ഭീഷണിയായി നീർനായും; മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഭീതിയിലാണ്
text_fieldsഒമ്പത് വയസ്സുകാരന് തലവടിയിൽ കഴിഞ്ഞ ദിവസം നീർനായയുടെ കടിയേറ്റപ്പോൾ
കുട്ടനാട്: കുട്ടനാടന്‍ മത്സ്യമേഖലക്കും ആലപ്പുഴ പട്ടണത്തിലെ വിനോദസഞ്ചാരത്തിനും നീര്നായ്ക്കള് ഭീഷണിയാവുന്നു. നാട്ടിലെ തെരുവ് നായ്ക്കളെ എന്നപോലെ വെള്ളത്തിലെ നീര്‍നായ് (കഴുനായ്) ക്കൾ മനുഷ്യരെ കടിച്ചുകീറുന്നു. കുറേ വര്‍ഷങ്ങളായി ജലജീവികളായ കഴുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുകയാണ്. വളര്ത്തുമത്സ്യക്കുളങ്ങളില് കഴുനായ്ക്കള് കൂട്ടമായി ആക്രമണം നടത്തുന്നതിനാല്‍ വന്‍തോതില്‍ നഷ്ടം സംഭവിക്കുന്നുണ്ട്. താറാവ്, കോഴി, മുയല്, ആട് തുടങ്ങിയവക്കുനേരെയും ആക്രമണമുണ്ട്. വെള്ളത്തിലൂടെ അതിവേഗം ഊളിയിട്ടു പോകുന്നതിനാല്‍ അത്ര പെട്ടെന്ന് പിടിക്കാനുമാകില്ല.
കോഴിയെയും താറാവിനെയും ആക്രമിച്ചു കൊന്നാൽ നാട്ടുകാർക്ക് സഹിക്കുകയേ നിവൃത്തിയുള്ളൂ. പരിഹാരമൊന്നുമുണ്ടാകാത്തതിനാല് അനുഭവസ്ഥരില്‍ മിക്കവരും പരാതിയുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പിന്നാലെ നടന്ന് സമയം മെനക്കെടുത്താറില്ല.
കഴിഞ്ഞദിവസം നദിയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിക്ക് നീര്‍നായയുടെ കടിയേറ്റു. തലവടി പഞ്ചായത്ത് 11ാം വാര്‍ഡില്‍ കൊത്തപ്പള്ളി പ്രമോദ്- രേഷ്മ ദമ്പതികളുടെ മകന് വിനായകനാണ് (ഒമ്പത്) നീര്‍നായയുടെ കടിയേറ്റത്. തലവടി മരങ്ങാട്ടുമഠം കടവില്‍ മാതാവിനും സഹോദരന് വിഘ്നേശ്വരനും ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം.
വിനായക് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞവര്‍ഷം നൂറിലേറെയാളുകൾക്ക് നീര്‍നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ സംഭവമുണ്ടായിട്ടും അധികൃതര്‍ ഒന്നും കണ്ട ഭാവമില്ല. നീർനായ് ശല്യം നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാന്ന് മത്സ്യ തൊഴിലാളികളടക്കമുള്ളവരുടെ ആവശ്യം.
വിഷയത്തിൽ ഉചിതമായ നടപടി വേണമെന്ന നിവേദനങ്ങള്‍ക്കും ഓര്‍മപ്പെടുത്തല്‍ കുറിപ്പുകള്‍ക്കും അധികൃതതലത്തില്‍ മറുപടിയില്ലെന്നാണ് പരാതിയുയരുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത മൃഗമായതിനാല്‍ നാട്ടുകാര്‍ക്ക് അക്രമകാരികളായ നീര്‍നായ്ക്കളെ കൊല്ലാനാകില്ല. ഇവയുടെ വ്യാപാരവും തടഞ്ഞിരിക്കുകയാണ്.
വേണ്ടിവരുന്നത് പേപ്പട്ടികള്‍ കടിച്ചാലുള്ള ചികിത്സ
മനുഷ്യരെ നീർനായ് കടിച്ച് പരിക്കേല്പിച്ചാല് പേപ്പട്ടികള്‍ കടിച്ചാലുള്ള ചികിത്സയാണ് ചെയ്യേണ്ടിവരുക. തോടുകളിലും ആറുകളിലും കുളിക്കാനോ വസ്ത്രം കഴുകാനോ ഇറങ്ങിയാല്‍ കഴുനായ് ആക്രമണത്തിനിരയാകുന്ന സ്ഥിതിയാണ്.എടത്വ, ചെക്കിടിക്കാട്, പാണ്ടി, തകഴി, നീരേറ്റുപുറം തുടങ്ങി ആലപ്പുഴ പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ വരെ നീര്‍നായ് ശല്യം രൂക്ഷമാണ്. കഴിഞ്ഞ വർഷവും ഇതേസമയം നീർനായ്ശല്യം മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായിരുന്നു.
പട്ടണപ്രദേശത്തെ ഇറച്ചിക്കടകളില്‍നിന്നുള്ള മാംസാവശിഷ്ടം തോട്ടിലും മറ്റും കൊണ്ടിടുന്നതിനാലാണ് പട്ടണപ്രാന്തങ്ങളിലേക്കും ധാരാളമായി നീര്നായ്ക്കള് എത്താന്‍ കാരണമായത്. നീര്‍നായ്ക്കളുടെ ശല്യവും ആക്രമണവും വര്‍ധിക്കുന്നത് വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയാകുന്നു. കുട്ടനാട്ടിലെ ജനങ്ങള്‍ ഭയപ്പാടോടെയാണ് കഴിയുന്നത്.
നീർനായ് നിസ്സാരക്കാരനല്ല
ജലാശയങ്ങള്‍ക്ക് സമീപമുള്ള ചതുപ്പുകളിലും പൊന്തകളിലും കുറ്റിക്കാടുകളിലുമാണ് സസ്തനിയും മാംസഭോജികളുമായ കഴുനായ്ക്കള് പാര്‍ക്കുന്നത്. ജലത്തിലും കരയിലും നിഷ്പ്രയാസം സഞ്ചരിക്കും. വെള്ളത്തിലൂടെ നീന്തുകയും കരയിലൂടെ നാലുകാലില്‍ നടക്കുകയുമാണ് ചെയ്യുന്നത്. ഘ്രാണശക്തി കൂടുതലായതിനാല്‍ മീനുള്ളയിടങ്ങള് പെട്ടെന്നു കണ്ടെത്തി ആക്രമിക്കും. പ്രായപൂര്‍ത്തിയായ നീര്‍നായ്ക്കള്‍ക്ക് തലമുതല്‍ വാലിന്റെ അറ്റം വരെ ഏകദേശം ഒന്നര മീറ്റര്‍ നീളവും 15 കിലോ വരെ ഭാരവുമുണ്ടാകാം. പ്രായപൂര്‍ത്തിയാകാന്‍ രണ്ടുവര്‍ഷമെടുക്കും. കരയിലെ നായ്ക്കള്‍ നീര്‍നായ്ക്കളെ ആഹാരമാക്കാറുണ്ട്.