ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
text_fieldsആലപ്പുഴ: ഓൺലൈൻ ജോലി വാഗ്ദാനം നൽകി പണംതട്ടിയ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. താണെ സ്വദേശി ആദിൽ അക്രം ഷെയ്ഖിനെയാണ് (30) ആലപ്പുഴ സൈബർ ക്രൈം പൊലീസ് പിടികൂടിയത്. ആലപ്പുഴ തഴക്കര സ്വദേശിയിൽനിന്ന് 25,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
മാർക്കറ്റിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി പരാതിക്കാരനെ വാട്സ്ആപ് വഴി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. ഗൂഗിൾമാപ് ലിങ്ക് അയച്ച് അതിൽ കാണുന്ന ഹോട്ടലുകൾക്ക് റേറ്റിങ് നടത്തിയശേഷം ചെറിയ തുക പ്രതിഫലം നൽകി വിശ്വസിപ്പിച്ചാണ് തുടക്കം.
പിന്നീട് നിക്ഷേപം എന്നപേരിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങിയാണ് തട്ടിപ്പ്. രണ്ട് ഇടപാടുകളിലായി 25,000 രൂപയാണ് നഷ്ടമായത്. പരാതിയെത്തുടർന്ന് മഹാരാഷ്ട്രയിലെ മിര ഭയാന്തർ മുനിസിപ്പാലിറ്റിയിലെ ഡോംഗ്രി എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ പ്രകാരം ഇയാൾക്കെതിരെ 87പരാതികൾ നിലവിലുണ്ട്. ഇതിൽ അഞ്ചെണ്ണം കേരളത്തിലാണ്.
നേരത്തേ സമാനകേസിൽ ഡൽഹി ഉത്തംനഗർ സ്വദേശിയായ ആകാശ് ശ്രീവാസ്തവയെ (28) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.