പത്തിയൂരിൽ സി.പി.എമ്മിൽ ‘വിഭാഗീയത’ വില്ലനാകുമോ
text_fieldsകായംകുളം: ഇടതുകോട്ടയായ പത്തിയൂരിൽ സി.പി.എമ്മിലെ ‘വിഭാഗീയതയിലാണ്’ യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും പ്രതീക്ഷ. ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റമാണ് ബി.ജെ.പി പ്രതീക്ഷക്ക് കാരണമാകുന്നത്. എന്നാൽ, സ്ഥാനാർഥികളെ നേരത്തേ കളത്തിലിറക്കിയ കോൺഗ്രസ് പിടിമുറുക്കുകയാണ്.
പഞ്ചായത്ത് രൂപവത്കരണ കാലം മുതൽ ഇടതോരം ചേർന്നുനിന്ന പത്തിയൂരിൽ പാർലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടി സി.പി.എമ്മിനെ ഭയപ്പെടുത്തുകയാണ്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം ഏരിയ സെന്റർ അംഗവുമായിരുന്ന ബിബിൻ സി. ബാബു ബി.ജെ.പിയിലേക്ക് പോയത് പാർട്ടിക്ക് കനത്ത ആഘാതമായിരുന്നു. ഇദ്ദേഹത്തിന്റെ മാതാവും ദീർഘകാലം പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ.എൽ. പ്രസന്നകുമാരി മകനെ പിന്തുണച്ച് രാഷ്ട്രീയം അവസാനിപ്പിച്ചതും ചർച്ചയായിരുന്നു. വീഴ്ചകൾ പരിഹരിക്കുന്നതിൽ സി.പി.എം നേതൃത്വം കടുത്ത വീഴ്ച വരുത്തുകയാണെന്നാണ് അണികളുടെ ആക്ഷേപം.
പ്രസിഡന്റ് സ്ഥാനം ജനറലായതോടെ ഇതിൽ കണ്ണുനട്ട നേതാക്കളുടെ ഇടപെടലാണ് സ്ഥാനാർഥിത്വം വൈകുന്നതിന് കാരണമെന്നാണ് ആക്ഷേപം. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് ശക്തികേന്ദ്രത്തിൽ വോട്ട് ചോർച്ചക്ക് കാരണമാകുന്നത്. സ്വതന്ത്രനെ പിന്തുണച്ച ഡി.വൈ.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗമായിരുന്ന കൈലാസപുരം വൃന്ദാക്ഷന്റെ സാമൂഹമാധ്യമ കുറിപ്പും ചർച്ചയാകുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ട് വർധനയിൽ കണ്ണുവെച്ച് ചില വാർഡുകളിൽ വിജയിച്ചുകയറാൻ കഴിയുമോയെന്നതാണ് ബി.ജെ.പി നോക്കുന്നത്. എന്നാൽ, സി.പി.എമ്മിലെ സംഘടന ദൗർബല്യം മുതലെടുക്കാൻ കഴിയുന്ന തരത്തിലാണ് കോൺഗ്രസ് നീക്കം. അതേസമയം, വീഴ്ചകൾ തിരിച്ചറിഞ്ഞ സി.പി.എം വോട്ട് ചോർച്ച തടയാനുള്ള കരുതലുകൾ സ്വീകരിക്കുന്നുണ്ട്.


