സമ്മേളന കാലത്ത് സി.പി.എം പ്രവേശനത്തിൽ കല്ലുകടി: മാലയിട്ട് സ്വീകരിച്ചയാൾ നിമിഷങ്ങൾക്കകം മടങ്ങി
text_fieldsകായംകുളം: ലോക്കൽ കമ്മിറ്റി അംഗം ബി.ജെ.പിയിൽ പോയതിന്റെ ക്ഷീണം മാറ്റാനായി പാർട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ച കോൺഗ്രസ് നേതാവ് നിമിഷങ്ങൾക്കകം മടങ്ങിയത് സി.പി.എമ്മിന് തിരിച്ചടിയായി. പത്തിയൂർ പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് പ്രവർത്തകയുമായ ഉഷാകുമാരിയുടെ മടങ്ങിപ്പോക്കാണ് സമ്മേളനകാലത്ത് സി.പി.എമ്മിന് കല്ലുകടിയായത്.
കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സക്കീർ ഹുസൈൻ ബി.ജെ.പിയിൽ പോയതിന്റെ ക്ഷീണം മാറ്റാനായി നടത്തിയ നീക്കം പാളിയത് പാർട്ടി അണികളിലും ചർച്ചയാകുകയാണ്. പത്തിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുൻ അംഗവും കോൺഗ്രസ് നേതാവുമായ ഉഷാകുമാരി, പ്രവർത്തക കാഞ്ചന, ഏഴാം വാർഡിലെ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ജയപാലൻ, ജഗദമ്മ , ബൂത്ത് ഭാരവാഹി സുജിത്ത് അടക്കം നിരവധി പേരെ എസ്. വാസുദേവൻ പിള്ള രക്തസാക്ഷി നഗറിൽ നടന്ന ചടങ്ങിലാണ് മാലയിട്ട് സ്വീകരിച്ചത്.
വിവിധ പാർട്ടികളിൽ നിന്നുള്ളവരുടെ സി.പി.എം പ്രവേശം സമൂഹ മാധ്യമങ്ങളിൽ അരങ്ങ് തകർക്കുന്നതിനിടെയാണ് തന്നെ ചതിച്ചുവെന്ന പ്രഖ്യാപനവുമായി ഉഷാകുമാരി രംഗത്ത് വരുന്നത്.
തൊഴിലുറപ്പ് യോഗത്തിനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിളിച്ചു കൊണ്ട് പോയതെന്നാണ് ഇവർ പറയുന്നത്. സംഭവത്തിൽ തിരിച്ചടി നേരിട്ടതോടെ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.