ഇഷാസ്: കൺമഷിയിൽ തുടങ്ങി മിെല്ലറ്റിൽ എത്തിനിൽക്കുന്ന വിജയഗാഥ
text_fieldsഹരിപ്പാട്: ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ 2021ൽ ഒരു മാതാവിന്റെ സ്നേഹത്തിൽ നിന്ന് പിറന്ന ‘ഇഷാസ് ബൈ ആൻഡ് സെൽ’ എന്ന കുടുംബശ്രീ സംരംഭം ഇന്ന് സംസ്ഥാനത്തെ കാർഷിക സംരംഭകത്വ രംഗത്തെ മാതൃകയാണ്. മകൾ ഇഷിതയ്ക്കായി മായമില്ലാത്ത കൺമഷി തയ്യാറാക്കിയ ചഞ്ചലയുടെ (39) ഉറച്ച തീരുമാനമാണ് ഈ വിജയഗാഥയുടെ തുടക്കം. കൃഷിവിജ്ഞാന കേന്ദ്രത്തിന്റെയും അവിടുത്തെ ജിസി ജോർജിന്റെ മാർഗനിർദേശത്തിന്റെയും പിന്തുണയോടെ, ഇഷാസ് ആലപ്പുഴയുടെ അഭിമാനമായി മാറി. കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നും ലഭിച്ച പരിശീലനവും കൃഷിവകുപ്പിന്റെ പിന്തുണയുമാണ് സാധ്യതകളുടെ വലിയ ലോകം ഇഷാസിന് തുറന്നു നൽകിയത്. മില്ലറ്റിന്റെ ആരോഗ്യവും രുചിയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പകർന്നുനൽകുന്ന വലിയ സംരംഭമായി ഇഷാസ് വളർന്നു കഴിഞ്ഞു.
ഒരു സ്നേഹത്തിന്റെ തുടക്കം
വിദേശത്ത് അധ്യാപികയായിരുന്ന ചഞ്ചലയും മെക്കാനിക്കായിരുന്ന ഭർത്താവ് പ്രതാപനും 2020-ൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നാട്ടിലെത്തി. വീടിന്റെ വാസ്തുബലിക്ക് എത്തിയതാണെങ്കിലും മടങ്ങിപ്പോകാൻ കഴിഞ്ഞില്ല. ഗർഭിണിയായതോടെ ചഞ്ചല നാട്ടിൽ സ്ഥിരതാമസമാക്കി. മകൾ ഇഷിതയ്ക്ക് മൂന്ന് മാസം പ്രായമായപ്പോൾ, മായമില്ലാത്ത ഒരു കൺമഷി ഒരുക്കാനുള്ള ചഞ്ചലയുടെ നിർബന്ധം ‘ഇഷാസി’ന്റെ ജനനത്തിന് വഴിയൊരുക്കിയത്. ഔഷധച്ചെടികളുടെ ഇലകൾ, ആവണക്കെണ്ണ, ആൽമണ്ട് ഓയിൽ, തേനീച്ച മെഴുക് എന്നിവ ചേർത്ത് തയ്യാറാക്കിയ കൺമഷി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകിയപ്പോൾ മികച്ച പ്രതികരണം ലഭിച്ചു. 120 രൂപ വിലയുള്ള ഈ ഉൽപ്പന്നം കുടുംബശ്രീയുടെ ഓൺലൈൻ, ഹോം ഷോപ്പി, കടകൾ എന്നിവ വഴി വിപണിയിലെത്തി, ഇന്ന് മാസം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വിറ്റുവരവ് നേടുന്നു.
മില്ലറ്റ് (ചെറുധാന്യം) കഫെ: ആരോഗ്യത്തിന്റെ പുതിയ ശീലം
കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെ ‘ഓരോ ജില്ലയ്ക്കും ഒരു മില്ലറ്റ് കഫെ എന്ന സ്വപ്ന പദ്ധതിയിലൂടെ ആലപ്പുഴയിലെ ഏക മില്ലറ്റ് കഫെ ഇഷാസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ദേവികുളങ്ങര കൃഷിഭവന്റെ പിന്തുണയിലും പ്രോത്സാഹനത്തിലുമാണ് മില്ലറ്റ് കഫെ ലഭിച്ചത്. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദാണ് ഉദ്ഘാടനം നിർവഹിച്ചത്. ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയായ കായംകുളത്തിന് പടിഞ്ഞാറുള്ള കൂട്ടും വാതുക്കൽ പാലത്തിന്റെ കിഴക്കേക്കരയിൽ പ്രവർത്തിക്കുന്ന മില്ലറ്റ് കഫെ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്.
