കൃഷ്ണപുരത്ത് ബി.ജെ.പി പിന്തുണയിൽ കോൺഗ്രസ് നേതാവ് സ്ഥിരംസമിതി അധ്യക്ഷ
text_fieldsകൃഷ്ണപുരം പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി
അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ്
രാധാമണി രാജന് ബി.ജെ.പി അംഗങ്ങൾ നൽകിയ സ്വീകരണം
കായംകുളം: കൃഷ്ണപുരത്ത് ബി.ജെ.പി പിന്തുണയിൽ കോൺഗ്രസ് നേതാവ് സ്ഥിരംസമിതി അധ്യക്ഷയായത് വിവാദമാകുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റും മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായ രാധാമണി രാജനാണ് പാർട്ടി നിർദേശം ലംഘിച്ച് സ്ഥിരംസമിതി അധ്യക്ഷയായത്.
പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്ററും യു.ഡി.എഫ് സ്വതന്ത്രയുമായ റസീന ബദറിനെയാണ് സ്ഥാനത്തേക്ക് നേതൃത്വം നിർദേശിച്ചത്. എന്നാൽ, ഇതംഗീകരിക്കാതെ നേതൃത്വത്തെ ധിക്കരിച്ച് രാധാമണി മത്സരിക്കുകയായിരുന്നു. ഇവരെ ബി.ജെ.പിയിലെ ശരത് കുമാർ പാട്ടത്തിൽ പിന്തുണച്ചതാണ് തെരഞ്ഞെടുക്കപ്പെടാൻ സഹായിച്ചത്. നാലംഗ സമിതിയിൽ റസീനയും സി.പി.എമ്മിലെ എസ്. നസീമും മത്സരത്തിനുണ്ടായിരുന്നു.
തുടർന്ന് ബി.ജെ.പിയുടെ പഞ്ചായത്ത് അംഗങ്ങൾ നൽകിയ സ്വീകരണം ഇവർ ഏറ്റുവാങ്ങിയതോടെ പാർട്ടി നേതൃത്വം വെട്ടിലായി. ഇതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ മറുപടിയില്ലാതെ നേതൃത്വം പ്രതിരോധത്തിലായി.
നിലവിൽ അധ്യക്ഷനായിരുന്ന ശ്രീഹരി കോട്ടിരേത്ത് പ്രസിഡന്റായതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. രാധാമണി രാജൻ ഒഴിഞ്ഞപ്പോഴാണ് ശ്രീഹരിയെ പരിഗണിച്ചത്. തുടക്കത്തിൽ വൈസ് പ്രസിഡന്റായിരുന്ന റസീന ധാരണയനുസരിച്ച് രാജിവെച്ചപ്പോൾ ഒഴിവ് വരുന്ന സമയത്ത് സ്ഥിരംസമിതി അധ്യക്ഷയാക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ ധാരണ ലംഘിക്കപ്പെട്ടതും കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി.
അതേസമയം, പഞ്ചായത്തിൽ നിലനിൽക്കുന്ന അവിശുദ്ധ രാഷ്ട്രീയ കൂട്ടുക്കെട്ടിന്റെ അണിയറ നീക്കമാണ് റസീനയുടെ പരാജയത്തിന് കാരണമെന്ന് സംസാരമുണ്ട്.