ബിനുവിന് പുതുജീവനേകി മണ്ണഞ്ചേരിയും തെരുവോരം മുരുകനും
text_fieldsതെരുവോരം മുരുകന്റെ നേതൃത്വത്തിൽ ബിനുവിനെ
ഏറ്റെടുക്കുന്നു
മണ്ണഞ്ചേരി: സ്വന്തം വീട്ടിലെ ഇരുളടഞ്ഞ മുറിയിൽ അഴികൾക്കുള്ളിലായിരുന്ന ബിനുവിന് ജീവിതത്തിൽ വെളിച്ചമേകി മണ്ണഞ്ചേരിയും തെരുവോരം മുരുകനും. പഞ്ചായത്ത് 20 ാം വാർഡിൽ പരേതനായ ബാബുവിന്റെയും ശോഭനയുടെയും മകനായ ബിനു സാധാരണ ജീവിതം നയിച്ചു വരികയായിരുന്നു. ഒരു യാത്രക്കിടയിലാണ് മാനസിക ആരോഗ്യം നഷ്ടപ്പെട്ട് വീട്ടുതടങ്കലിലായത്. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നിരവധി തവണ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ബിനു അതിനൊന്നും വഴങ്ങിയില്ല.
ആക്രമണം സ്വഭാവം കാണിക്കുന്നത് പതിവായതോടെ നാട്ടുകാർക്കും വീട്ടുകാർക്കും അടുക്കാൻ പറ്റാത്ത അവസ്ഥയായി. ഒടുവിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇടപെടലിലൂടെ വീടിനകത്ത് തന്നെ ഒരു മുറി ഉണ്ടാക്കി ബിനുവിനെ വർഷങ്ങളായി അതിനകത്ത് അടച്ച് സംരക്ഷിച്ചു വരികയായിരുന്നു. പ്രാഥമിക കാര്യങ്ങളെല്ലാം ആ മുറിക്കകത്ത് തന്നെയാണ് നിറവേറ്റിയിരുന്നത്. അമ്മയോ അടുത്ത ബന്ധുക്കളോ ചെന്ന് മുറി വൃത്തിയാക്കുകയും ഭക്ഷണം കൊടുക്കലുമായിരുന്നു പതിവ്. രോഗിയായ മാതാവ് ശോഭന തനിക്ക് ശേഷം മകന്റെ അവസ്ഥയോർത്ത് വ്യാകുലതപ്പെട്ടിരിക്കുകയായിരുന്നു. തുടർന്ന് ബിനുവിന്റെ കരളലിയിക്കുന്ന കഥന കഥ സാമൂഹിക പ്രവർത്തകനും വ്ലോഗറുമായ സക്കീർ ഹുസൈൻ പൊക്കത്തിലും വെൽഫെയർ പാർട്ടി നേതാവ് നൗഷാദ് കരിമുറ്റവും പുറം ലോകത്ത് എത്തിക്കുകയായിരുന്നു.
എറണാകുളം വനിതാ പോലീസ് റിട്ട.എസ്.ഐ ശ്രീദേവിയുടെ ഇടപെടലിൽ തെരുവോരം മുരുകനുമായി സക്കീർ ഹുസൈനും നൗഷാദും ബന്ധപ്പെടുകയും ബിനുവിന് പുതുജീവൻ കിട്ടുകയായിരുന്നു. സന്നദ്ധ പ്രവർത്തകൻ തെരുവോരം മുരുകൻ നേരിട്ടെത്തി ബിനുവിനെ ഏറ്റെടുത്തു. പഞ്ചായത്ത് അംഗം അജീഷ്, സാമൂഹിക പ്രവർത്തകൻ റിയാസ് കുന്നപ്പള്ളി, ആംബുലൻസ് ഡ്രൈവർ അസ്ലം പൊന്നാട് എന്നിവരുടെ നേതൃത്വത്തിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കി ബിനുവിനെ തൃശൂർ കോടതിയിൽ ഹാജരാക്കി. കോടതി ഉത്തരവ് പ്രകാരം തൃശൂർ ഗവ.മാനസികാരോഗ്യ കേന്ദ്രത്തിൽ വിദഗ്ദ്ധ ചികിത്സ ആരംഭിച്ചിട്ടുണ്ട്. മണ്ണഞ്ചേരി പൊലീസ് നിയമസഹായവും ലഭ്യമാക്കി.


