മത്സരത്തിന് കടുപ്പമേറെ; എന്നാലും ഞങ്ങൾ ജയിക്കും
text_fieldsഇലിപ്പക്കുളത്തെ ഗൃഹപ്രവേശന ചടങ്ങ് സ്ഥലത്തെ രാഷ്ട്രീയ ചർച്ച
കായംകുളം: പോളിംഗ് ദിനം അടുക്കുന്നതോടെ നാലാൾ കൂടുന്നിടത്തൊക്കെയുള്ള തെരഞ്ഞെടുപ്പ് വർത്തമാനങ്ങൾക്ക് കടുപ്പമേറുകയാണ്. ഇലിപ്പക്കുളം ജുമാ മസ്ജിദിന് സമീപം ഗൃഹപ്രവേശന ചടങ്ങിലും നിറഞ്ഞുനിന്നത് ജയപരാജയങ്ങളുടെ സാധ്യത തേടലുകളാണ്. പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായ എ.എം. ഹാഷിറും കോൺഗ്രസുകാരനായ അഡ്വ. എൻ.എം. നസീറുമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.
കായംകുളം മണ്ഡലത്തിൽ നല്ല മത്സരം നടക്കുന്നതായാണ് ഇരുവരുടെയും വിലയിരുത്തൽ. എന്നാലും യു. പ്രതിഭ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന ഹാഷിറിന്റെ വാദത്തെ അങ്ങനങ്ങ് വകവെച്ച് നൽകാൻ നസീർ തയ്യാറായില്ല. ചർച്ച ചൂട് പിടിച്ചപ്പോഴേക്കും ഹാഷിറിന് പോകേണ്ടി വന്നു.
പ്രതിഭയുടെ പ്രചാരണാർഥം രാവിലെ കോയിക്കൽ ചന്തയിൽ നടന്ന ജി.എസ്. പ്രദീപിന്റെ അശ്വമേധം പരിപാടിയിൽ സംബന്ധിച്ച ശേഷമാണ് ഗൃഹപ്രവേശന ചടങ്ങിൽ പങ്കാളിയാകാൻ എത്തിയത്. കോൺഗ്രസുകാരിയായ പഞ്ചായത്ത് അംഗം ഷാദിയയും ഇതിനിടയിൽ ഒപ്പം കൂടി. ഭക്ഷണ ശേഷം ഇരിപ്പിടം കണ്ടെത്തിയ കാവനാട് ബഷീർ, അഡ്വ. ഇ. നാസർ, സലീൽ ഇല്ലിക്കുളം, റഷീദ് മണ്ണാമ്പറമ്പിൽ തുടങ്ങിയവരാണ് തുടർന്ന് ചർച്ചയുടെ ഭാഗമായത്. രാഷ്ട്രീയത്തിൽ നിന്ന് മറ്റ് വിഷയങ്ങളിലേക്കും ചർച്ച വഴിമാറി.
കായംകുളത്ത് ഫുട് വെയർ സ്ഥാപനം നടത്തുന്ന റഷീദിനാകട്ടെ മണ്ഡലത്തിൽ ആര് ജയിക്കുമെന്നതിലാണ് ആകാംക്ഷ. തന്റെയുള്ളിലുള്ള രാഷ്ട്രീയം പറയാതെയാണ് മറ്റുള്ളവരുടെ അഭിപ്രായമറിയാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചത്.
കടയിൽ വരുന്നവർ രണ്ട് പ്രധാന മുന്നണികളുടെയും സാധ്യത പറയുന്നതായി റഷീദ് പറഞ്ഞു. 10 വർഷത്തെ ബന്ധങ്ങളും സൗഹൃദങ്ങളും മുതൽകൂട്ടാകുമെന്നാണ് പ്രതിഭ അനുകൂലികൾ പറയുന്നത്. മൂന്ന് തവണ മത്സരിച്ചിട്ടും അവസരം ലഭിക്കാതിരുന്ന ലിജുവിനെ പരിഗണിക്കണമെന്ന അഭിപ്രായവും പലരും പ്രകടിപ്പിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നായ ലിജു അവഗണിക്കപ്പെടേണ്ടവനല്ലായെന്നതാണ് ഇക്കൂട്ടരുടെ അഭിപ്രായമെന്ന് റഷീദ് പറഞ്ഞു. എന്നാൽ പ്രതിഭയെ പോലാരാളെ തോൽപ്പിക്കുക അത്ര എളുപ്പമല്ലെന്നാണ് വാദം.
മുകൾത്തട്ടിലെ പ്രചാരണ കോലാഹലങ്ങൾക്കപ്പുറം താഴെ തട്ടിൽ പഴയത് പോലെ പ്രവർത്തനങ്ങൾ നടക്കുന്നില്ലായെന്നാണ് പൊതുവിലെ വിലയിരുത്തൽ. അടിത്തട്ട് പ്രവർത്തനങ്ങളിൽ എല്ലാവരും പിന്നിലാണ്. ഇത് ട്രെൻറ് അറിയുന്നതിനും കൃത്യമായ വിലയിരുത്തലുകൾക്കും തടസ്സമാകുന്നതായാണ് പ്രവർത്തന രംഗത്തുള്ളവരുടെ അഭിപ്രായം.
തങ്ങളുടെ പക്ഷത്തിനുള്ള അനുകൂല ഘടകങ്ങൾ തേടുകയെന്നതാണ് ചർച്ചകളിലൂടെ ഓരോ കൂട്ടരും ലക്ഷ്യമാക്കുന്നത്. പ്രാദേശിക വിജയ സാധ്യതകൾക്ക് ഒപ്പം സംസ്ഥാനത്തെ ഭരണ മാറ്റ സാധ്യതകളും ചർച്ചകളിൽ നിറയുന്നുണ്ട്. ഗൗരവമായ രാഷ്ട്രീയ വിശകലനങ്ങൾക്കപ്പുറം സാധാരണക്കാരായ മനുഷ്യരുടെ പ്രതീക്ഷകളും ആശങ്കകളും ഇത്തരം ചർച്ചകളിൽ തെളിഞ്ഞു കാണാമെന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ ആൾക്കൂട്ടത്തെ ആകർഷിക്കാനായി ചടങ്ങ് നടക്കുന്ന വീടിനോട് ചേർന്ന ഇടവഴിയിൽ ഇരുമുന്നണി സ്ഥാനാർഥികളുടെയും ബോർഡുകൾ ബുധനാഴ്ച രാത്രി തന്നെ സ്ഥാപിച്ചിരുന്നു.


