കൗതുകക്കാഴ്ചയായി ബാലറ്റ് പെട്ടി
text_fields1951ലെ ബാലറ്റ് പെട്ടിയുമായി
ഹക്കീം മാളിയേക്കൽ
കായംകുളം: ഇലക്ട്രോണിക് വോട്ടിന്‍റെ ന്യൂജെൻ കാലത്ത് 1951ലെ ബാലറ്റ് പെട്ടി കൗതുക കാഴ്ചയാകുന്നു. ലിംക ബുക് ഓഫ് റെക്കോഡിൽ ഇടംനേടിയ കായംകുളം ചിറക്കടവം സ്വദേശി ഹക്കിം മാളിയേക്കലിന്‍റെ പുരാവസ്തു ശേഖരത്തിലാണ് അത്യപൂർവ ബാലറ്റ് പെട്ടി ഇടംപിടിച്ചിരിക്കുന്നത്.
1951 ഒക്ടോബർ 25നും 1952 ഫെബ്രുവരി 21നും ഇടയിലാണ് രാജ്യത്ത് ആദ്യ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി തയ്യാറാക്കിയ 12 ലക്ഷത്തോളം ഇരുമ്പ് ബാലറ്റ് പെട്ടികളിൽ ഉൾപ്പെട്ട രണ്ട് എണ്ണമാണ് ഹക്കീമിന്‍റെ ശേഖരത്തിലുള്ളത്. അന്നത്തെ ഹൈദരാബാദ് സ്റ്റേറ്റ് സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള ആൽവിൻ കമ്പനിയാണ് പെട്ടികൾ നിർമിച്ചത്.
പെട്ടിയുടെ മുകൾ ഭാഗത്ത് കമ്പനിയുടെ പേരും 1951 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന പ്രത്യേക വോട്ടിങ് സ്റ്റാമ്പും ഇതിനൊപ്പമുണ്ട്. ബാലറ്റ് പെട്ടിക്ക് ഒപ്പം അത്യപൂർവമായ രണ്ടായിരത്തിലധികം വസ്തുക്കൾ പൊതുപ്രവർത്തകൻ കൂടിയായ ഹക്കീമിന്‍റെ ശേഖരത്തിലുണ്ട്.
എലിസബത്ത് രാജ്ഞിയുടെ ചിത്രം പതിച്ച 51 രാജ്യങ്ങളിലെ കറൻസികളും കാറൽ മാർക്സ്, എംഗൽസ്, ലെനിൻ, കൊളംബസ്, മാവോ, ലൂയിപാസ്റ്റർ, ഐസക് ന്യൂട്ടൺ, എബ്രഹാം ലിങ്കൺ തുടങ്ങിയവരുടെ ചിത്രങ്ങളുള്ള വിവിധ കാലഘട്ടങ്ങളിലെ നോട്ടുകളും കാണാനാകും.
യൂഗോസ്ലാവിയൻ സർക്കാർ പുറത്തിറക്കിയ അമ്പതിനായിരം കോടിയുടെ നോട്ട് ഏറെ ശ്രദ്ധ കവരുന്നു. ജൂദാസിന്‍റെ കാലത്തെ റോമൻ നാണയം, 1912ൽ റഷ്യ പുറത്തിറക്കിയ ഏറ്റവും വലിപ്പമേറിയ 500ന്‍റെ റൂബിൾ തുടങ്ങിയവയും മികച്ച കാഴ്ചകളാണ്.


