കഞ്ചാവുമായി കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ
text_fieldsജിതിൻ കൃഷ്ണ
മാവേലിക്കര: മാവേലിക്കരയിൽ1.286 കിലോഗ്രാം കഞ്ചാവുമായി കെ.എസ്.ആർ.ടി.സി ജീവനക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ ഉതൃട്ടാതി വീട്ടിൽ ജിതിൻ കൃഷ്ണ(സന്ദീപ്-35) ആണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ച 12.30 ഓടെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്റെചുവട് ജങ്ഷനിൽ വച്ച് വാഹന പരിശോധനക്കിടയിലാണ് ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ് ജിതിൻ കൃഷ്ണ. ഇയാൾ സഞ്ചരിച്ച ബൈക്കും എക്സൈസ് പിടിച്ചെടുത്തു.
2010 മുതൽ കണ്ടക്ടറായി ജോലി ചെയ്ത് വരികയാണ്. ഇയാൾ കഞ്ചാവ് വിൽപന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് പിടിയിലാകുന്നത്. പ്രിവന്റിവ് ഓഫീസർമാരായ സി. പി. സാബു, എം. റെനി, ബി. അഭിലാഷ്, പി. അനിലാൽ, ടി. ജിയേഷ്,കെ. ആർ. രാജീവ്,സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ ജോസഫ്,സുലേഖ, ഭാഗ്യനാഥ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ മാവേലിക്കര മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.