കുടിവെള്ള പദ്ധതി നിരവധി; ജലവിതരണം ഭാഗികം
text_fieldsനൂറനാട് ഇടപ്പോണിൽ അച്ചൻകോവിലാറ്റിന് സമീപം സ്ഥാപിച്ച പമ്പ് ഹൗസ്
മാവേലിക്കര: നിയോജകമണ്ഡലത്തിലെ മാവേലിക്കര നഗരസഭ, തെക്കേക്കര, തഴക്കര, ചുനക്കര, നൂറനാട്, പാലമേൽ, താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. ജൽ ജീവൻ പദ്ധതിയും മറ്റ് ചില കുടിവെള്ള പദ്ധതികളും നിലവിൽ ഉണ്ടെങ്കിലും അപാകതകൾ ഏറെയായതിനാൽ ശാശ്വതമായ പരിഹാരം കാണാനായിട്ടില്ല.
നൂറനാട് പാറ്റൂർ കുടിവെള്ള പദ്ധതിയിൽനിന്ന് വെള്ളമെത്തുന്ന താമരക്കുളം, നൂറനാട്, ചുനക്കര, പാലമേൽ പഞ്ചായത്തുകളിൽ പലയിടത്തും ഭാഗികമായാണ് ജലവിതരണം നടക്കുന്നത്. ജൽ ജീവൻ മിഷൻ പദ്ധതിയിൽ 27,000 പുതിയത് ഉൾപ്പെടെ അമ്പതിനായിരത്തോളം ഗാർഹിക കണക്ഷനുകളാണ് ഈ പഞ്ചായത്തുകളിലുള്ളത്.
ഇവിടെ കുടിവെള്ളം എത്തിക്കേണ്ട അച്ചൻകോവിലാറ്റിലെ പമ്പ് ഹൗസിൽ വെള്ളം കുറഞ്ഞ് നിലവിലെ കിണറ്റിൽ ചളി നിറഞ്ഞ നിലയിലാണ്. ആദ്യകാല ജലസംഭരണിയും ജലശുദ്ധീകരണ പ്ലാന്റുമുണ്ട്. നൂറനാട് പഞ്ചായത്തിലെ വിതരണത്തിനായി പുതിയ ജലസംഭരണിയും ഇതിനോട് ചേർന്ന് പണികഴിപ്പിച്ചിട്ടുണ്ട്. എന്നാൽ, മോട്ടോർ സജ്ജമാക്കിയിട്ടില്ല. കൂടാതെ നൂറനാട് തത്തംമുന്നയിലും പാലമേൽ മറ്റപ്പള്ളിയിലും താമരക്കുളം പച്ചക്കാട്ടിലും ജലസംഭരണിയുണ്ട്.
മൂന്നര പതിറ്റാണ്ട് കാത്തിരിപ്പ്; പ്രതീക്ഷയേറെ
കുറത്തികാട് കുടിവെള്ള പദ്ധതിക്കായുള്ള റെയില്‍വേ ക്രോസിങ്ങിനുള്ള സ്റ്റീല്‍ സ്ട്രക്ചര്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയായതോടെ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ജനങ്ങളുടെ മൂന്നര പതിറ്റാണ്ടത്തെ കാത്തിരിപ്പിനാണ് വിരാമമാകുമെന്നാണ് പ്രതീക്ഷ.
2008ലാണ് മാവേലിക്കര മണ്ഡലത്തിലെ തെക്കേക്കര, വള്ളികുന്നം പഞ്ചായത്തുകള്‍ക്കും കായംകുളം മണ്ഡലത്തിലെ കൃഷ്ണപുരം ഭരണിക്കാവ് പഞ്ചായത്തുകള്‍ക്കും ചെങ്ങന്നൂര്‍ മണ്ഡലത്തിലെ മാന്നാര്‍ കുരട്ടിക്കാട് വില്ലേജുകള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ കുറത്തികാട് മാര്‍ക്കറ്റ് വളപ്പില്‍ 8.85 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്ക് നിർമിച്ചത്.
