വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 50ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം
text_fieldsചാരുംമൂട്: താമരക്കുളത്ത് ഒരു മാസം മുന്‍പ് നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്ത അൻപതോളം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. താമരക്കുളം പഞ്ചായത്തിലെ ചത്തിയറയിൽ നടന്ന വിവാഹ സൽക്കാരത്തില്‍ പങ്കെടുത്തവർക്കാണ് രോഗം ബാധിച്ചത്. മെയ് ഒന്നിനായിരുന്നു ചടങ്ങ്.
താമരക്കുളം ചത്തിയറക്ക് പുറമേ സൽകാരത്തിൽ പങ്കെടുത്ത സമീപ പഞ്ചായത്തായ വള്ളികുന്നത്തെ കടുവിനാലിലുള്ള നിരവധി പേർക്കും രോഗം സ്ഥിരീകരിച്ചു. ഇവിടെ എട്ട്, ഒൻപത് വാർഡുകളിലാണ് കൂടുതൽ പേർക്ക് രോഗം പിടിപ്പെട്ടത്. വരും ദിവസങ്ങളില്‍ മാത്രമേ കൂടുതല്‍ പേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നിരവധിപേർ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. രോഗം ഗുരുതരമായ ചിലർ കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളജ്, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് താമരക്കുളം, ചത്തിയറ, വള്ളികുന്നം കടുവിനാൽ പ്രദേശത്ത് പരിശോധന നടത്തി.