തദ്ദേശ തെരഞ്ഞെടുപ്പ്; ജയിച്ചത് 643 കുടുംബശ്രീ അംഗങ്ങൾ
text_fieldsആലപ്പുഴ: തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇക്കുറി ജയിച്ചുകയറിയത് 643 കുടുംബശ്രീ വനിതകൾ. ഇതിൽ 632 അയൽക്കൂട്ടാംഗങ്ങളും 11 ഓക്സിലറി ഗ്രൂപ് അംഗങ്ങളുമാണ്. ആകെ 1710 പേരാണ് മത്സരിച്ചത്. ഇതിൽ 25 ഓക്സിലറി അംഗങ്ങളാണ് മത്സരിച്ചു. സംസ്ഥാനമിഷന്റെ കണക്കുപ്രകാരം ഏറ്റവുംകൂടുതൽ അംഗങ്ങൾ ജയിച്ചതിൽ നാലാം സ്ഥാനത്താണ് ആലപ്പുഴ.
എന്നാൽ, ഏറ്റവും കൂടുതൽ പേർ മത്സരിച്ചത് ആലപ്പുഴയിൽനിന്നായിരുന്നു. കഴിഞ്ഞവർഷത്തെക്കാൾ കൂടുതലാണ് ഇത്തവണത്തെ വിജയം. കഴിഞ്ഞതവണ ആകെ 1668 പേരാണ് മത്സരിച്ചത്. ഇതിൽ 609 പേരാണ് വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് അംഗങ്ങളായി തെരഞ്ഞെടുത്തത്. ഇത്തവണ ഗ്രാമപഞ്ചായത്ത് -503, നഗരസഭ -71, ബ്ലോക്ക് -61, ജില്ല പഞ്ചായത്ത് -എട്ട് എന്നിങ്ങനെയാണ് തെരഞ്ഞെടുത്തവരുടെ എണ്ണം.
ഇതിൽ സി.ഡി.എസ് അംഗങ്ങൾ -അഞ്ച്, എ.ഡി.എസ് അംഗങ്ങൾ -101, റിസോഴ്സ്പേഴ്സൺമാർ -15, ഹരിതകർമസേന അംഗങ്ങൾ 20 പേരും വിജയിച്ചു. അമ്പലപ്പുഴ നോർത്ത് സി.ഡി.എസിൽനിന്നാണ് ഏറ്റവും കൂടുതൽപേർ വിജയിച്ചത്. 27പേർ മത്സരിച്ചതിൽ 15 പേർ ജയിച്ചു. ഇതിൽ 13 പേർ നഗരസഭ-പഞ്ചായത്ത് തലത്തിലും രണ്ടുപേർ ബ്ലോക്കിലേക്കുമാണ് വിജയിച്ചത്. പുറക്കാട് സി.ഡി.എസാണ് രണ്ടാമത്. 13പേർ. 12 അയൽക്കൂട്ടാംഗങ്ങളും ഒരുഓക്സിലറി ഗ്രൂപ് അംഗവുമുണ്ട്. ഇവരിൽ ഒരാൾ ബ്ലോക്കിലേക്കും ബാക്കിയുള്ളവർ പഞ്ചായത്ത്-നഗരസഭ എന്നിവയിലേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കുറവ് തിരുവൻവണ്ടൂർ സി.ഡി.എസിലാണ്. 10 പേർ മത്സരിച്ചതിൽ ഒരാൾ മാത്രമാണ് വിജയിച്ചത്.


