ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് സ്ത്രീകളെ വഞ്ചിക്കുന്നയാൾ പിടിയിൽ
text_fieldsമുഹമ്മദ് അജ്മൽ ഹുസൈൻ
കൊച്ചി: ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ പീഡിപ്പിച്ച് പണം തട്ടുന്ന പ്രതി പിടിയിൽ. പുന്നപ്ര സ്വദേശി മുഹമ്മദ് അജ്മൽ ഹുസൈനെ (29)യാണ് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമീഷണർ സിബി ടോമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നിരവധി പെൺകുട്ടികളെ ഇയാൾ ചൂഷണം ചെയ്തിട്ടുണ്ട്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. ഇയാളുമായി പിണങ്ങിയ ഭാര്യ നിലവിൽ ഹൈദരാബാദിലാണുള്ളത്. ഒമ്പത് മാസമായി ബംഗളൂരുവിലും ഹൈദരാബാദിലുമായി ഇയാൾ ഒളിവിലായിരുന്നു. പ്രതിയുടെ വീട്ടുകാരെയും കൂട്ടുകാരെയും ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ ഇയ്യാൾ ഇപ്പോൾ സൂഫി ലൈക് എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും മറ്റൊരു പെൺകുട്ടിയുമായി അടുത്ത ആഴ്ച വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും പൊലീസിന് മനസിലായി.
പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ വിവിധ സേന വിഭാഗങ്ങളുടെ ഉന്നത പദവിയിലുള്ളവരുടെ യൂനിഫോം ധരിച്ചുള്ള വ്യാജ ഫോട്ടോകളും ഐഡന്റിറ്റി കാർഡുകളും കണ്ടെത്തിയിട്ടുണ്ട്.