തെരുവുനായുടെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞിനടക്കം നിരവധിപേർക്ക് പരിക്ക്
text_fieldsതെരുവുനായ് ആക്രമണത്തിൽ പരിക്കേറ്റ നാലുവയസ്സുകാരനായ അഞ്ജൽ പിതാവിനൊപ്പം, അബ്ദുൽ നാസർ, , അതുൽ കൃഷ്ണ
മണ്ണഞ്ചേരി: തെരുവ് നായയുടെ ആക്രമണത്തിൽ നാല് വയസുകാരനും തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി അടക്കം പത്തോളം പേർക്കും നായയുടെ കടിയേറ്റു. പഞ്ചായത്ത് ഒമ്പതാം വാർഡ് കാട്ടു വേലിക്കകത്ത് അനീഷിന്റെ മകൻ അഞ്ജൽ (നാല്), പത്ര വിതരണത്തിന് പോയ നോർത്ത് ആര്യാട് പുലിക്കാട്ടിൽ അതുൽ കൃഷ്ണ (19), പത്താം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥിയും പഞ്ചായത്ത് മുൻ അംഗവുമായ കൊല്ലംവെളിയിൽ സുധർമ രാജേന്ദ്രൻ (54), കന്യാകോണിൽ ബീമ (70),കാളാത്ത് തിരുവോണത്തിൽ സതീഷ് കുമാർ (57), ചുങ്കം ചിറയിൽ മോബിൻ വർഗീസ് (33), കാട്ടുവേലിക്കകത്ത് സലിയപ്പന്റെ ഭാര്യ ബിന്ദു (40), ജംഗ്ഷ വാലയിൽ ഗീത (58), നമ്പ്യാനവെളിയിൽ അബ്ദുൽ നാസർ തുടങ്ങി ഒമ്പതു പേർക്കാണ് കടിയേറ്റത്.
ആക്രമണം നേരിട്ട എല്ലാവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. രണ്ട് പേരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ആറോടെ വീട്ട് മുറ്റത്ത് ചേച്ചിക്കൊപ്പം കളിക്കുമ്പോൾ ആയിരുന്നു അഞ്ജലിയെ തെരുവ് നായ ആക്രമിച്ചത്.കുട്ടിയുടെ ദേഹത്തേക്ക് ചാടി വീണ നായയെ അമ്മൂമ്മ എത്തി ഓടിച്ച്, കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. തെരഞ്ഞെടുപ്പിൽ നാമ നിർദേശപത്രിക സമർപ്പണ കാര്യം പറയുവാൻ അടുത്ത വീട്ടിൽ എത്തിയപ്പോഴായിരുന്നു സുധർമ്മക്ക് കടിയേറ്റത്.
രണ്ട് കാലുകളിലും ഇവർക്ക് കടിയേറ്റു. നായയുടെ ആക്രമണത്തിൽ ബീമയുടെ കൈവിരൽ അറ്റ നിലയിലായി.പുലർച്ച പത്രം വിതരണം ചെയ്യുന്നതിനിടെയായിരുന്നു അതുലിന് കടിയേറ്റത്. പിന്നിൽ നിന്ന് വന്ന് കാലിൽ കടിക്കുകയായിരുന്നു. പലരുടെയും കാലുകൾക്കാണ് കടിയേറ്റത്. രാവിലെ ആറ് മുതൽ തുടങ്ങിയ ആക്രമണം പത്ത് വരെ നീണ്ടു. മൃഗ സംരക്ഷണ വകുപ്പ് എത്തി നായയുടെ സ്രവം ശേഖരിച്ചിട്ടുണ്ട്. പരിശോധനകൾക്ക് ശേഷമേ നായക്ക് പേവിഷ ബാധ ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ.
ഭീതിയിൽ ജനം
മണ്ണഞ്ചേരി: തെരുവുനായ് ശല്യത്തിൽ പേടിച്ച് പ്രദേശവാസികൾ. മണ്ണഞ്ചേരിയിലും പരിസര പ്രദേശത്തുമാണ് തെരുവ് നായ ശല്യം രൂക്ഷമായത്. റോഡ് മുക്കിൽ ബുധനാഴ്ച മാത്രം പിഞ്ചു കുഞ്ഞ് ഉൾപ്പടെ ഒമ്പതു പേർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. മണ്ണഞ്ചേരി ജങ്ഷനിൽ ഉൾപ്പടെ തെരുവ് നായ ശല്യം രൂക്ഷമാണ്. തെരുവ് നായ കാരണം റോഡിൽ കാൽനട- ഇരു ചക്രവാഹനയാത്രികർ ഉൾപ്പടെ അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്. ആര്യാട് ബ്ലോക്ക് ഓഫിസിൽ കഴിഞ്ഞ ദിവസം അമ്മയെയും കുഞ്ഞിനെയും തെരുവ് നായകൾ ഓടിച്ച സംഭവം ഉണ്ടായിരുന്നു.
മണ്ണഞ്ചേരി കിഴക്ക് പടിഞ്ഞാറ് മേഖലകളിലെ ചെറിയ റോഡ് വഴികളിൽ തെരുവ് നായ കൂട്ടമായി വിഹരിക്കുന്നത് കുട്ടികളെയടക്കം ഭയപ്പെടുത്തുന്നുണ്ട്. അതി രാവിലെ ട്യൂഷൻ ഉൾപ്പടെ പോകുന്ന കുട്ടികൾ ഏറെ പേടിയോടെയാണ് യാത്ര ചെയ്യുന്നത്. അപകടത്തിൽപെടുന്ന പലരും ദിവസങ്ങളും മാസങ്ങളും ചികിത്സ തേടണം. റോഡിൽ മാലിന്യം നിറയുന്നതും തെരുവ് നായകളുടെ എണ്ണം കൂടാൻ കാരണമാകുന്നുണ്ട്. അധികൃതർ അടിയന്തിര ഇടപെടൽ നടത്തി തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


