രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യസാധനങ്ങളില്ലാതെ അഗ്നിരക്ഷസേന
text_fields1. ആനന്ദനെ കോണ്‍ക്രീറ്റിനായി ഇട്ടിരുന്ന തട്ടിനിടയില് നിന്ന് പുറത്തെടുക്കുന്നു, 2. അപകടത്തില്‍ പരിക്കേറ്റ ശിവശങ്കർ
മാവേലിക്കര: തഴക്കരയില്‍ വീടിനു സമീപം നിര്‍മാണത്തിലിരുന്ന പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ആധുനിക ഉപകരണങ്ങള്‍ ഇല്ലാത്തതുകാരണം തൊഴിലാളികളെ കോണ്ക്രീറ്റിനിടയില്നിന്ന് മാറ്റാന്‍ മാവേലിക്കര അഗ്നിരക്ഷസേനക്ക് ഏറെ പണിപ്പെടേണ്ടി വന്നു. സുരേഷിനെ താഴെനിന്ന് തട്ടുകള്‍ കമ്പി ഉപയോഗിച്ച് തള്ളിനീക്കി പുറത്ത് എടുക്കുമ്പോള്‍തന്നെ അപകടം നടന്ന് ഒരുമണിക്കൂര്‍ പിന്നിട്ടിരുന്നു. ആനന്ദനെ മാറ്റാനായി കോണ്‍ക്രീറ്റ് കട്ടര്‍ ഉൾപ്പെടെ ആധുനിക ഉപകരണങ്ങള്‍ വേണ്ടിവന്നു. കായംകുളത്തുനിന്ന് അഡ്വാന്‍സ്ഡ് റസ്ക്യൂ ടൂള്‍ യൂനിറ്റ് വന്നാണ് ആനന്ദനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. നാല് മണിയോടെയാണ് പുറത്തെടുക്കാനായത്.
കോണ്‍ക്രീറ്റിന്റെ തട്ട് ഇളക്കലിന്റെ അവസാനഘട്ട പണികള്‍ക്കായാണ് ഉച്ചയൂണിനുശേഷം ആനന്ദന്, സുരേഷ്, ശിവശങ്കര്‍ എന്നിവര്‍ തട്ടിനു മുകളിൽ കയറിയത്. പണി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ വലിയ ശബ്ദത്തോടെ മേല്‍ക്കൂര ഭിത്തിയുടെ പൊക്കത്തില്‍ സ്ഥാപിച്ചിരുന്ന മറ്റൊരു തട്ടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ഏണിയില്‍ തട്ടിന്റെ ഷീറ്റുകള്‍ എടുത്തു മാറ്റാൻ നിന്ന കാട്ടുവള്ളില്‍ കുറ്റിയില്‍ വീട്ടില്‍ സുരേഷ് താഴേക്ക് ചാടി. താഴെ നില്‍ക്കുകയായിരുന്ന രാജുവിന്റെ അലര്‍ച്ച കേട്ട് പ്രദേശവാസികള്‍ ആനന്ദന്, സുരേഷ്, ശങ്കര്‍ എന്നിവര്‍ മൂവരും കുടുങ്ങിയെന്നാണ് കരുതിയത്. തുടര്‍ന്ന് താഴെ വീണു കിടന്ന ശിവശങ്കറിനെ കണ്ടെത്തി. പിന്നെ നാട്ടുകാരും തൊഴിലാളികളും ആദ്യഘട്ടത്തില്‍ അനക്കമുണ്ടായിരുന്ന ഇരുവരെയും രക്ഷിക്കാൻ പരിശ്രമിച്ചു.
എന്നാല്‍, സ്ഥലത്തെത്തിയ അഗ്നിരക്ഷസേനയും പൊലീസും ഒരുമണിക്കൂറിലേറെ നടത്തിയ ശ്രമത്തിനൊടുവിലാണ് സുരേഷിനെ കണ്ടത്താൻ കഴിഞ്ഞത്. പുറത്തെടുത്തപ്പോഴേക്കും സുരേഷ് നിശ്ചലനായിരുന്നു. സഹതൊഴിലാളികളും അപകടത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ശിവശങ്കറിനും സുരേഷിനും രാജുവിനും ഇപ്പോഴും നടുക്കംമാറിയിട്ടില്ല.