മാവേലിക്കരയിൽ പുതിയ ഗതാഗത സംവിധാനം
text_fieldsമാവേലിക്കരയിൽ സിഗ്നല്‍ ലൈറ്റുകളും കാമറകളും സ്ഥാപിക്കുന്നതിന്റെ ഭാഗമായി
എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ തട്ടാരമ്പലം ജങ്ഷന്‍ സന്ദര്‍ശിക്കുന്നു
മാവേലിക്കര: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാസ്ത്രീയ പരിഹാരമായി നഗരത്തില്‍ പുതിയ ഗതാഗതസിഗ്നല്‍ സംവിധാനം നടപ്പാക്കുന്നു. മാവേലിക്കര മിച്ചല്‍ ജങ്ഷന്‍, തട്ടാരമ്പലം, പുതിയകാവ് എന്നിവിടങ്ങളില്‍ പുതിയ സിഗ്നല്‍ ലൈറ്റുകളും വിവിധ സ്ഥലങ്ങളിലായി 25 നിരീക്ഷണ ക്യാമറകളുമാണ് സ്ഥാപിക്കുന്നത്. കാമറകള്‍ നിരീക്ഷിക്കാൻ പൊലീസ് സ്‌റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം ഉണ്ടാകും. ദൃശ്യങ്ങള്‍ നഗരസഭക്ക് നിരീക്ഷിക്കാനുള്ള സംവിധാനവും സജ്ജമാക്കും.
മിച്ചല്‍ ജങ്ഷനില്‍ 15 വര്‍ഷം മുമ്പ് കെല്‍ട്രോണ്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകളാണ് നിലവിലുള്ളത്. ഇവയെക്കുറിച്ച് പലതവണ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചായിരിക്കും സിഗ്നല്‍ ലൈറ്റും നിരീക്ഷണ കാമറകളും സ്ഥാപിക്കുക. തട്ടാരമ്പലം ജങ്ഷനില്‍ നേരത്തേയുണ്ടായിരുന്ന സിഗ്നല്‍ലൈറ്റ് തകരാറിലാകുന്നത് പതിവായിരുന്നു. ഇതുമൂലം ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. തട്ടാരമ്പലം-പന്തളം റോഡ് ആധുനിക രീതിയില്‍ നവീകരിച്ചതോടെ ജങ്ഷനില്‍ റൗണ്ട് എബൗട്ട് സംവിധാനം നിലവില്‍വന്നു.
റൗണ്ട് എബൗട്ടിന് അനുയോജ്യമായ സിഗ്നല്‍ സംവിധാനമാണ് തട്ടാരമ്പലം ജങ്ഷനില്‍ പുതുതായി സ്ഥാപിക്കുക. ഇവിടെ നാല് ദിശകളിലേക്കും നിരീക്ഷണ കാമറകളുമുണ്ടാകും. സദാ തിരക്കേറിയ പുതിയകാവ് ജങ്ഷനില്‍ ഗതാഗതനിയന്ത്രണത്തിന് നിലവില്‍ ഒരു പൊലീസുകാരന്റെ സേവനം മാത്രമാണുളളത്.
സിഗ്നല്‍ലൈറ്റുകള്‍ സ്ഥാപിക്കുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. നഗരത്തിലും പരിസരത്തും മുന്‍ എം.എല്‍.എ ആര്‍. രാജേഷിന്റെ ഫണ്ട് ഉപയോഗിച്ച് 15 നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ഇവയിലെ ദൃശ്യങ്ങള്‍ നഗരസഭക്കും ലഭ്യമാക്കണമെന്ന ഉപാധി നടപ്പാകാതിരുന്നതിനെ തുടര്‍ന്ന് വൈദ്യുതി ബില്‍ അടക്കാന്‍ നഗരസഭ വിസമ്മതിച്ചിരുന്നു. ഇതോടെ കാമറകള്‍ പ്രവര്‍ത്തിക്കാത്ത നിലയിലാണ്. പുതിയ കാമറകള്‍ സ്ഥാപിക്കുമ്പോള്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
പ്രധാന ജങ്ഷനുകള്‍, മുനിസിപ്പല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകള്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങി കാമറ സ്ഥാപിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക പൊലീസ് അധികൃതര്‍ തയാറാക്കിയിട്ടുണ്ട്. പത്തനംതിട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘വൈബ്രന്റ് മീഡിയ’ എന്ന ഏജന്‍സിയാണ് സിഗ്നല്‍ലൈറ്റുകളും കാമറകളും സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ തട്ടാരമ്പലം ജങ്ഷന്‍ സന്ദര്‍ശിച്ച് ക്രമീകരണം വിലയിരുത്തി.
നഗരസഭ കൗണ്‍സിലര്‍ പുഷ്പ സുരേഷ്, ജോയന്റ് ആര്‍.ടി.ഒ എം.ജി. മനോജ്, ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്, കെ.എസ്.ടി.പി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.


