134 കോടിയുടെ വികസനം മാവേലിക്കരയിൽ വൻപദ്ധതിയുമായി വൈദ്യുതി ബോർഡ്
text_fieldsമാവേലിക്കര: നിയമസഭ മണ്ഡലപരിധിയിൽ 134.05 കോടിയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി വൈദ്യുതി ബോർഡ്. മാവേലിക്കര താലൂക്കിനും സമീപ താലൂക്കുകളിലെ വിവിധ പ്രദേശങ്ങൾക്കും പ്രയോജനം ലഭിക്കുന്ന 10 പദ്ധതിയാണ് നടപ്പാക്കുന്നത്.
മാവേലിക്കര 110 കെ.വി സബ്സ്റ്റേഷൻ നവീകരണമാണ് ആദ്യപദ്ധതി. 54.17 കോടി ചെലവുവരുന്ന പദ്ധതി 18 മാസത്തിനകം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
ഇടപ്പോൺ മുതൽ മാവേലിക്കര വരെയുള്ള 66 കെ.വി ലൈൻ 110 കെ.വിയാക്കി ശേഷി വർധിപ്പിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. 20.85 കോടിയാണ് ചെലവ്. ഈ പദ്ധതി പൂർത്തിയാകുമ്പോൾ മാവേലിക്കര മണ്ഡലത്തിൽ പൂർണമായും കായംകുളം, തിരുവല്ല മണ്ഡലങ്ങളിൽ ഭാഗികമായും ഗുണം ലഭിക്കും. കല്ലുമല റെയിൽവേ മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട് 2.1 കോടി ചെലവഴിച്ചുള്ള ലൈൻ നവീകരണമാണ് മൂന്നാമത്തെ പദ്ധതി.
കോട്ടയം പള്ളം-മാവേലിക്കര 66 കെ.വി ലൈനിന്റെ മാവേലിക്കര മുതൽ തിരുവല്ല വരെയുള്ള ഭാഗം 110 കെ.വിയായി ശേഷി വർധിപ്പിക്കലാണ് നാലാമത്. 26.25 കോടി ചെലവഴിച്ചുള്ള പദ്ധതി പൂർത്തീകരിക്കുന്നതോടെ മാവേലിക്കര, തിരുവല്ല സബ് സ്റ്റേഷനുകളിലെ പ്രസരണ സംവിധാനം കൂടുതൽ കാര്യക്ഷമമാകും.
2.06 കോടി ചെലവഴിച്ച് കറ്റാനം 66 കെ.വി സബ്സ്റ്റേഷനിൽ പുതുതായി ഒരു 66 കെ.വി ട്രാൻസ്ഫോർമർ സ്ഥാപിച്ച് ശേഷി 30 മെഗാവാട്ടാക്കി വർധിപ്പിക്കുന്നതാണ് അഞ്ചാമത്തെ പദ്ധതി.
2.35 കോടി ചെലവഴിച്ച് വള്ളികുന്നം 33 കെ.വി സബ്സ്റ്റേഷനിൽ നിലവിലെ അഞ്ച് ട്രാൻസ്ഫോർമറിന്റെ ശേഷി വർധിപ്പിക്കുന്നതാണ് ആറാമത്തെ പദ്ധതി.
ഇടപ്പോൺ 220 കെ.വി സബ്സ്റ്റേഷനിൽ മാത്രം നാലുപദ്ധതിയാണ് നടപ്പാക്കുക. രണ്ടു ഫീഡർബേകൾ സ്ഥാപിച്ച് പത്തനംതിട്ട ജില്ലയിലേക്ക് വൈദ്യുതിയെത്തിക്കുന്നതിന് 8.5 കോടി, 66 കെ.വി ബേകൾ 110 കെ.വിയാക്കി ശേഷി വർധിപ്പിക്കലും നിലവിലെ 110 കെ.വി ഡബിൾ ബേസിന്റെ വിപുലീകരണവും നടപ്പാക്കുന്നതിന് 15.6 കോടി, 110 കെ.വി 10 മെഗാവാട്ട് ട്രാൻസ്ഫോർമർ പുതുതായി സ്ഥാപിക്കാൻ 2.17 കോടി, നിലവിലെ മൂന്ന് 66 കെ.വി 10 മെഗാവാട്ട് ട്രാൻസ്ഫോർമറുകൾക്കു പകരം രണ്ട് 110 കെ.വി 20 മെഗാവാട്ട് ട്രാൻസ്ഫോർമർ സ്ഥാപിച്ച് സബ്സ്റ്റേഷന്റെ ശേഷി 30 മെഗാവാട്ടിൽനിന്ന് 40 മെഗാവാട്ടായി വർധിപ്പിക്കാൻ 8.3 കോടി എന്നിങ്ങനെയാണ് ഇടപ്പോൺ സബ്സ്റ്റേഷന്റെ നവീകരണത്തിന് ചെലവഴിക്കുക.
വാർത്തസമ്മേളനത്തിൽ എം.എസ്. അരുൺകുമാർ എം.എൽ.എ, കെ.എസ്.ഇ.ബി പ്രസരണ വിഭാഗം ആലപ്പുഴ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി. ശ്രീകുമാർ, മാവേലിക്കര എക്സി. എൻജിനീയർ പ്രദീപ്കുമാർ, ഇടപ്പോൺ അസി. എക്സി. എൻജിനീയർ ഡോ. ബിജു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.