‘വിവാഹവും പ്രിയസഖാവിന്റെ വേർപാടും മറക്കാനാവില്ല’
text_fieldsഅരൂർ: വി.എസ്. അച്യുതാനന്ദന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് സംഭവത്തിന് സാക്ഷ്യം വഹിച്ചതിന്റെ ഓർമയിലാണ് അരൂർ. വി.എസിന്റെ ജീവിതത്തിൽ അരൂർ മണ്ഡലവുമായി ബന്ധപ്പെട്ട രണ്ട് സംഭവം മറക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1967ൽ നടന്ന വി.എസിന്റെ വിവാഹമാണ്. അതിലൊന്ന്. രണ്ടാമത്തേത് വി.എസിന്റെ പ്രിയപ്പെട്ട സഖാവിന്റെ വേർപാടും. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് എരമല്ലൂർ സ്വദേശിയായ ടി.കെ. രാമനുമായുള്ള വി.എസിന്റെ ആത്മബന്ധം രേഖപ്പെടുത്തുന്നതാണ് രണ്ട് സംഭവവും. സി.പി.എമ്മിന്റെ ജില്ല സെക്രട്ടറിയായിരിക്കുമ്പോഴാണ് വി.എസിനെ നിർബന്ധപൂർവം വിവാഹം ചെയ്യിക്കുന്നത്. വസുമതിയെ വി.എസിന്റെ വധുവായി കോടംതുരുത്തിൽനിന്ന് കണ്ടെത്തുന്നത് ടി.കെ. രാമനായിരുന്നു.
വസുമതി മഹിള സംഘം പ്രവർത്തകയും ടി.കെ. രാമൻ പാർട്ടിയുടെ അന്നത്തെ ജില്ല ട്രഷററുമായിരുന്നു. (അന്ന് പാർട്ടിക്ക് ഖജാൻജി ഉണ്ടായിരുന്നു.) അമ്പലപ്പുഴ എം.എൽ.എയായിരുന്ന വി.എസ് കെട്ടാനുള്ള താലിമാലയില്ലാതെയാണ് കല്യാണത്തിന് വരനായെത്തിയത്. അതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന ഭാവമായിരുന്നു വി.എസിന്. ഇപ്പോൾ എവിടെപ്പോയി താലി ഒപ്പിക്കും എന്ന ചിന്തയിൽ നിൽക്കുമ്പോൾ, ആത്മസുഹൃത്ത് ടി.കെ. രാമന്റെ ഭാര്യ ദേവകിയുടെ താലിമാല അഴിച്ചുകൊടുത്താണ് വി.എസ്. വസുമതിയെ കല്യാണം കഴിച്ചത്. പിന്നീട് 1985ൽ ടി.കെ. രാമൻ ഹൃദയാഘാതത്തിൽ മരിക്കുമ്പോൾ വി.എസ് എത്തിയത് 12 മണിക്ക്.
രണ്ടു മണിക്കാണ് സംസ്കാരം. 12 മുതൽ രണ്ടുമണിവരെ പ്രിയ സഖാവ് രാമന്റെ മൃതദേഹത്തിന്റെയരികിൽ ഒറ്റനിൽപായിരുന്നു. വർഷങ്ങൾക്കുശേഷം പ്രതിപക്ഷ നേതാവായിരിക്കെ ടി.കെ. രാമന്റെ ഭാര്യ ദേവകി സുഖമില്ലാതെ കിടക്കുന്നത് അറിഞ്ഞെത്തി. പ്രവർത്തകരുമായി ടി.കെ. രാമന്റെ എരമല്ലൂരിലെ വീട്ടിലെത്തി, ദേവകിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും എരമല്ലൂരുകാർ മറന്നിട്ടില്ല.