ഇത് സസ്പെൻഷൻ കാലം
text_fieldsകായംകുളം: ഇവരിങ്ങനെ കടുംകൈ ചെയ്യുമെന്ന് കരുതിയില്ല. പ്രശ്നമാകുമെന്നറിയാമായിരുന്നു. പറഞ്ഞ് സമാധാനിപ്പിക്കാമെന്നാണ് കരുതിയത്. ഒന്നും ഏശിയില്ല. പിന്നെ ഇനിയിപ്പം പാർട്ടിയുടെ മാനംകാക്കാൻ ഇതേ രക്ഷയുള്ളൂ. സസ്പെൻഡ് ചെയ്യുക. പാർട്ടി ഓഫിസുകളിലൊക്കെ ഇപ്പോൾ സസ്പെൻഷൻ ഉത്തരവ് തയാറാക്കുന്ന തിരക്കാണ്. മുന്നണി വ്യത്യാസമില്ലാതെ പാർട്ടി ഓഫിസുകളിൽ ഉത്തരവുകൾ തയാറാവുകയാണ്.
ഓണാട്ടുകര നഗരത്തിൽ ഒരു വാർഡിൽ ഒന്ന് വീതം ഉത്തരവുകളാണ് ഇറങ്ങുന്നത്. ചില വാർഡുകളിൽ അത് രണ്ട് വരെയാകും. കോൺഗ്രസിലാണ് കൂടുതൽ. വിമതരായി കളംപിടിച്ച ചില നേതാക്കളെ ഇരുട്ടിവെളുക്കുവോളം ചർച്ച നടത്തിയാണ് പിന്മാറ്റിയത്. എ.ഐ.സി.സിതല നേതാക്കൾ വരെ വിമതരെ പിന്മാറ്റാൻ പണി പതിനെട്ടും പയറ്റി വിയർക്കുകയായിരുന്നു. പത്രിക പിൻവലിച്ചിട്ടില്ലെങ്കിലും വോട്ടുതേടി കളത്തിലിറങ്ങി പാർട്ടിയെ നാറ്റിക്കരുത്, തോൽപിക്കരുത് പ്ലീസ്... എന്ന അഭ്യർഥനയുമായി സോപ്പിങ് പരിപാടികൾ തുടരുന്നുമുണ്ട്. ഒരു മൂച്ചിന് പത്രിക നൽകിയെങ്കിലും പിന്നീട് സോപ്പിങ്ങിൽ വീണും തടികേടായാലോ എന്ന് ചിന്തിച്ചും പിൻവലിച്ച ‘സ്ഥാനാർഥികൾക്ക്’ ഔദ്യോഗിക സ്ഥാനാർഥികളെക്കുറിച്ച് ഓർത്തിട്ട് ഉറക്കം വരുന്നില്ല. തീരെ സഹിക്കാൻ കഴിയാത്തവർ എതിർ കക്ഷിക്കാർക്കും സ്വതന്ത്രർക്കും പരസ്യ പിന്തുണ നൽകി അവർക്ക് പിന്നാലെ കൂടിയിട്ടുമുണ്ട്. ‘എനിക്ക് കിട്ടാത്തത് നിനക്കും’ വേണ്ടായെന്നാണ് ഇവരുടെ നിലപാട്.
ഇടതുമുന്നണിയിൽ സംസ്ഥാന കൺട്രോൾ കമീഷൻ വിചാരിച്ചിട്ടും വിമതനെ പിന്മാറ്റാൻ കഴിയാത്തതിന്റെ അസ്വസ്ഥത ഇപ്പോഴും മാറിയിട്ടില്ല. മത്സര മോഹത്തിന്റെ അഞ്ചുവർഷത്തെ സ്വപ്നങ്ങളെ ഒറ്റ നിമിഷത്തിൽ തകർത്ത നേതാക്കളോട് തീർത്താൽ തീരാത്ത പകയാണ് ലോക്കൽ ഘടക നേതാവിന്റെ ഉള്ളിലുള്ളത്. അണികളായി ഒരാളുപോലുമില്ലാത്ത ഘടകകക്ഷിക്ക് സീറ്റ് കൈമാറിയ നേതാക്കളുടെ കുതന്ത്രത്തിനെതിരായ പ്രതികാരദാഹം നുരഞ്ഞ് പൊന്തവെ ഒത്തുതീർപ്പിന് അതേ നേതാക്കൾ തന്റെ വീട്ടിലേക്ക് എത്തുന്നുവെന്ന് കേട്ട് അവർക്കായി മുറിയൊരുക്കി കാത്തിരുന്നെങ്കിലും നേതാക്കൾ ആ വഴിക്ക് പോയില്ല. എത്തിയാൽ നേതാക്കൾ പൂട്ടിയിടപ്പെടുമെന്ന വിവരം എങ്ങനെയോ ചോർന്നത്രെ. ഭാര്യ കൗൺസിലറായിരുന്ന വാർഡ് സ്വപ്നം കണ്ട് ചെലവഴിച്ചതൊക്കെ പാഴായതിന്റെ മനഃസംഘർഷം പേറുന്ന സഖാവിന്റെ മനസ്സൊന്ന് പാളിയാൽ പിടിച്ചാൽ കിട്ടില്ലെന്നാണ് പഴയ സഹപ്രവർത്തത്തകരുടെ അഭിപ്രായം.
നഗര കൗൺസിലിൽ പാർട്ടിയുടെ മുഖമായിരുന്ന സഖാവിനെ വിമത പ്രവർത്തനത്തിന് സസ്പെൻഡ് ചെയ്യേണ്ടിവന്നതിന്റെ ജാള്യമാണ് ദേശീയ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ മുഖത്തുള്ളത്. ഇപ്പോൾ ഇങ്ങനെയൊക്കെയാണെങ്കിലും അടുത്ത തെരഞ്ഞെടുപ്പ് കാലത്ത് തിരിച്ചെടുക്കൽ ആഘോഷത്തിന് പുറത്താക്കിയ നേതാക്കൾ തങ്ങളുടെ വീട്ടുമുറ്റത്ത് എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇന്ന് പറയാൻ കഴിയാത്തത് അന്നത്തേക്ക് പറയാനായി ഇവർ കരുതിവെക്കുകയാണ്.


