കായംകുളം കായലിൽ മണൽഖനനം; പ്രതിഷേധമുയർന്നതോടെ നിർത്തി
text_fieldsകായംകുളം കായലിൽ മണിവേലിക്കടവ് ഭാഗത്ത് ഡ്രഡ്ജിങ്ങിനായി ഒരുക്കിയ സംവിധാനങ്ങൾ
ആറാട്ടുപുഴ: ദേശീയപാത നിർമാണത്തിനായി കായംകുളം കായലിൽനിന്ന് മണലെടുക്കുന്നത് നാട്ടുകാരുടെ എതിർപ്പുമൂലം താൽക്കാലികമായി നിർത്തി. മണിവേലിക്കടവ് ഭാഗത്തായിരുന്നു ഡ്രഡ്ജിങ്ങിന് നീക്കം. ഡ്രഡ്ജിങ്ങിനെതിരെ കോൺഗ്രസും സി.പി.എമ്മും രംഗത്തുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഡ്രഡ്ജിങ് തുടങ്ങിയത്. തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തുകയായിരുന്നു.
പാരിസ്ഥിതിക ദുർബല പ്രദേശമായതിനാൽ മണിവേലിക്കടവ് ഭാഗത്തുനിന്ന് മണലെടുക്കാനുളള നീക്കം പൂർണമായും ഉപേക്ഷിക്കണമെന്നതായിരുന്നു ആവശ്യം. സി.പി.എം ആറാട്ടുപുഴ തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ശ്രീകൃഷ്ണൻ, കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. ബേബി, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടി.പി. അനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. അജിത, കോൺഗ്രസ് നേതാവ് എസ്. ആനന്ദൻ എന്നിവരും സമരക്കാർക്ക് പിന്തുണയുമായെത്തി. സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തീരുമാനം പിൻവലിക്കണം -രമേശ് ചെന്നിത്തല
ഹരിപ്പാട്: ദേശീയപാത നിർമാണത്തിനായി കായംകുളം കായലിലെ മണിവേലിക്കടവിലും കൊച്ചിയുടെ ജെട്ടി പ്രദേശങ്ങളിലും ഡ്രഡ്ജിങ് നടത്തി മണലൂറ്റ് നടത്താൻ ജില്ല ഭരണകൂടം ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. പാരിസ്ഥിതികലോല പ്രദേശങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ ഈ പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി മണൽ ഖനന അനുമതിയുമായി മുന്നോട്ടുപോയാൽ ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് എം.എൽ.എ മുന്നറിയിപ്പ് നൽകി.
ഡ്രഡ്ജിങ് അനുവദിക്കരുതെന്ന് പാർട്ടി കമ്മിറ്റിയിൽ ആവശ്യം
ആറാട്ടുപുഴ: ഡ്രഡ്ജിങ്ങിനെതിരെ ജനരോഷമുണ്ടായതോടെ സി.പി.എം ജില്ല കമ്മിറ്റിയുടെ നിർദേശപ്രകാരം കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. കാർത്തികപ്പളളി ഏരിയ സെക്രട്ടറി കെ. വിജയകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. ആറാട്ടുപുഴ തെക്ക്, വടക്ക് കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും ആറാട്ടുപുഴയിൽ നിന്നുളള ഏരിയ കമ്മിറ്റി അംഗങ്ങളുമാണ് ഇതിൽ പങ്കെടുത്തത്. ഡ്രഡ്ജിങ്ങിനെതിരെ ശക്തമായ പ്രതിഷേധമാണ് അധികപേരും ഉന്നയിച്ചത്. ജനാഭിപ്രായത്തിനെതിരെ നിന്നാൽ പാർട്ടിക്ക് ക്ഷീണം ഉണ്ടാകുമെന്നും അഭിപ്രായം ഉയർന്നു. കായംകുളം പൊഴിയിൽ ആഴംകൂട്ടി അങ്ങനെ എടുക്കുന്ന മണൽ ദേശീയപാതക്ക് ഉപയോഗപ്പെടുത്തണമെന്ന ബദൽ നിർദേശവും ഉയർന്നു.