രണ്ടുമാസമായി സീ കുട്ടനാട് ബോട്ടിൽ ടോയ്ലെറ്റില്ല; ആ ‘ശങ്ക’യിൽ യാത്രക്കാർ
text_fieldsകുട്ടനാട്: നാട്ടുകാരും വിനോദസഞ്ചാരികളും ഒരുപോലെ ആശ്രയിക്കുന്ന സീ കുട്ടനാട് ബോട്ടിലെ ടോയ്ലെറ്റ് പ്രവർത്തനരഹിതമായിട്ട് രണ്ട് മാസം കഴിഞ്ഞു. ജലഗതാഗത വകുപ്പിന് ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന ബോട്ടിലാണ് ഈ ദുഃസ്ഥിതി. ടോയ്ലറ്റ് തുറക്കാതിരിക്കാൻ പുറത്ത് നിന്ന് ആണിയടിച്ച് പൂട്ടിയിരിക്കുകയാണ്.വിദേശികളും സ്വദേശികളുമടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് അപ്പർഡെക്ക് സംവിധാനമുള്ള ബോട്ടിൽ യാത്ര ചെയ്യുന്നത്. യാത്രക്കാർ ബോട്ടിറങ്ങിയാൽ മൂത്രമൊഴിക്കാൻ ഓടി നടക്കുന്ന കാഴ്ച്യാണ്. സ്ത്രീ യാത്രക്കാരാണ് വെട്ടിലാകുന്നത്.
സാധാരണ ബോട്ടിൽ ടിക്കറ്റ് നിരക്ക് മിനിമം 13 രൂപയാണെങ്കിൽ സീ കുട്ടനാടിൽ 23 രൂപയാണ്. അപ്പർ ഡെക്കിൽ ചാർജ് ഇരട്ടിയാണ്. മണിക്കൂറുകളോളം ഈ ബോട്ടിൽ ജോലി ചെയ്യുന്ന ജീവനക്കാരും ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. രാവിലെ 5.45 ന് സർവിസ് ആരംഭിക്കുന്ന സീകുട്ടനാട് അവസാനിപ്പിക്കുന്നത് വൈകിട്ട് ഏഴിനാണ്. ആലപ്പുഴയിൽ നിന്ന് കുട്ടനാട് കറങ്ങി സർവിസ് നടത്തുന്ന ഏക ബോട്ടു കൂടിയാണ് സീ കുട്ടനാട്. ടൂറിസം വളർത്താൻ ലക്ഷ്യമിട്ട് ആരംഭിച്ച സീ കുട്ടനാട് ബോട്ടിൽ ടോയ്ലറ്റില്ലാത്തത് അപമാനകരമാണെന്ന് യാത്രക്കാർ പ്രതികരിച്ചു.