കുട്ടനാട്ടിൽ വട്ടമിട്ട് അനധികൃത ഡ്രോണുകൾ
text_fieldsഅമ്പലപ്പുഴ: അനുമതിയില്ലാതെ വിദേശനിർമിത അനധികൃത ഡ്രോണുകൾ കുട്ടനാടൻ പാടശേഖരങ്ങളുടെ മുകളിൽ വട്ടമിട്ട് പറക്കുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുറക്കാട് കൃഷിഭവന്റെ പരിധിയില്‍ കൊച്ചുപുത്തന്കരി പാടശേഖരത്തില്‍ വിത്ത് വിതക്കുന്നതിനിടെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി അമ്പലപ്പുഴ പൊലീസിന് കൈമാറിയെങ്കിലും രാഷ്ട്രീയ ഇടപെടലിൽ ഡ്രോൺ വിട്ടുകൊടുത്തു. ഇത് വിമർശനങ്ങൾക്ക് വഴിയൊരുക്കി. പാടശേഖരങ്ങളിൽ വിത്ത് വിതക്കാനും വളമിടാനും മരുന്ന് തളിക്കാനും ഡ്രോണുകളാണ് ഉപയോഗിച്ച് വരുന്നത്. രാജ്യസുരക്ഷയുടെ ഭാഗമായി വിദേശനിർമിത ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നത് 2022 ൽ കേന്ദ്രസർക്കാർ നിരോധിച്ചതാണ്.
എന്നാൽ ചൈനയിൽ നിന്നും സ്പെയറുകൾ ഇറക്കുമതി ചെയ്ത് ബംഗളൂരുവിൽ അസംബ്ലി ചെയ്ത നാല് ഡ്രോണുകൾ കോട്ടയം ആലപ്പുഴ ജില്ലകളിൽ പ്രവർത്തിച്ച് വരുന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരമുള്ള ഡ്രോണുകൾ മാത്രമാണ് ഇവിടെ പ്രവർത്തിപ്പിക്കാൻ അനുമതിയുള്ളത്. ഇത് പ്രവർത്തിപ്പിക്കുന്ന ഓപ്പറേറ്റർമാർക്ക് ഡ്രോൺ പൈലറ്റ് ട്രെയിനിങ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇന്റർനെറ്റ് ഉപയോഗിച്ചാണ് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നത്. ഇതിലെ യൂനിക്ക് ഐഡന്റിഫിക്കേഷൻ നമ്പരുകൾ ഉപയോഗിച്ച് ഡ്രോണുകളുടെ ഉടമസ്ഥാവകാശം കണ്ടെത്താൻ പൊലീസിന് കഴിയും. എന്നാൽ അംഗീകാരമില്ലാത്ത ഡ്രോണുകൾക്ക് യൂനിക്ക് ഐഡന്റിഫിക്കേഷൻ നമ്പരുകൾ ലഭിക്കാത്തതിനാൽ ഉടമസ്ഥാവകാശം പൊലീസിനും മറ്റും ശേഖരിക്കാൻ കഴിയില്ല.
പ്രദേശത്തിന്റെ ഭൂപ്രകൃതിയും മറ്റ് വിവരങ്ങളും സർവറുകളിൽ അപ്ലോഡ് ചെയ്തതിന് ശേഷമേ ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ കഴിയുകയുളളു. അനധികൃത ഡ്രോണുകളുടെ സർവറുകൾ ചൈന കേന്ദ്രീകരിച്ചാണ്. അങ്ങനെ അവിടെയുള്ള സർവറിൽ നിന്നും ഡ്രോൺ പ്രവർത്തിക്കുന്ന പ്രദേശത്തെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയെടുക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലാണ് കേന്ദ്ര സർക്കാർ വിദേശനിർമിത ഡ്രോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചത്. ഇന്ത്യൻ നിർമിത ഡ്രോണുകൾക്ക് പത്ത് കിലോ ഭാരം വരെയെ വഹിക്കാനാകൂ. വിദേശ നിർമിത ഡ്രോണുകൾക്ക് 50 കിലോ വഹിക്കാന്‍ കഴിയും.
അതുകൊണ്ട് കർഷകർക്ക് താൽപര്യം കൂടുതൽ ഭാരം വഹിക്കുന്ന ഡ്രോണുകളെയാണ്. ഇത് മുതലെടുത്താണ് ചില സ്വകാര്യ വ്യക്തികൾ ചൈന നിർമിത ഡ്രോണുകൾ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ഡി.ജെ എന്ന കമ്പനിയുടെ ഡ്രോണാണ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ രഹസ്യാന്വേഷണവിഭാഗം പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. തൊട്ടടുത്ത ദിവസങ്ങളിലും ഇതേ ഡ്രോൺ പാടശേഖരങ്ങളിൽ പ്രവർത്തിപ്പിച്ചിരുന്നു. അനധികൃത ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ വ്യാപകപരാതിയുണ്ടെങ്കിലും നടപടിയെടുക്കാൻ അധികൃതർ തയാറാകുന്നില്ല.