അബ്കാരി കേസുകളിലെ പ്രതി മദ്യവിൽപനക്ക് അറസ്റ്റിൽ
text_fieldsഅനിൽകുമാർ
കായംകുളം: മദ്യവില്പന നടത്തിയ നിരവധി അബ്കാരി കേസുകളിലെ പ്രതിയെ എക്സൈസ് അറസ്റ്റു ചെയ്തു. പത്തിയൂർ കിഴക്കുമുറിയിൽ വ്യാസമന്ദിരം വീട്ടിൽ അനിക്കുട്ടൻ എന്ന അനിൽകുമാറിനെയാണ് (52) ഓണം സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് വിൽപനക്ക് സൂക്ഷിച്ച രണ്ട് ലിറ്ററോളം മദ്യം കസ്റ്റഡിയിലെടുത്തു.
നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ് അനിൽകുമാർ. പരിശോധനക്ക് ഉദ്യോഗസ്ഥർ എത്തുന്നത് നിരീക്ഷിക്കുന്നതിന് പലഭാഗത്തും ആളിനെ നിർത്തിയ ശേഷമാണ് ഇയാൾ മദ്യ വില്പന നടത്തിയിരുന്നത്. ഒരു മാസമായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫിസർമാരായ ദീപു, രഞ്ജിത്ത് നന്ദഗോപാൽ, വനിത സിവിൽ എക്സൈസ് ഓഫിസർ സവിത നായർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.