മാറ്റിസ്ഥാപിച്ച കള്ളുഷാപ്പിന് മുന്നിൽ പന്തൽ കെട്ടി സമരം
text_fieldsമാറ്റിസ്ഥാപിച്ച കള്ളുഷാപ്പിന് മുന്നിൽ നാട്ടുകാർ പന്തൽ കെട്ടിസമരം തുടങ്ങിയപ്പോൾ
മണ്ണഞ്ചേരി: നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മാറ്റി സ്ഥാപിച്ച കള്ളുഷാപ്പിന് മുന്നിൽ നാട്ടുകാർ പന്തൽ കെട്ടി സമരം തുടങ്ങി. ഷാപ്പിലേക്ക് കള്ള് എത്തിക്കാനും സമരക്കാർ അനുവദിച്ചില്ല. തമ്പകച്ചുവട് ജങ്ഷന് സമീപം പ്രവർത്തനം ആരംഭിച്ച കള്ളുഷാപ്പിന് മുന്നിലാണ് സ്ത്രീകളുടെ നേതൃത്വത്തിൽ പന്തൽ കെട്ടി സമരം തുടങ്ങിയത്. ഷാപ്പ് മാറ്റി സ്ഥാപിക്കുന്നതിന് മുമ്പ് നാട്ടുകാരുടെ അഭിപ്രായം തേടിയ ശേഷമേ അനുമതി നൽകാവൂ എന്ന് കലക്ടർ നിർദേശിച്ചിരുന്നു. എന്നാൽ, ഇത് പാലിക്കാതെ ഷാപ്പ് മാറ്റാൻ എക്സൈസ് വകുപ്പ് അനുമതി നൽകുകയായിരുന്നത്രെ. ഇതേതുടർന്നാണ് ഷാപ്പിന്റെ പ്രവർത്തനം തടഞ്ഞ് സ്ത്രീകൾ സമരം തുടങ്ങിയത്. ഇപ്പോൾ പ്രവർത്തനം ആരംഭിച്ചതിന് സമീപമുള്ള മറ്റൊരു കെട്ടിടത്തിലായിരുന്നു നേരത്തേ ഷാപ്പ് പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്ന് മാറി സ്വന്തമായി സ്ഥലം വാങ്ങിയാണ് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചത്.
ഷാപ്പ് മറ്റെവിടേക്കെങ്കിലും മാറ്റുന്നത് വരെ സമരം തുടരും എന്നാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ, എല്ലാ അനുമതിയും ലഭിച്ച ശേഷമാണ് പ്രവർത്തനം ആരംഭിച്ചതെന്ന നിലപാടിലാണ് ഷാപ്പുടമ. സംഭവം സംബന്ധിച്ച് പൊലീസിന്റെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് തയ്യാറാക്കി വരുകയാണ്. ഷാപ്പ് പ്രവർത്തനം തുടർന്നാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.


