ് സൂചന ലഭിച്ചത്.
അക്ബർ അലിക്ക് രാജ്യാന്തര സ്വർണക്കടത്ത് സംഘങ്ങളുമായിട്ടാണ് കൂടുതൽ ബന്ധം. മൂന്നുവർഷമായി ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ മറവിൽ വിദേശയാത്ര നടത്തിയാണ് സ്വർണവും കഞ്ചാവും കടത്തുന്നത്. മലേഷ്യ, സിങ്കപ്പൂർ, ദുബൈ, ബാങ്കോക് എന്നിവിടങ്ങളിൽ സന്ദർശിച്ചതിന്റെ രേഖകളുമുണ്ട്.
ചെന്നൈയിൽ എത്തിക്കുന്ന കഞ്ചാവ് നേരത്തേ കേസിൽ പിടിയിലായ ഭാര്യ തസ്ലീമ സുൽത്താന (ക്രിസ്റ്റീന -41) വഴിയാണ് വിതരണം നടത്തിയത്. പ്രതികളുടെ വാട്സ്ആപ് ചാറ്റുകളും ഫോണുകളും പരിശോധിച്ചതിൽ സിനിമ മേഖലയിലേക്കും അന്വേഷണമുണ്ടാകും.
ഒന്നാംപ്രതി തസ്ലീമക്ക് സ്ഥിരമായി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തബന്ധമുണ്ട്. തസ്ലീമയുമായി പെൺവാണിഭ സംഘങ്ങളിലെ അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്. ഓമനപ്പുഴയിലെ സ്വകാര്യറിസോർട്ടിൽ ആലപ്പുഴയിലെ ഇടപാടുകാർക്കായി എത്തിച്ച മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.