മലിന ജലത്തിൽനിന്ന് കരകയറാനാകാതെ മണ്ണഞ്ചേരിക്കാർ
text_fieldsവറ്റാറായ പുത്തൻപറമ്പ് തക്യാവ് കുളം. ഈ കുളത്തിൽനിന്ന് മാത്രം ഒമ്പതോളം കുടുംബങ്ങൾ വെള്ളം എടുക്കുന്നു
മണ്ണഞ്ചേരി: ജില്ലയിൽ ജീവജലത്തിനായി ഏറ്റവുമധികം മുറവിളി ഉയരുന്നത് മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം പഞ്ചായത്തുകളിൽനിന്നാണ്. പതിറ്റാണ്ടുകളായി ഉയരുന്ന ഇവിടത്തുകാരുടെ മുറവിളി ഇന്നും ശക്തമായി തുടരുകയാണ്.
പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് ആത്മാർഥമായ ശ്രമം ഉണ്ടായില്ല. ഇപ്പോൾ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻപോലും പണം കൊടുത്ത് വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്. പ്രശ്നം പരിഹരിക്കാൻ നിരവധി പദ്ധതികൾ തുടങ്ങിയെങ്കിലും മണ്ണഞ്ചേരിയിൽ ഒന്നും ഫലംകണ്ടില്ല. ജങ്ഷന് കിഴക്കുള്ള ഏക ആർ.ഒ പ്ലാന്റും അടഞ്ഞു.
കായലോര മേഖലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ വലിയവീട് ഭാഗത്ത് ലക്ഷങ്ങൾ മുടക്കി കൂറ്റൻ ജലസംഭരണി പണിതെങ്കിലും അതും നോക്കുകുത്തിയായി. സംസ്ഥാന ജലവിഭവ വകുപ്പിന്റെ പൈപ്പിൽ കൂടി വരുന്ന ശുദ്ധമല്ലാത്ത ‘ശുദ്ധജലമാണ്’ ഏക ആശ്രയം. ഗത്യന്തരമില്ലാതായതോടെ മിക്കപ്പോഴും ഉപ്പും അഴുക്കും കലർന്ന ഈ വെള്ളമാണ് കുടിക്കാനും പാചകത്തിനും മറ്റും ഉപയോഗിച്ചിരുന്നത്.
ഈ വെള്ളം നിന്നിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിട്ടു. പ്രദേശത്ത് വെള്ളത്തിനായി ആശ്രയിച്ചിരുന്ന പരമ്പരാഗത കുടിവെള്ള സ്രോതസ്സുകളായ കുളങ്ങളും കിണറുകളും വറ്റിവരണ്ടതാണ് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയത്.
ഇതോടെ മലിനജലമാണ് പല വീടുകളിലും ഉപയോഗിക്കുന്നത്. കുടിവെള്ള ക്ഷാമം പറയുമ്പോൾ സാങ്കേതികത്വം പറഞ്ഞ് കൈമലർത്തുകയാണ് ജല വകുപ്പ്.
ഏറെ പ്രതീക്ഷയോടെ ജനം കാത്തിരുന്ന ജപ്പാന് കുടിവെള്ളം മുഹമ്മ പഞ്ചായത്തിലെ അയ്യാടുപറമ്പ് ഭാഗത്തുവരെ മാത്രമേ എത്തുന്നുള്ളൂ. ഈ പദ്ധതിയിലും മണ്ണഞ്ചേരിയെ ഉൾപ്പെടുത്തിയിട്ടില്ല. ഇതിലും അധികൃതരുടെ സമയോചിത ഇടപെടൽ ഉണ്ടായില്ല.
ജപ്പാൻ കുടിവെള്ള പദ്ധതി മണ്ണഞ്ചേരിയിലേക്ക് അടിയന്തരമായി നീട്ടുകയോ ആലപ്പുഴ കുടിവെള്ള പദ്ധതി കൃത്യമായ രീതിയിൽ പ്രവർത്തിക്കുകയോ ചെയ്താലേ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുകയുള്ളൂ.
കോടികൾ മുടക്കി വികസന പ്രവർത്തനങ്ങൾ നടക്കുന്ന പഞ്ചായത്ത് പ്രദേശത്ത് അടിസ്ഥാന ആവശ്യമായ വെള്ളപ്രശ്നത്തിൽ ഗൗരവമായ ഇടപെടൽ ഉണ്ടാകുന്നില്ല.