ജീവിതശൈലീ രോഗങ്ങൾ തിരിച്ചറിയാൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ മെറ്റബോളിക് സെന്റർ
text_fieldsആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി
കെട്ടിടത്തിലെ 360 ഡിഗ്രി മെറ്റബോളിക് സെന്ററിൽ രോഗിയെ പരിശോധിക്കുന്നു
ആലപ്പുഴ: പ്രമേഹവും ബി.പിയും കൊളസ്ട്രോളുമടക്കമുള്ള ജീവിതശൈലീ രോഗങ്ങൾ ഭാവിയില്‍ പണിതരുമെന്ന ആശങ്കയുണ്ടോ...? എങ്കില്‍ ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി കെട്ടിടത്തിൽ ഒരുക്കിയ 360 ഡിഗ്രി മെറ്റബോളിക് സെന്ററിലേക്ക് എത്തിയാൽ ആശങ്കകള്‍ അകറ്റി മടങ്ങാം. ഈസേവനം ഇതുവരെ പ്രയോജനപ്പെടുത്തിയത് 21,626 പേര്.
ജീവിതശൈലീരോഗങ്ങൾ വർധിച്ചതിനാൽ പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവക്ക് പുറമെ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളെയും കാലുകളെയും ബാധിക്കുന്ന പ്രമേഹ സങ്കീര്‍ണതകളുടെ പരിശോധന, പൾമണറി ഫങ്ഷൻ ടെസ്റ്റ്, ഡയറ്റ് കൗൺസലിങ് തുടങ്ങിയ സേവനങ്ങളുണ്ടാകും. പ്രമേഹത്തിന്റെ സങ്കീർണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറൽ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഇതുവഴി ഗുരുതര രോഗങ്ങളെ നിയന്ത്രിക്കാനാകും.
ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കാൻ നോണ്‍ മിഡ്റിയാട്രിക് കാമറകള്‍ സെന്ററില്‍ സ്ഥാപിച്ചിട്ടുണ്ട്. രക്താതിമര്‍ദം, പ്രമേഹം, ബോഡി മാസ് ഇന്‍ഡക്സ് തുടങ്ങിയ അടിസ്ഥാന പരിശോധനകള്‍ക്കായി മുറിയെ വിവിധ കാബിനുകളായി തിരിച്ചിട്ടുണ്ട്.
ഡോപ്ലർ, ബയോതെസിയോ മീറ്റർ, ബോഡി ഫാറ്റ് ഇംപെഡൻസ് മെഷീൻ, കാർബൺ മോണോക്സൈഡ് ബ്രത്ത് അനലൈസർ, സ്പൈറോമീറ്റർ എന്നീ ഉപകരണങ്ങളിലൂടെയാണ് പരിശോധന. അഞ്ചുവർഷത്തില്‍ കൂടുതലായി പ്രമേഹമുള്ളവരാണെങ്കിൽ കണ്ണ്, ഞരമ്പ്, തൊലി എന്നീ ഭാഗങ്ങളെ പ്രമേഹം ബാധിച്ചിട്ടുണ്ടോയെന്നറിയാൻ ബയോതെസിയോ മീറ്റർ വഴി നെർവ് കണ്ടക്ഷൻ സ്റ്റഡി നടത്തും. ഇതോടൊപ്പം ഡോപ്ലർ ഉപയോഗിച്ച് ഞരമ്പുകളിൽ ബ്ലോക്കുണ്ടോയെന്നും കണ്ടെത്താം.
രോഗതീവ്രത അനുസരിച്ച് ആവശ്യമെങ്കിൽ ന്യൂറോളജിസ്റ്റിന്റെയും ഒഫ്താൽമോളജിസ്റ്റിന്റെയും സേവനം രോഗികൾക്ക് ലഭ്യമാക്കും. കാർബൺ മോണോക്സൈഡ് ബ്രത്ത് അനലൈസറിലൂടെ ശ്വാസകോശത്തിലുള്ള കാർബൺ മോണോക്സൈഡിന്റെ അളവ് മനസ്സിലാക്കാനും സ്പൈറോ മീറ്ററിലൂടെ ശ്വാസകോശത്തിന്റെ കപ്പാസിറ്റി അറിയാനും കഴിയും. 30 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സ്തനാർബുദം നിർണയം, വായിലെ അർബുദം നിർണയം എന്നീ പരിശോധനകളുമുണ്ട്. അനനിയന്ത്രിതമായ പ്രമേഹമുള്ള രോഗികൾക്ക് ക്ഷയരോഗലക്ഷണങ്ങളുണ്ടെങ്കിൽ കഫം എ.എഫ്.ബി ടെസ്റ്റ് ചെയ്യും.
ആദ്യമായി ആശുപത്രിയിൽ എത്തുന്ന വ്യക്തികൾക്ക് ഒ.പി ടിക്കറ്റ് എടുത്ത ശേഷം 360 ഡിഗ്രി മെറ്റബോളിക് സെന്ററിൽ എത്താം. ആദ്യം രജിസ്ട്രേഷൻ. പിന്നാലെ പ്രമേഹം, രക്തസമ്മർദം എന്നിവയുടെ പരിശോധനകള്‍ നടത്തും. ശേഷം ഡയറ്റീഷ്യന്റെ നിർദേശപ്രകാരം ജീവിതശൈലിയിൽ മാറ്റംവരുത്താൻ നിർദേശിക്കുകയോ മരുന്നുകൾ നൽകുകയോ ചെയ്യും. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ മരുന്നില്ലാതെതന്നെ അവർക്ക് രോഗങ്ങളിൽനിന്നും രക്ഷനേടാം.
രോഗനിർണയത്തിലെ കാലതാമസവും രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങാൻ വൈകുന്നതും അതിന്റെ സങ്കീർണതകളെക്കുറിച്ചുള്ള അജ്ഞതയുമാണ് ജീവിതശൈലി രോഗങ്ങളെ അപകടകാരിയാക്കുന്നത്. ചിട്ടയായ വ്യായമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും ജീവിതശൈലീരോഗങ്ങളെ ഒരുപരിധിവരെ തടയാമെന്ന അവബോധം ജനങ്ങളിൽ എത്തിക്കാനും സെന്റർ സഹായകരമാണ്.