നഗരസഭ ശതാബ്ദി സ്മാരക കവാട നിർമാണത്തിൽ വിവാദം
text_fieldsകായംകുളം: നഗരസഭയിൽ ശതാബ്ദി സ്മാരക കവാടം നിർമിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം. ശിലാസ്ഥാപനത്തിന് പിന്നാലെയാണ് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നത്. അഡ്വ. യു. പ്രതിഭ എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു. ചെയർപേഴ്സൻ പി. ശശികല അധ്യക്ഷത വഹിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ സ്മാരകം എന്ന നിലയിലാണ് കവാട നിർമാണമെന്ന് ചെയർപേഴ്സൻ പറഞ്ഞു. എന്നാൽ കാലപ്പഴക്കത്താൽ ജീർണിച്ച കെട്ടിടം പൊളിച്ചു പണിയേണ്ട സാഹചര്യത്തിൽ മുൻവശത്ത് കവാടം സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് പറഞ്ഞു.
കെട്ടിടത്തിന് 56 വർഷത്തെ പഴക്കമുണ്ട്. ജീർണിച്ച കെട്ടിടത്തിൽ അമൃത പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം രൂപ ചെലവഴിച്ച് കാര്യമായ യാതൊരു അറ്റകുറ്റപ്പണിയും നടത്താതെ പുറംമോടി പിടിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മുടക്കിയ പണം മുഴുവൻ പാഴായ അവസ്ഥയിലാണ്.ലക്ഷങ്ങൾ മുടക്കി നിർമിച്ച കൗൺസിൽ ഹാൾ പഴയ സാധനസാമഗ്രികൾ തള്ളുന്ന മുറിയായി മാറി. ഇവിടേക്ക് എത്താൻ നിർമിച്ച ലിഫ്റ്റ് കാഴ്ചവസ്തുവാണ്. ഇതിന്റെ മുന്നിലാണ് പുതിയ കവാടനിർമാണം. 100 വർഷം പാരമ്പര്യമുളള നഗരത്തിൽ ഒരു മൂത്രപ്പുര പോലും നിർമിക്കുവാൻ നഗര ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ശതാബ്ദി സ്മാരക കവാട നിർമാണം എന്ന ധൂർത്ത് പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകണമെന്നും യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എ. ഇർഷാദും കൺവീനർ എ.എം. കബീറും ആവശ്യപ്പെട്ടു.
കവാടം പണിയുവാനുള്ള നഗരസഭ നീക്കം ഉപേക്ഷിക്കണമെന്ന് ബ്ലോക് കോൺഗ്രസ് പ്രസിഡന്റുമാരായ ടി. സൈനുലാബ്ദീൻ, ചിറപ്പുറത്ത് മുരളി എന്നിവർ ആവശ്യപ്പെട്ടു. മാലിന്യ നിർമാർജനത്തിനും വികസന പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകാതെയും സാമ്പത്തിക അച്ചടക്കം പാലിക്കാതെയും നഗരസഭ നടത്തുന്ന നിർമ്മാണ പ്രവർത്തനം അനാവശ്യമാണെന്ന് ഇവർ പറഞ്ഞു.