ഓർഡർ നൽകിയാൽ മതി; സ്റ്റീൽ പാത്രത്തിലെത്തും വിഭവസമൃദ്ധമായ ഊണ്
text_fieldsമഴവില്ല് കുടുംബശ്രീ യൂനിറ്റ് അംഗങ്ങളും സഹപ്രവർത്തകരും
മണ്ണഞ്ചേരി: ഓർഡർ നൽകിയാൽ സ്റ്റീൽ ഡെപ്പയിൽ നല്ല വിഭവ സമൃദ്ധമായ നാടൻ ഊണ് മുന്നിലെത്തും. അതും 70 രൂപക്ക്. മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡിൽ പ്രവർത്തിക്കുന്ന മഴവില്ല് കുടുംബശ്രീ യൂനിറ്റാണ് ‘മഴവില്ല്’ ഉച്ചയൂണ് പദ്ധതിക്ക് തുടക്കമിട്ടത്. ടി. ഹഫീദ പ്രസിഡന്റായുള്ള കൂട്ടായ്മയിൽ എ.എൽ.ഷീജ, കെ.ആമിന, എ.അനീഷ, കുമാരി, പി.എം.ജുനൈദ എന്നിവരാണ് അംഗങ്ങൾ. കൂടുതൽ പേരും ബിരുദധാരികളാണ്. സ്വയം സംരംഭം എന്ന ആഗ്രഹത്തിൽനിന്നാണ് ഇരിപ്പിടങ്ങളിൽ പാത്രങ്ങളിൽ ഊണ് എത്തിക്കണമെന്ന ആശയം ഉടലെടുത്തത്. യൂനിറ്റ് അംഗങ്ങൾ വീടുകളിലുണ്ടാക്കിയ ചോറും കറികളുമാണ് എത്തിക്കുന്നത്.
പാത്രം പിന്നീട് ഓഫിസുകളിലെത്തി ശേഖരിക്കും. മണ്ണഞ്ചേരി, ആര്യാട്, മുഹമ്മ പഞ്ചായത്തുകൾ, ആലപ്പുഴ നഗരപരിധിയിലെ ഓഫിസുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ ഊണ് എത്തിക്കാൻ ശ്രമം നടത്തിയത്. ഇപ്പോൾ ആലപ്പുഴ കലക്ടറേറ്റ്, നഗരസഭ, വാട്ടർ അതോറിറ്റി, മിനി സിവിൽ സ്റ്റേഷൻ, എക്സൈസ് ഓഫിസ്, താലൂക്ക്, കോടതി, കെ.എസ്.ആർ.ടി.സി, ഡ്രഗ് ഇൻസ്പെക്ടറേറ്റ് ഓഫിസ്, കുട്ടികളുടെയും വനിതകളുടെയും ആശുപത്രി ഓഫിസുകളിൽ ഊണ് എത്തിക്കുന്നു. തിങ്കൾ മുതൽ ശനി വരെയാണ് ഊണ് ലഭ്യമാകുന്നത്. ഊണ് വേണ്ടവർ രാവിലെ എട്ടരക്ക് മുമ്പ് വാട്സ് ആപ്പ് നമ്പർ വഴി ബുക്ക് ചെയ്യണം. വെള്ളിയാഴ്ച ഊണിന് പകരം നെയ്ച്ചോറും ബീഫുമാണ്. ഇതിനു 90 രൂപയാണ് നിരക്ക്. ഊണിനൊപ്പം എല്ലാ ദിവസവും മീൻ കറിയോ മീൻ വറുത്തതോ ഉണ്ടാകും. കൂടെ സാമ്പാറും മോരും. എല്ലാ ദിവസവും തോരനും മെഴുക്കു പുരട്ടിയും അച്ചാറും കാണും.
ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങളാണ് വിളമ്പുന്നത്. വെള്ളിയാഴ്ച ഒഴികെ ദിവസങ്ങളിൽ 11 ന് മുമ്പ് ഊണ് ഇരിപ്പിടത്തിൽ എത്തിക്കും. വെള്ളിയാഴ്ച ഒരു മണി വരെ കാത്തിരിക്കണം. അംഗങ്ങൾ തന്നെ ഇരുചക്ര വാഹനത്തിലാണ് ഊണ് എത്തിക്കുന്നത്. ദിവസവും നൂറ് ഊണ് എന്നതാണ് ലക്ഷ്യം. വൈകാതെ അതിലേക്ക് എത്തിച്ചേരുമെന്നാണ് വിശ്വാസത്തിലാണെന്ന് ടി.ഹഫീദ പറഞ്ഞു. ഫോൺ: 70348 38158.