രോഗിയെ രക്ഷിക്കാൻ ആശുപത്രിയിലേക്ക് ബസ് ഒാടിച്ചുകയറ്റി, ഷൈനിക്ക് പുതുജീവനേകി കെ.എസ്.ആർ.ടി.സി ജീവനക്കാർ
text_fieldsഡ്രൈവർ ഷാജു തോമസും കണ്ടക്ടർ തിലകനും
ആലപ്പുഴ: യാത്രക്കിടെ രോഗം മൂർച്ഛിച്ച യുവതിക്ക് രക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി ജീവനക്കാർ. കായംകുളം-െവെറ്റില കെ.എസ്.ആർ.ടി.സി സി.എൻ.ജി ബസിലെ യാത്രക്കാരി കരുവാറ്റ സ്വദേശിനി ഷൈനിയാണ് (42) രക്ഷപ്പെട്ടത്. കണ്ടക്ടർ ആലപ്പുഴ മുഹമ്മ കാവുങ്കൽ സി.എസ്. തിലകൻ (47), ഡ്രൈവർ എറണാകുളം പള്ളിക്കര സ്വദേശി ഷാജു തോമസ് (44) എന്നിവരുടെ സമയോചിത ഇടപെടലിലാണ് യുവതിക്ക് ജീവൻ തിരിച്ചുകിട്ടിയത്.
വ്യാഴാഴ്ച രാവിലെ 11ന് കായംകുളത്തുനിന്ന് െവെറ്റിലയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. എറണാകുളം ഡിപ്പോയിലെ ബസ് 35 യാത്രക്കാരുമായി ആലപ്പുഴയിലേക്ക് എത്തുന്നതിനിടെയാണ് സീറ്റിലിരുന്ന യാത്രക്കാരി ഷൈനിക്ക് രോഗനില വഷളായത്. പിന്നെ ഒന്നും ആലോചിക്കാതെ ആംബുലൻസിെൻറ വേഗത്തിൽ കളർകോടുനിന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് ബസ് ഓടിച്ചുകയറ്റുകയായിരുന്നെന്ന് കണ്ടക്ടർ സി.എസ്. തിലകൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരുടെ സഹായവും ഇതിന് നിമിത്തമായി.
ബസ് വണ്ടാനം മെഡിക്കൽ കോളജ് പിന്നിട്ടപ്പോഴാണ് ഒറ്റക്ക് യാത്രചെയ്ത സ്ത്രീ അസ്വസ്ഥത പ്രകടിപ്പിച്ചത്. ശരീരം അമിതമായി വിയർത്തതിനൊപ്പം കടുത്ത ശ്വാസതടസ്സവും നേരിട്ടു. എന്തുപറ്റിയെന്ന് സംസാരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. കലവൂരിലേക്ക് ടിക്കെറ്റടുത്ത ഇവരുടെ കൂടെ ആരുമില്ലായിരുന്നു. കൈയിൽനിന്ന് ഫോൺ വാങ്ങി അവസാന കാൾലിസ്റ്റ് നോക്കി വിളിച്ചപ്പോൾ മകളാണ് ഫോണെടുത്തത്. വിവരങ്ങൾ പറഞ്ഞുതീരുന്നതിനിടെ കളർകോട് എത്തിയപ്പോഴേക്കും സ്ഥിതി വഷളായി. പ്രഥമശുശൂഷയൊരുക്കി വണ്ടാനം മെഡിക്കൽ കോളജിൽനിന്ന് ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ വനിത നഴ്സും വൈറ്റിലയിലേക്ക് യാത്രചെയ്ത ദമ്പതികളും ഒപ്പംചേർന്നു. ഈ സമയം ഡ്രൈവർ ഷാജു തോമസ് യാത്രക്കാരുമായി ആശുപത്രിയുടെ മുന്നിലെത്തിയിരുന്നു.
അകത്തേക്ക് ഓടിച്ചുകയറ്റിയാണ് അത്യാഹിതവിഭാഗത്തിൽ എത്തിച്ചത്. പരിശോധനയിൽ ഇ.സി.ജിയിൽ വ്യത്യാസം കണ്ടതോടെ കണ്ടക്ടർക്കും ഡ്രൈവർക്കും നെഞ്ചിടിപ്പേറി. പിന്നീട് ബന്ധുക്കൾ വരുന്നതുവരെ കാത്തിരിപ്പ് നീണ്ടു. ഇതിനിടെ, യാത്രികരെ മറ്റ് ബസുകളിൽ കയറ്റിവിട്ടു.
ഉച്ചക്ക് 1.15ന് ഷൈനിയുടെ ഭർത്താവും ബന്ധുക്കളും എത്തി വീണ്ടും ഇ.സി.ജി എടുത്തശേഷം കുഴപ്പമില്ലെന്ന് ഡോക്ടർമാർ ഉറപ്പിച്ചതിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സി സർവിസ് തുടർന്നത്. പിന്നീട് നടത്തിയ വിശദപരിശോധനയിൽ ശ്വാസതടസ്സത്തിനൊപ്പം ഇയർ ബാലൻസ് അടക്കമുള്ള പ്രശ്നങ്ങളുമുെണ്ടന്ന് കണ്ടെത്തി.യുവതിക്ക് യഥാസമയം ചികിത്സ നൽകി രക്ഷിച്ചതിനൊപ്പം രണ്ടുമണിക്കൂറിലേറെ ആശുപത്രിയിൽ കാത്തുനിന്ന് സമയോചിത ഇടപെടൽ നടത്തിയ കണ്ടക്ടർ തിലകനും ഡ്രൈവർ ഷാജു തോമസിനും സമൂഹ മാധ്യമത്തിൽ അഭിനന്ദന പ്രവാഹമാണ്.