അച്ചന്‍കോവിലാറ്റിലെ പമ്പ് ഹൗസില്‍നിന്നും ശുദ്ധീകരണത്തിന് ശേഷം ജലം കുറത്തികാട് വാട്ടർ ടാങ്കില്‍ എത്തിക്കണമെങ്കില്‍ റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യണമെന്നത് കീറാമുട്ടിയായി. ആദ്യഘട്ടത്തില്‍ പുതിയകാവ്-കറ്റാനം റോഡിലെ റെയില്‍വേ മേൽപാലത്തിലൂടെ പൈപ്പ് ലൈൻ കടത്തിവിടാനായിരുന്നു പദ്ധതി. പാലത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഇല്ലാതിരുന്നത് പദ്ധതി തടസ്സപ്പെടുത്തി.
പിന്നീട് റെയില്‍വേ പാതക്ക് മൂന്ന് മീറ്റര്‍ താഴെയായി വലിയ പൈപ്പ് സ്ഥാപിച്ച് ക്രോസിങ് നടത്താനായിരുന്നു പദ്ധതി. എന്നാൽ, സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി റെയില്‍വേ പദ്ധതി നിരസിച്ചു. പിന്നീടാണ് റെയില്‍വേ ക്രോസിങ് സ്റ്റീൽ സ്ട്രക്ചർ ഓവർ ബ്രിഡ്ജ് സ്ഥാപിച്ച് പൈപ്പ് സ്ഥാപിക്കാമെന്ന പദ്ധതിയുമായി ജല അതോറിറ്റി മുന്നോട്ടുവന്നത്.
എന്നാൽ, റെയിൽ വികസനം വരുമ്പോൾ പാതകൾ ഇരട്ടിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ സ്റ്റീൽ സ്ട്രക്ചർ ഓവർ ബ്രിഡ്ജ് സ്ഥാപിക്കൽ റെയില്‍വേ വികസനത്തിന് തടസ്സമുണ്ടാക്കുമെന്നും റെയില്‍വേയുടെ ഭാഗത്തുനിന്ന് വാദമുണ്ടായി. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ്. അരുണ്‍കുമാർ എം.എൽ.എ എന്നിവർ നടത്തിയ ചര്‍ച്ചകളാണ് പദ്ധതി ഇപ്പോൾ യാഥാർഥ്യമാകാൻ സഹായിച്ചത്.
പഴക്കമുള്ള പൈപ്പുകൾ മാറണം
40 വർഷം പഴക്കമുള്ള ജലവിതരണ പൈപ്പുകളാണ് പഞ്ചായത്തുകളിലെ ഭൂരിഭാഗം സ്ഥലത്തുമുള്ളത്. ജലവിതരണം കാര്യക്ഷമമാക്കാൻ ഇവിടങ്ങളിൽ പുതിയ പൈപ്പുകൾ ഇടണം. ജലസംഭരണികൾ വൃത്തിയാക്കി അറ്റകുറ്റപ്പണി നടത്താനുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തയറാകാണം. പാറ്റൂർ കുടിവെള്ള പദ്ധതിക്ക് പുതിയ കിണറും പമ്പ്ഹൗസും വേണം.
40 വർഷം മുമ്പ് അച്ചൻകോവിലാറ്റിൽ പണിത കിണറും പമ്പ്ഹൗസും കാലഹരണപ്പെട്ടു. രണ്ടു മോട്ടോറുകളാണ് പമ്പ്ഹൗസിലുള്ളത്. ഇവ പകലും രാത്രിയിലുമായി പ്രവർത്തിപ്പിച്ചാലും നാല് പഞ്ചായത്തുകളിലേക്കുള്ള വെള്ളം പമ്പുചെയ്യാൻ കഴിയുന്നില്ല. വേനൽക്കാലത്ത് ആറ്റിൽ വെള്ളം കുറയുന്നതും പമ്പിങ്ങിനെ ബാധിക്കുന്നു.
