ഹൈബ്രിഡ് കഞ്ചാവ് കടത്ത്; പ്രതികളെ നാലുദിവസത്തേക്ക് എക്സൈസ് കസ്റ്റഡിയിൽ വിട്ടു
text_fieldsമുഖ്യപ്രതി തസ്ലീമ സുൽത്താനയെ ആലപ്പുഴയിലെ കോടതിയിൽ എത്തിച്ചപ്പോൾ
ആലപ്പുഴ: രണ്ടുകോടി രൂപ വിലമതിക്കുന്ന മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവ് കടത്ത് കേസിലെ പ്രതികളെ നാലുദിവസത്തേക്ക് എക്സൈസ് കസ്റ്റഡിയിൽ വിട്ടു. മുഖ്യസൂത്രധാരൻ ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43), ഭാര്യയും മുഖ്യപ്രതിയുമായ തസ്ലീമ സുൽത്താന (ക്രിസ്റ്റീന -41), ഇവരുടെ കൂട്ടാളി മണ്ണഞ്ചേരി സ്വദേശി കെ. ഫിറോസ് (26) എന്നിവരെയാണ് ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി-രണ്ട് ജഡ്ജ് എസ്. ഭാരതി 24 വരെ കസ്റ്റഡിയിൽ വിട്ടത്.
പ്രതികളായ ഫിറോസിനെയും സുൽത്താൻ അക്ബർ അലിയെയും ആലപ്പുഴയിലെ കോടതിയിൽ ഹാജരാക്കിയപ്പോൾ
റിമാൻഡിലായിരുന്ന സുൽത്താൻ അക്ബർ അലിയെയും ഫിറോസിനെയും തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയിരുന്നു. തസ്ലീമയെ വൈകീട്ട് 3.22നാണ് കോടതിയിൽ എത്തിച്ചത്. സുൽത്താൻ അക്ബർ അലിക്ക് കേസിൽ ബന്ധമില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഒന്നാം പ്രതിയുടെ ഭർത്താവാണെന്നതിനാൽ മാത്രം തെളിവുകൾ ഇല്ലാതെയാണ് പ്രതിയാക്കിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചെങ്കിലും ഒന്നാം പ്രതിയെ കോടതിയിൽ എത്തിക്കാൻ വൈകിയത് കാരണം കസ്റ്റഡി സമയം കുറയുന്നതു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് 24 വൈകീട്ട് നാലുവരെ കസ്റ്റഡി അനുവദിച്ചത്. ഹൈകോടതിയിൽനിന്നുള്ള അഭിഭാഷകൻ തസ്ലീമക്കും ഫിറോസിനും വേണ്ടി വക്കാലത്ത് നൽകിയിരുന്നു. എന്നാൽ, ഇയാൾക്ക് വക്കാലത്ത് നൽകുന്നില്ലെന്ന് പ്രതികൾ അറിയിച്ചു.
രണ്ടാം പ്രതിക്കായി ആലപ്പുഴയിലെ അഭിഭാഷക ഹാജരായി. ഒന്നാം പ്രതിക്കായി ഹൈകോടതിയിൽ നിന്നുള്ള മറ്റൊരു അഭിഭാഷകൻ വിഡിയോ കോൺഫറൻസിങ് വഴി ഹാജരായി. എന്നാൽ, ഇയാൾ വക്കാലത്ത് സമർപ്പിക്കാത്തതിനാൽ വാദിക്കാൻ അനുവദിച്ചില്ല. തസ്ലിമയുടെയും അക്ബർ അലിയുടെയും മക്കളും കോടതിയിൽ എത്തിയിരുന്നു.