സംവരണ മണ്ഡലത്തിൽ ഇടതുതേരോട്ടം; തിരിച്ചുപിടിക്കാൻ യു.ഡി.എഫ്
text_fieldsമാവേലിക്കര: തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ വലത്, ഇടത് മുന്നണികളെ ഒരേപോലെ സ്വീകരിക്കുകയും തള്ളുകയും ചെയ്ത പാരമ്പര്യമാണ് മധ്യതിരുവിതാംകൂറിെൻറ സാംസ്കാരിക തിലകക്കുറിയായ മാവേലിക്കരക്കുള്ളത്. രൂപവത്രണഘട്ടം മുതല്‍ പ്രകടിപ്പിച്ചുപോന്ന ഇടതുപക്ഷ രാഷ്ട്രീയാഭിമുഖ്യം കൂടുതല്‍ കരുത്തുകാട്ടാൻ കഴിയുമെന്ന് ഇടതുപക്ഷവും തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും.
മണ്ഡലം രൂപവത്കരിച്ചശേഷം 1965ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിലെ കെ.കെ. ചെല്ലപ്പന്‍പിള്ളയായിരുന്നു ജയം. '67ലും '70ലും സപ്തകക്ഷി മുന്നണിയിലെ എസ്.എസ്.പി സ്ഥാനാര്‍ഥി ജി. ഗോപിനാഥപിള്ള ജയിച്ചു.
'77ല്‍ കോൺഗ്രസ് മുന്നണിയിലെ എന്‍.ഡി.പി സ്ഥാനാര്‍ഥി എന്‍. ഭാസ്കരന്‍നായരാണ് ജയിച്ചത്. 80, 82, 87 തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിലെ എസ്. ഗോവിന്ദക്കുറുപ്പിന് വിജയം. '91 മുതല്‍ ചിത്രം മാറി. 1991,1996, 2001, 2006 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ എം. മുരളി വിജയം വരിച്ചു.
2011ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം ജില്ലയിലെ ഏക സംവരണ മണ്ഡലമായി മാറി. ആദ്യ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ ആര്. രാജേഷിനായിരുന്നു ജയം. യു.ഡി.എഫിലെ ജെ.എസ്.എസ് സ്ഥാനാർഥി കെ.കെ. ഷാജുവിനെ 5149 വോട്ടിെൻറ ഭൂരിപക്ഷത്തിന് തോല്പിച്ചു.
2014ൽ ലോക്സഭ തെരഞ്ഞെടുപ്പിലും മണ്ഡലം ഇടത്തോട്ട് ചാഞ്ഞാണ് നിന്നത്. 6467 വോട്ട് യു.ഡി.എഫിെനക്കാള് കൂടുതല്‍ കിട്ടി. 2016ൽ ആർ. രാജേഷ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 31,542 വോട്ടിെൻറ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ ബൈജു കലാശാലയെ തോൽപിച്ചാണ് എൽ.ഡി.എഫ് ആധിപത്യം ഉറപ്പിച്ചത്. എന്നാൽ, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ആദ്യമായി 969 വോട്ടിെൻറ ലീഡ് നേടിയിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ചെറിയ നേട്ടം അവകാശപ്പെടാമെങ്കിലും താമരക്കുളത്തും മാവേലിക്കര നഗരസഭയിലും ഭരണം നിലനിർത്താനായില്ല. നഗരസഭയിൽ മൂന്ന് മുന്നണിയും ഒമ്പത് സീറ്റ് നേടിയതോടെ സി.പി.എം വിമതെൻറ പിന്തുണയിലാണ് യു.ഡി.എഫ് അധികാരം പിടിച്ചത്.
വള്ളികുന്നം, തെക്കേക്കര, ചുനക്കര, നൂറനാട്, പാലമേൽ, തഴക്കര പഞ്ചായത്തുകളിൽ ഭരണസാരഥ്യം നിലനിർത്തുകയും ചെയ്തു. എന്നാൽ, വോട്ടുനിലയിൽ എൽ.ഡി.എഫ് പിറകിലേക്ക് പോയി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 70,415 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് നേടിയത് 55,202 വോട്ട്.
സാംസ്കാരിക കേരളത്തിെൻറയും മലയാള ഭാഷയുടെയും അഭിമാനം വാനോളം ഉയര്‍ത്തിയ കേരളപാണിനി എ.ആര്. രാജരാജവര്‍മ, ചിത്രകലയുടെ കുലപതി രാജാരവിവര്‍മ എന്നിവരുടെ ഓര്‍മകൾ നിറഞ്ഞുനില്ക്കുന്ന പ്രദേശമാണ് മാവേലിക്കര. മധ്യതിരുവിതാംകൂറിെൻറ സാംസ്കാരികപ്പെരുമ പേറുന്ന മണ്ഡലത്തില്‍ ഭൂരിപക്ഷം വോട്ടര്‍മാരും കര്‍ഷകരും കർഷക തൊഴിലാളികളും ഇടത്തരക്കാരുമാണ്.
കാര്‍ഷികമേഖലയുടെ ഹൃത്തടം എന്നു വിശേഷിപ്പിക്കാവുന്ന ഓണാട്ടുകരയുടെ പ്രദേശങ്ങള്‍ മാവേലിക്കരയുടെ രാഷ്ട്രീയമനസ്സിെൻറ ചൂണ്ടുപലകകൂടിയാണ്.