തെരുവുനായെ കണ്ടെത്താനായില്ല; ഭീതിയിൽ നാട്ടുകാർ
text_fieldsമാവേലിക്കര: മാവേലിക്കര അറുപതിലധികം പേരെ ആക്രമിച്ചു പരിക്കേൽപിച്ച തെരുവുനായെ കണ്ടെത്താനായില്ല; നാട്ടുകാർ ഭീതിയിൽ. എന്നാൽ, കണ്ണമംഗലം ഭാഗത്തുവെച്ച് നായെ നാട്ടുകാർ തല്ലിക്കൊന്നതായും പറയുന്നു. നാട്ടിലെ മറ്റു നായ്ക്കളെ തെരുവുനായ് കടിച്ചതും നാട്ടുകാരിൽ ആശങ്ക പടർത്തുന്നു. മൂന്നുവയസ്സുകാരി ഉൾപ്പെടെ 66 ഓളം പേർക്കാണ് കടിയേറ്റത്. ഇവർ മാവേലിക്കര ജില്ല ആശുപത്രിയിലെത്തി ചികിത്സ തേടി.
വെള്ളിയാഴ്ച പുലർച്ചയാണ് തെരുവുനായുടെ അക്രമണം തുടങ്ങിയത്. അക്രമകാരിയായ തെരുവുനായെ ശനിയാഴ്ചയും പിടികൂടാൻ കഴിയാത്തതിനാൽ ജനം അതീവ ജാഗ്രതയിലാണ്. നായെ പിടികൂടിയെങ്കിൽ മാത്രമേ പേ വിഷബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാനാകു.
വെള്ളിയാഴ്ച പുലർച്ച ആക്കനാട്ടുകര ഭാഗത്ത് പത്ര വിതരണത്തിനിടെ അറന്നൂറ്റിമംഗലം പുഷ്പഭവനത്തിൽ ഡി. മോഹനനു കടിച്ചതോടെ തെരുവുനായ് ആക്രമണത്തിനു തുടക്കമിട്ടത്. വെള്ളിയാഴ്ച രാത്രിയും നായുടെ ആക്രമണത്തിൽ പരിക്കേറ്റവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. അലർ ജിയുടെ ലക്ഷണം കണ്ടതിനാൽ രണ്ടു പേരെ ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി.
കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ, ഉമ്പർനാട് ഭാഗത്തും വീട്ടിലെ സെക്യൂരിറ്റി ഉൾപ്പെടെ പത്തോളം പേർക്കു തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റു.