ആറുമാസത്തിനിടെ നഷ്ടമായത് രണ്ട് മക്കളെ; സങ്കടക്കയത്തിൽ കുഞ്ഞുമോനും ബിന്ദുവും
text_fieldsമണ്ണഞ്ചേരി: ആറു മാസത്തിനിടെ അപകടത്തിന്റെ രൂപത്തിൽ വിധി തിരിച്ചുകൊണ്ടു പോയത് ആകെയുള്ള രണ്ടു മക്കളെ. സങ്കട കയത്തിലായ ലോഡിങ്ങ് തൊഴിലാളി കാവുങ്കൽ പൂത്താട്ട് കുഞ്ഞുമോനെയും ബിന്ദുവിനെയും ആശ്വസിപ്പിക്കാനാവതെ ബന്ധുക്കളും നാട്ടുകാരും. മൂത്ത മകൻ അമലും (26) ഇളയ മകൻ അഖിലും (25) ബൈക്ക് അപകടങ്ങളിൽ മാസങ്ങളുടെ അകലത്തിലാണ് മരിച്ചത്.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കലക്ഷൻ ഏജന്റായി പ്രവർത്തിച്ചിരുന്ന മൂത്ത മകൻ അമൽ കഴിഞ്ഞ ഒക്ടോബർ 26ന് മുട്ടത്തിപ്പറമ്പിന് സമീപം അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ് മരിച്ചു. മുന്നിൽ പോയി അപ്രതീക്ഷിതമായി വെട്ടിച്ച ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതോടെ നിയന്ത്രണം വിട്ട ബൈക്ക് റോഡരുകിൽ കൂട്ടിയിട്ടിരുന്ന മരക്കഷണത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ചികിൽസക്ക് പണം കണ്ടെത്താൻ നാട്ടുകാർ ചേർന്ന് നീക്കം നടത്തുന്നതിനിടെ അമൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭാര്യയും കുഞ്ഞും ഉള്ള അമലിന്റെ മരണം നാട്ടുകാർക്കും വലിയ വേദനയായി. ഇതിനിടെയാണ് 12ന് രാത്രി അമലിന്റെ ഏക സഹോദരൻ അഖിലും അപകടത്തിൽപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെ ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ മുഹമ്മ സി.എം.എസ് സ്കൂളിന് സമീപം അഖിൽ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു.
അഖിലിനും തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചു. ചെറുപ്പത്തിൽ തന്നെ ജോലി കണ്ടെത്തി കുടുംബത്തിന് കൈത്താങ്ങായവരാണ് അമലും അഖിലും.