പ്രളയത്തിന് ഏഴാണ്ട്; കുട്ടനാട് വീണ്ടും ഭീതിയിൽ
text_fields2018ലെ പ്രളയകാലത്ത് തലവടിയിലെ ഒരുവീട്ടമ്മയെ കതകിന്റെ പാളിയിൽ കരക്കെത്തിക്കുന്നു (ഫയൽ ചിത്രം)
ആലപ്പുഴ: നാടാകെ വെള്ളത്തിൽ മുങ്ങിയ പ്രളയത്തിന്റെ ഏഴാം വർഷത്തിലും പ്രളയ ഭീതിയിൽ കുട്ടനാട്. പത്തനംതിട്ട ശബരിഗിരി പദ്ധതി പ്രദേശത്തെ കക്കി അണക്കെട്ട് തുറന്നതാണ് അന്ന് വൻ പ്രളയത്തിന് കാരണമായത്. കഴിഞ്ഞ ദിവസം വീണ്ടും കക്കി അണക്കെട്ട് തുറന്നു. വെള്ളം ഒഴുക്കുന്നത് ചെറിയ തോതിലായതിനാൽ വൻ മലവെള്ളപ്പാച്ചിലുണ്ടാകുമെന്ന് കരുതുന്നില്ല. മഴ കടുത്താൽ ദുരിതം വീണ്ടുമെത്തുമോ എന്ന ഭീതി കുട്ടനാട്ടുകാർ പങ്കുവക്കുന്നു. ഇത്തവണ മഴക്കാലം തുടങ്ങിയതുമുതൽ കൈനകരി, ചമ്പക്കുളം ഭാഗത്ത് വലിയതോതിൽ വെള്ളം ഉയർന്നിട്ടുണ്ട്.
അണക്കെട്ട് തുറന്നതോടെ കൂടുതൽ വെള്ളമെത്തുന്നത് ദുരിതം വർധിപ്പിക്കുമെന്ന ആശങ്ക പടർത്തുന്നു. 2018 ആഗസ്റ്റിൽ ഉയർന്ന അളവിൽ മഴ പെയ്തതാണ് നാടിനെയാകെ ദുരന്തത്തിലാഴ്ത്തിയത്. പ്രളയം സർക്കാർ സൃഷ്ടിയാണെന്ന ആരോപണം അന്ന് ഉയർന്നിരുന്നു. കക്കി അണക്കെട്ട് തുറക്കാൻ വൈകിയതാണ് പ്രളയത്തിന് കാരണമായതെന്നായിരുന്നു ആരോപണം.
ഇപ്പോൾ അണക്കെട്ട് തുറക്കാൻ സർക്കാർ തീരുമാനിച്ചതിലൂടെ അന്നത്തെ ആരോപണം ശരിവക്കപ്പെടുകയുമാണ്. അന്ന് കക്കി - ആനത്തോട് അണക്കെട്ടുകളിലെ ജലനിരപ്പ് നൂറു ശതമാനം എത്തിയ ശേഷമാണ് തുറക്കാൻ നടപടി തുടങ്ങിയത്. 90 ശതമാനം ആകുന്നതോടെ തുറക്കണമെന്നാണ് ഡാം മാനേജ്മെന്റ് വ്യവസ്ഥയിലുള്ളത്. അത് അന്ന് സർക്കാർ പാലിച്ചില്ല.
കവിഞ്ഞ് ഒഴുകുമെന്ന ഘട്ടം എത്തിയപ്പോഴാണ് അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണി അണക്കെട്ട് തുറക്കാൻ നടപടി തുടങ്ങിയത്. വീണ്ടും മഴ ശക്തമായതിനാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും പൂർണമായും തുറക്കേണ്ടിവന്നു. കെട്ടിനിന്ന വെള്ളം പൊടുന്നനെ പാടെ തുറന്നുവിട്ടതാണ് പ്രളയത്തിന്റെ ആഘാതം വർധിപ്പിച്ചത്. ജലനിരപ്പ് 90 ശതമാനം എത്തിയ സമയം അണക്കെട്ട് തുറന്നിരുന്നുവെങ്കിൽ വൻ വെള്ളപ്പാച്ചിൽ ഉണ്ടാകുമായിരുന്നില്ല എന്ന് ചൂണ്ടികാണിക്കപ്പെട്ടിരുന്നു.
ഇപ്പോഴും രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്താൽ മുങ്ങുന്ന അവസ്ഥയാണ് കുട്ടനാട്ടിൽ നിലനിൽക്കുന്നത്. ഇക്കുറി കാലവർഷം ശക്തി പ്രാപിച്ചതിന് ശേഷം നാല് തവണ കുട്ടനാട് വെള്ളത്തിൽ മുങ്ങിയിരുന്നു. രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ വീണ്ടും മുങ്ങാനാണ് സാധ്യത. ഇതിനോടകം നിരവധി കുടുംബങ്ങൾ കുട്ടനാട്ടിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്. വർഷാവർഷം വെള്ളപ്പൊക്ക കെടുതി അനുഭവിക്കുക കുട്ടനാടിനെ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി സമഗ്ര വികസനം നടപ്പാക്കണമെന്ന് വീണ്ടും ആവശ്യമുയരുന്നു.