രാസലഹരിയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsഅദ്വൈത്, ആദിത്യൻ
കായംകുളം: രാസലഹരിയും കഞ്ചാവുമായി രണ്ട് യുവാക്കളെ കായംകുളം എക്സൈസ് പിടികൂടി. കാർത്തികപ്പള്ളി പത്തിയൂർ എരുവ തെക്കുമുറിയിൽ കളിക്കൽ പടീറ്റതിൽ അക്കു എന്ന അദ്വൈത് (18), പത്തിയൂർ എരുവ തെക്കുമുറിയിൽ തട്ടശ്ശേരിൽ ആദിത്യൻ (20) എന്നിവരാണ് അറസ്റ്റിലായത്. 0.56 ഗ്രാം രാസലഹരിയും അഞ്ച് ഗ്രാം കഞ്ചാവും ഇവരിൽനിന്നും പിടിച്ചെടുത്തു.
കായംകുളം കെ.എസ്.ആർ.ടിസി സ്റ്റാൻഡിന് സമീപമുള്ള കനിസ കടവ് പാലത്തിൽ വച്ച് എക്സൈസ് കായംകുളം റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം ബുധനാഴ്ച വൈകിട്ടാണ് ഇവരെ പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. എറണാകുളത്ത് നിന്നും രാസലഹരി എത്തിച്ച് കായംകുളം കേന്ദ്രീകരിച്ച് വിൽപന നടത്തുന്ന ആളാണ് അറസ്റ്റിലായ അക്കു.
ഇയാളുടെ ഇടനിലക്കാരെയും ഉപഭോക്താക്കളെയും പറ്റി വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഷുക്കൂർ , സിവിൽ എക്സൈസ് ഓഫീസർ മുഹ്സിൻ, നന്ദഗോപാൽ , രാഹുൽകൃഷ്ണൻ,ദീപു, രഞ്ജിത്, ഷഫീക്ക്, വനിത സിവിൽ എക്സൈസ് ഓഫീസർ നിമ്മികൃഷ്ണൻ എന്നിവരും പങ്കെടുത്തു.