മാവേലിക്കരയിൽ എൽ.ഡി.എഫിന് മുൻതൂക്കം
text_fieldsമാവേലിക്കര: നിയമസഭ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ പിന്നാക്കം പോയപ്പോൾ മാവേലിക്കര നഗരസഭയിൽ സ്ഥിതി മെച്ചപ്പെടുത്തി യു.ഡി.എഫ്. എൽ.ഡി.എഫ് ഭരിച്ചിരുന്ന രണ്ടു പഞ്ചായത്തുകൾ അവർക്ക് നഷ്ടമായി. നഗരസഭയിൽ പൂർണമായും തകർന്ന എൽ.ഡി.എഫും നഗരസഭയിലടക്കം ചില പഞ്ചായത്തുകളിൽ അധികാരത്തിലെത്താൻ കഴിയുമെന്ന് കണക്കുകൂട്ടിയിരുന്ന എൻ.ഡി.എ മുന്നണിയും പിന്നാക്കം പോയി.
കഴിഞ്ഞ തവണ ഭരണമുണ്ടായിരുന്ന ചുനക്കര, നൂറനാട് തെക്കേക്കര, തഴക്കര പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് ഭരണ തുടർച്ച നേടാൻ സാധിച്ചു. എന്നാൽ താമരക്കുളം, തഴക്കര , നഗരസഭ എന്നിവിടങ്ങളിൽ അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി മുന്നണിക്ക് 30 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നിയമസഭ പരിധിക്കുള്ളിൽ ആദ്യമായി രണ്ട് സീറ്റുകൾ എസ്.ഡി.പി.ഐക്ക് നേടാനും കഴിഞ്ഞു.
വൻ ഭൂരിപക്ഷത്തോടെയാണ് മാവേലിക്കരയിൽ ഭരണ തുടര്‍ച്ചയുമായി യു.ഡി.എഫ് അധികാരത്തിലെത്തുന്നത്.28ല്‍ 15 വാര്‍ഡുകളും യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചപ്പോള്‍ ബി.ജെ.പി എട്ട് വാര്‍ഡുകൾ നേടുകയും കേവലം നാല് വാര്‍ഡുകളിലേക്ക് എല്‍.ഡി.എഫ് ഒതുങ്ങുകയും ചെയ്തു. മന്ത്രി പി.പ്രസാദിൻ്റെ പഞ്ചായത്തായ പാലമേൽ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിന് ചരിത്രവിജയമാണ്. രണ്ട്സ്വതന്ത്രരുടെ പിന്തുണയോടെ യു.ഡി.എഫ് മുന്നണി ഭരണത്തിലെത്തും. പാലമേലിൽ ആകെയുള്ള 21 സീറ്റിൽ രണ്ടു സ്വതന്ത്രരുൾപ്പെടെ
യു.ഡി.എഫിന് 10 സീറ്റ് ലഭിച്ചപ്പോൾ എൽ.ഡി.എഫ് എട്ട് സീറ്റിലൊതുങ്ങി.ഒരു സീറ്റുണ്ടായിരുന്ന ബി.ജെ.പി രണ്ടു സീറ്റു നേടി.എൽ.ഡി.എഫ് റിബലായി മത്സരിച്ച ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. നൂറനാട് ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ്ഭരണം നിലർത്തി.ആകെയുള്ള 18 സീറ്റിൽ സി.പി.ഐയുടെ ഒരു സീറ്റ് ഉൾപ്പെടെ എൽ.ഡി.എഫ് 11 സീറ്റ് നേടി. കോൺഗ്രസിന് അഞ്ചും ബി.ജെ.പിക്ക് ഒന്നും ഒരു സ്വതന്ത്രനും വിജയിച്ചു.
മൂന്ന് സീറ്റുകളുണ്ടായിരുന്നിടത്താണ് ബി.ജെ.പി ഒരു സീറ്റ് കൊണ്ട് തൃപ്തിയടയേണ്ടി വന്നത്.യു.ഡി.എഫ് ഭരിച്ചിരുന്ന താമരക്കുളത്ത് യു.ഡി എഫും എൽ.ഡി.എഫും ഏഴു സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പമെത്തി. വള്ളികുന്നത്ത് എൽ.ഡി.എഫിന് തിരിച്ചടി നേരിട്ടു.ചുനക്കര ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. എൽ.ഡി.എഫ് ഭരണ തുടർച്ച നേടിയ തെക്കേക്കര പഞ്ചായത്തിൽ യു.ഡി.എഫിന് ഒറ്റ സീറ്റുപോലും നേടാൻ കഴിയാതിരുന്നത് നാണക്കേടായി. തഴക്കര പഞ്ചായത്തിൽ 11 സീറ്റുകൾ നേടിയാണ് എൽ.ഡി.എഫ് ഭരണ തുടർച്ച നേടിയത്.