പലയിടത്തും കുടിവെള്ളമില്ല; പൈപ്പുകൾ നോക്കുകുത്തി
പേരൂർക്കാരാഴ്മയിലും കുടിവെള്ളം കിട്ടിയിട്ട് ഒരു മാസത്തിലേറെയായി. താമരക്കുളം പഞ്ചായത്തിലെ താമരക്കുളം ടൗൺ, നാലുമുക്ക്, ചത്തിയറ, പച്ചക്കാട് ഭാഗങ്ങളിലും ജലക്ഷാമമുണ്ട്. ജൽ ജീവൻ മിഷൻ പദ്ധതിയിൽ നിരവധി കുടിവെള്ള കണക്ഷനുകൾ താമരക്കുളം പഞ്ചായത്തിൽ കൊടുത്തിട്ടുണ്ടെങ്കിലും എല്ലായിടത്തും വെള്ളം എത്തുന്നില്ല.
ജലവിതരണ ശൃംഖല ശക്തിപ്പെടുത്താൻ ഡക്റ്റയിൽ അയൺ പൈപ്പുകൾ പച്ചക്കാട്ടെ ജലസംഭരണിയിൽനിന്ന് നെടിയാണിക്കൽ ക്ഷേത്ര ജങ്ഷൻ വരെയും ജലസംഭരണിയിൽനിന്ന് ചാവടി ജങ്ഷൻ വരെയും ഇട്ടെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയാണ്.
1984ലാണ് താമരക്കുളം പച്ചക്കാട്ട് രണ്ടരലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി പണിതത്. തഴക്കര, തെക്കേക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധജല വിതരണത്തിന്റെ ഭാഗമായി സ്ഥാപിച്ച വലിയ പ്ലാസ്റ്റിക് സംഭരണികൾ വർഷങ്ങളായി പ്രവർത്തനരഹിതം.
വരൾച്ച രൂക്ഷമാകുന്ന സമയത്ത് ടാങ്കർ ലോറികളിലും മറ്റും വെള്ളം എത്തിച്ച് സംഭരണിയിൽ നിറച്ച് പ്രദേശത്ത് വെള്ളം വിതരണം ചെയ്യാനാണ് സംഭരണികൾ പലയിടങ്ങളിലും സ്ഥാപിച്ചത്. തെക്കേക്കര പഞ്ചായത്തിലെ ചെറുകുന്നം ഭാഗത്ത് സ്ഥാപിച്ച സംഭരണിയിൽ ഒരിക്കൽപോലും വെള്ളം നിറച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്.
തഴക്കര പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ശുദ്ധജലക്ഷാമത്തിന് പരിഹാരമായി വർഷങ്ങൾക്ക് വെട്ടിയാർ കന്നിമേൽ ശുദ്ധജല പദ്ധതിക്കായി 47 ലക്ഷം രൂപ അനുവദിച്ചിരുന്നു.
പ്ലാനും എസ്റ്റിമേറ്റും തയാറാക്കി തുക അടച്ചു. എന്നാൽ, പദ്ധതി യാഥാർഥ്യമാക്കാൻ നടപടിയുണ്ടായില്ല. പാലമേൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അഞ്ചുദിവസവും വെള്ളം കിട്ടാത്ത സ്ഥിതിയാണ്. ഇവിടെ മറ്റപ്പള്ളി മലയിലാണ് ജലസംഭരണിയുള്ളത്. ചുനക്കര ഗ്രാമപഞ്ചായത്തിന്റെ വടക്ക്, കിഴക്കൻ മേഖലകളിൽ കുടിവെള്ളം ക്ഷാമം രൂക്ഷമായ സ്ഥിതിയിലാണ്.
നൂറനാട് പഞ്ചായത്തിൽനിന്നും ബണ്ട് വഴി ചുനക്കരയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളം എത്താറേയില്ല. വള്ളികുന്നത്ത് പരിയാരത്തുകുളങ്ങര, രാമൻചിറ, വള്ളികുന്നം ചിറ, കടുവിനാൽ ലക്ഷംവീട് എന്നിവിടങ്ങളിലെ ചെറുകിട ജലവിതരണ പദ്ധതികളിൽനിന്നുമാണ് ജല അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നത്. പടയണിവെട്ടത്ത് ജൽ ജീവൻ മിഷൻ ജലസംഭരണി നിർമാണം പൂർത്തിയായിട്ടുണ്ട്.