സുദർശനന്റെ പോരാട്ടത്തിന് 23 വയസ്സ്
text_fieldsലഹരി വരുദ്ധ പ്രചാരണവുമായി മാവേലിക്കര സുദർശനൻ (ഫയൽ ചിത്രം)
മാവേലിക്കര: ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുമ്പോൾ ഓട്ടോ ഡ്രൈവറായ മാവേലിക്കര സുദർശനൻ ലഹരിക്കെതിരെ 23 വർഷമായി പോരാട്ടത്തിലാണ്. 2001ലാണ് ലഹരിക്കെതിരായിയുള്ള ആദ്യ ഒറ്റയാൾ സമരം. പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹായത്തോടെ നടത്തിയ ആ പോരാട്ടം ഏറെ ശ്രദ്ധ നേടി. അസ്ഥി കൂടത്തിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രം അണിഞ്ഞായിരുന്നു അന്നത്തെ പ്രകടനം. ലഹരി വിരുദ്ധ വിഷയത്തിലൂന്നി രണ്ടായിരത്തോളം പ്രകടനം നടത്തി. സ്കൂൾ പഠനകാലത്ത് മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം.
പിന്നീട് നാടകം സിനിമ സീരിയൽ എന്നിവയിലും പ്രവർത്തിച്ചു. 2013ലെ ഫോക്ക്ലോര്‍ അക്കാദമി ജേതാവും 2019 ൽ സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവുമായ സുദര്ശനന് താന്‍ അഭിനയിച്ചിട്ടുള്ള മിക്ക വേഷങ്ങളിലൂടെയും ലഹരിക്കെതിരെയുള്ള സന്ദേശങ്ങള്‍ നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഭാര്യ ഹൈമവതിയും മക്കൾ മലരി, ദർശന എന്നിവരും എല്ലാം പിന്തുണയുമായി ഒപ്പമുണ്ട്.