സ്വകാര്യ സ്കൂളുകളിൽ എല്ലാ വിദ്യാർഥികൾക്കും യൂണിഫോം, സർക്കാർ സ്കൂളുകളിൽ മേൽത്തട്ടിലെ ആൺകുട്ടികൾക്ക് മാത്രം; വിവേചനം വിവാദത്തിൽ
text_fieldsകായംകുളം: പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂൾ വിദ്യാർഥികൾക്കുള്ള യൂണിഫോം വിതരണത്തിലെ ഇരട്ട സമീപനം വിവാദമാകുന്നു. എയ്ഡഡ് സ്കൂളുകളിലെ എല്ലാവിഭാഗം വിദ്യാർഥികൾക്കും യൂണിഫോം നൽകുമ്പോൾ സർക്കാർ സ്കൂളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നിഷേധിക്കുന്നതാണ് ചർച്ചയാകുന്നത്. എയ്ഡഡ് മേഖലയിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും യൂണിഫോമിനായി 600 രൂപയാണ് സർക്കാർ സഹായമായി നൽകുന്നത്.
എന്നാൽ സർക്കാർ സ്കൂളുകളിൽ എ.പി.എൽ വിഭാഗം ആൺകുട്ടികൾക്ക് മാത്രമാണ് ഇപ്പോൾ സഹായമുള്ളത്. സർക്കാർ സ്കൂളുകളിലെ പെൺകുട്ടികളും പട്ടികജാതി -പിന്നാക്ക വിഭാഗങ്ങളിലെ ആൺകുട്ടികളും സഹായത്തിൽ നിന്നും പൂർണമായി പുറത്തായി. എ.പി.എൽ വിഭാഗത്തിനുള്ള യൂണിഫോം ഫണ്ട് സർക്കാർ സ്കൂളുകളിൽ എത്തിയതോടെ ഇവർക്ക് മാത്രമായി എങ്ങനെ വിതരണം ചെയ്യുമെന്ന ആശങ്കയിലാണ് അധ്യാപകർ. എയ്ഡഡ് സ്കൂളിലെ എല്ലാ കുട്ടികൾക്കും യൂണിഫോം സൗജന്യമായി ലഭിക്കുകയും സർക്കാർ സ്കൂളിലെ കുട്ടികൾക്ക് നിഷേധിക്കപ്പെടുകയും ചെയ്യുന്നത് പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. എയ്ഡഡ് മേഖലയോട് പൊരുതി പിടിച്ചുനിൽക്കുന്ന സർക്കാർ സ്കൂളുകളുടെ നിലനിൽപ്പിനെ ഇത് ബാധിക്കുമെന്നതാണ് കാരണം.
സാമ്പത്തികമായി വളരെയധികം പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് സർക്കാർ സ്കൂളുകളിൽ കൂടുതലായി പ്രവേശനം നേടുന്നത്. വിവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്താണ് ഇവരെ ആകർഷിക്കുന്നത്. ഈ പശ്ചാത്തലത്തിൽ യൂണിഫോം പോലും നൽകാൻ കഴിയാത്തത് പ്രവേശനത്തെ ബാധിക്കുമെന്ന് സർക്കാർ അധ്യാപകർ പറയുന്നു.
സർക്കാർ സ്കൂളുകളിലെ എല്ലാ പെൺകുട്ടികൾക്കും ബി.പി.എൽ-പട്ടികജാതി വിഭാഗം ആൺകുട്ടികൾക്കുമുള്ള യൂണിഫോം സഹായം സമഗ്ര ശിക്ഷ കേരള വഴിയാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇവരിത് നൽകുന്നില്ല. മെയിന്റനൻസ് ഗ്രാൻറും നിലച്ചിരിക്കുകയാണ്. എസ്.എസ്.കെ ഈ പദ്ധതി നടപ്പാക്കിയപ്പോഴാണ് എയ്ഡഡ് മേഖലയിലെ മുഴുവൻ കുട്ടികൾക്കും സർക്കാർ സ്കൂളുകളിലെ എ.പി.എൽ വിഭാഗത്തിനും യൂണിഫോം സഹായം നൽകുന്ന പദ്ധതി സംസ്ഥാന സർക്കാരും നടപ്പാക്കിയത്. എസ്.എസ്.കെ പദ്ധതി ഒഴിവാക്കിയപ്പോൾ ഫണ്ട് വിതരണം സർക്കാരും നിർത്തിവെച്ചിരുന്നു. എന്നാൽ ഈ വർഷം ഫണ്ട് വിതരണം പുനരാരംഭിച്ചപ്പോഴാണ് പ്രശ്നമായത്.
പാവപ്പെട്ടവരെ ഒഴിവാക്കിയുള്ള വിതരണത്തിലെ സാങ്കേതിക പ്രശ്നങ്ങൾ രക്ഷാകർത്താക്കളും കുട്ടികളും എങ്ങനെ ഉൾക്കൊള്ളുമെന്ന ചർച്ചയാണ് അധ്യാപക സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ നിറയുന്നത്. വിവേചനം ഒഴിവാക്കിയുള്ള അടിയന്തിര പരിഹാര മാർഗങ്ങളുണ്ടാകണമെന്നാണ് ആവശ്യം.