ജിസി ജോർജിന്റെ മാർഗനിർദേശത്തിൽ തയാറാക്കിയ മണിച്ചോളം പുട്ട്, റാഗി ഇഡലി, മില്ലറ്റ് പായസം, വരക് നെയ് റോസ്റ്റ്, ചാമയരി ഇഡലി, മില്ലറ്റ് ഐസ്ക്രീം, സ്മൂത്തി തുടങ്ങിയ വിഭവങ്ങൾ കഫെയിൽ ആസ്വാദ്യമാണ്. 2024 ജൂൺ മുതൽ 2025 ഓഗസ്റ്റ് വരെ 1535 കിലോ മില്ലറ്റ് ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു. ഈ വിഭവങ്ങൾ ആരോഗ്യപ്രദവും രുചികരവുമായതിനാൽ വൻ ജനപ്രീതി നേടി. പ്രശാന്ത്, ചിന്നു, ശരണ്യ, അനീഷ് എന്നിവരും മില്ലറ്റ് കഫയുടെ പ്രവർത്തനത്തിൽ സജീവ പങ്കാളികളാണ്.
വെല്ലുവിളികളെ തോൽപിച്ച വിജയം
ഇഷാസിന്റെ യാത്ര എളുപ്പമായിരുന്നില്ല. തുടക്കത്തിൽ സാമ്പത്തിക പ്രതിസന്ധിയും കണ്ണങ്കായ പോലുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വലിയ വെല്ലുവിളികളായി. ആലപ്പുഴ കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഇൻകുബേഷൻ സെന്റർ ഈ പ്രതിസന്ധികൾ മറികടക്കാൻ നിർണായക പിന്തുണ നൽകി. അസംസ്കൃത വസ്തുക്കളുടെ ക്ഷാമം പരിഹരിക്കാൻ കൃഷിഭവനുമായി ചേർന്ന് കൃഷിക്കൂട്ടം രൂപവത്കരിച്ചു. ഇന്ന് എട്ട് പഞ്ചായത്തുകളിലെ കർഷകരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നു. ഇത് പ്രാദേശിക കർഷകർക്കും വരുമാനമാർഗമായി.
വിപുലമായ ഉൽപന്നനിരയും സംരംഭകത്വവും
കൺമഷിയിൽ തുടങ്ങിയ ഇഷാസ് ഇന്ന് വൈവിധ്യമാർന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിര പുറത്തിറക്കുന്നു. ഔഷധ ഉമിക്കരി, തേനീച്ച മെഴുക് ബാം, നെല്ലിക്ക മിഠായി, നാളികേര സർബത്ത്, കസ്തൂരി മഞ്ഞൾ, കണ്ണങ്കായ പൊടി, ഡയബറ്റിക് മില്ലറ്റ് കഞ്ഞിക്കൂട്ട് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കുടുംബശ്രീ രജിസ്ട്രേഷനോടെ നിർമിക്കുന്ന ഈ ഉൽപ്പന്നങ്ങൾ ഗുണനിലവാരത്തിന്റെ കാര്യത്തിൽ വിശ്വസനീയമാണ്. അഞ്ച് സ്ഥിരം ജീവനക്കാരും മൂന്ന് താൽക്കാലിക ജീവനക്കാരും ഇഷാസിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നു. വിദേശ ജോലി ഉപേക്ഷിച്ച പ്രതാപൻ ഇന്ന് ഇഷാസിന്റെ മേൽനോട്ടം വഹിക്കുന്നു. ചഞ്ചല എക്സ്പോർട്ടിങ് ലൈസൻസ് നേടാനുള്ള ശ്രമത്തിലാണ്.
കൃഷിക്കൂട്ടത്തിലൂടെ പ്രാദേശിക കർഷകരുമായുള്ള സഹകരണം ഇഷാസിന്റെ വിജയത്തിന് മാത്രമല്ല, കർഷക സമൂഹത്തിന്റെ ഉന്നമനത്തിനും വഴിയൊരുക്കി. കൃഷിയിലൂന്നിയ സംരംഭകത്വത്തിന്റെയും സമൂഹത്തിന്റെ കൂട്ടായ്മയുടെയും മാതൃകയായി ഇഷാസ് മാറിയിരിക്കുന്നു. ഇഷാസ് ആലപ്പുഴയുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ അഭിമാനമായി തിളങ്ങുന്നു. ഇഷാസിന്റെ നന്മയും രുചിയും നിറഞ്ഞ ഉൽപ്പന്നങ്ങൾ ഇനി വിദേശ വിപണികളിലേക്കും വ്യാപിക്കാനുള്ള പുറപ്പാടിലാണ് പിന്നണി പ്രവർത്തകർ.


