കടന്നൽ കൂടിളകി തെങ്ങിൽ കുടുങ്ങി തൊഴിലാളി; രക്ഷകരായി അഗ്നിരക്ഷാസംഘം
text_fieldsകടന്നൽ അക്രമണത്തിൽ തെങ്ങിന് മുകളിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളിയെ അഗ്നിരക്ഷാ സംഘം രക്ഷപ്പെടുത്തുന്നു
കായംകുളം: കടന്നൽ ആക്രമണത്താൽ മരത്തിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളിക്ക് അഗ്നിരക്ഷാസംഘം രക്ഷകരായി. തേങ്ങയിടാൻ കയറിയ ചത്തിസ്ഗഢ് സ്വദേശി വിക്കിയാണ് (21) തെങ്ങിന് മുകളിൽ കുടുങ്ങിത്. ഞായറാഴ്ച രാവിലെ 10.30 ഓടെ കീരിക്കാട് തെക്ക് ഐക്യ ജങ്ഷന് സമീപം വെളുത്തേടത്ത് സന്തോഷ് കുമാറിന്റെ പുരയിടത്തിലായിരുന്നു സംഭവം. തെങ്ങിലേക്ക് കയറുന്നതിനിടെ കടന്നൽകൂട് കെട്ടിയിരുന്ന പൊത്തിൽ തട്ടിയതാണ് പ്രശ്നമായത്.
കടന്നൽ ഇളകിയതോടെ താഴേക്ക് ഇറങ്ങാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാസംഘം വേഗത്തിൽ സ്ഥലത്തെത്തി. അമുകളിലേക്ക് കയറിയ സേനാംഗങ്ങൾ ആദ്യം കടന്നൽ കൂട് കെട്ടിയ പൊത്ത് തുണി ഉപയോഗിച്ച് മൂടി കെട്ടി. തുടർന്ന് വെളിയിൽ ഉണ്ടായിരുന്ന കടന്നൽ കൂട്ടത്തെ കീടനാശിനി ഉപയോഗിച്ച് തുരത്തിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം. ലാഡറിലൂടെ തന്നെ സുരക്ഷിതമായി വിക്കിയെയും താഴെ എത്തിച്ചു. കടന്നൽ കുത്തേറ്റ ഇയാളെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷൻ ഓഫിസർ സജിത്ത് ലാലിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഷിജൂ ടി. സാമാണ് കടന്നൽ കൂട്ടത്തെ തുരത്തിയത്.