യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടയാൾക്ക് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാർ
text_fieldsകെ.എസ്.ആർ.ടി.സി ബസിൽ നെഞ്ചുവേദന അനുഭവപ്പെട്ട മോഹൻദാസിനെ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചപ്പോൾ
കായംകുളം: ബസിൽ യാത്ര ചെയ്യവേ നെഞ്ചുവേദന അനുഭവപ്പെട്ടയാൾക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അവസരോചിത ഇടപെടൽ രക്ഷയായി. കൊല്ലത്തുനിന്ന് കായംകുളം ഭാഗത്തേക്ക് വരുകയായിരുന്ന ബസിലെ യാത്രക്കാരനായിരുന്ന കാർത്തികപ്പള്ളി സ്വദേശി മോഹൻദാസിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ബുധനാഴ്ച രാവിലെ 7.45ഓടെയായിരുന്നു സംഭവം.
വിഴിഞ്ഞത്തുനിന്ന് കായംകുളത്തേക്ക് വരുകയായിരുന്ന ബസിന്റെ മുൻഭാഗത്തിരുന്ന മോഹൻദാസിന് ഓച്ചിറ പിന്നിട്ടപ്പോഴായിരുന്നു അസ്വസ്ഥത അനുഭവപ്പട്ടത്. വിവരം കണ്ടക്ടർ വി.എസ്. രതീഷനോട് പറഞ്ഞതാണ് രക്ഷയായത്.
വിവരം കേട്ട ഡ്രൈവർ ആർ. രതീഷും ഇതോടെ അലർട്ടായി. തുടർന്ന് കെ.പി.എ.സിക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഡോക്ടർ ഇല്ലാതിരുന്നത് തടസ്സമായി. ഇതോടെയാണ് എങ്ങും നിർത്താതെ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് അതിവേഗത്തിൽ എത്തിച്ചത്. യഥാസമയം പരിചരണം ലഭിച്ച മോഹൻദാസ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.


