എരുവയിൽ ഉത്സവ സ്ഥലത്ത് ആക്രമണം; രണ്ടുപേർക്ക് വെട്ടേറ്റു
text_fieldsകാക്കനാട് ആക്രമണം നടന്ന സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തുന്നു
കായംകുളം: എരുവ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർക്ക് വെട്ടേറ്റു. പത്തിയൂർ സ്വദേശി ബിനു (26), ഐക്യ ജങ്ഷൻ സ്വദേശി സുജിത്ത് (25) എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കാക്കനാട് ജങ്ഷന് സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
പത്തിയൂർ സ്വദേശികളായ ബൈജു, രാഹുൽ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സംഘത്തിൽ ഉൾപ്പെട്ട ചിലർ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. ഉത്സവ സ്ഥലത്ത് വിഷ്ണുവും സുജിത്തും തമ്മിലുണ്ടായ കൈയാങ്കളിയുടെ തുടർച്ചയാണ് ആക്രമണമെന്ന് പറയുന്നു. പ്രശ്നം ഒത്തുതീർപ്പാക്കാൻ സുജിത്തിനെയും ബിനുവിനെയും വിളിച്ചുവരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്.
തുടർന്ന് സുജിത്തിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ബിനുവിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ക്ഷേത്ര കമ്മിറ്റി അംഗമായ വിജയന് ഉത്സവത്തിനിടെ മർദനമേറ്റതാണ് പ്രശ്നങ്ങൾക്ക് കാരണം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.