വയോധികയെ സംരക്ഷിക്കുന്നില്ലെന്ന് പരാതി; അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തിൽ നടപടിയെടുക്കാന്‍ മന്ത്രിയുടെ നിർദേശം
text_fieldsപൊലീസ് തുറവൂര്‍ ആശുപത്രിയിലെത്തി വനിത ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നു
തുറവൂർ: രോഗം ബാധിച്ച് കിടപ്പിലായ വയോധികക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തുന്നില്ലെന്ന പരാതി അന്വേഷിക്കാന്‍ എത്തിയ വനിത സംരക്ഷണ സമിതി ഉദ്യോഗസ്ഥരെ മർദിച്ച ശേഷം വീട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രതിക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി ബിന്ദു കൃഷ്ണ ഡി.ജി.പിക്കും ജില്ല പൊലീസ് മേധാവിക്കും നിർദേശം നല്‍കി.
പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ വാടകക്കു താമസിക്കുന്ന ഇന്ദിരാമന്ദിരത്തില്‍ സതിയുടെ (88) മകന്‍ പ്രസന്നകുമാറാണ് ശനിയാഴ്ച രാവിലെ അന്വേഷണത്തിനെത്തിയ വനിത ഉദ്യോഗസ്ഥരെ അക്രമിച്ചത്. ജില്ല വനിത സംരക്ഷണ ഓഫിസര്‍ മായ എസ്. പണിക്കര്‍, കൗണ്‍സിലര്‍ അഞ്ജന, ഡ്രൈവര്‍ ലോറന്‍സ് എന്നിവർക്കാണ് മർദനമേറ്റത്.
ശനിയാഴ്ച രാവിലെ 10നായിരുന്നു സംഭവം. സതിയെ കൂടെയുള്ള മകന്‍ പ്രസന്നകുമാര്‍ അമ്മയെ നോക്കുന്നില്ലെന്നു കാട്ടി മൂത്തമകള്‍ അമ്പിളി നല്‍കിയ പരാതിയില്‍ അന്വേഷണത്തിനെത്തിയപ്പോഴായിരുന്നു അക്രമം. കുറച്ചുനാളുകളായി രോഗബാധിതയായ മാതാവ് ഇദ്ദേഹത്തോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ ആവശ്യത്തിന് മരുന്നും ആഹാരവും മാതാവിന് നൽകുന്നില്ല എന്ന സഹോദരങ്ങളുടെ പരാതിയെ തുടർന്നാണ് വനിത പ്രൊട്ടക്ഷൻ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാൻ വീട്ടിലെത്തിയത്. ഉദ്യോഗസ്ഥരെത്തുമ്പോള്‍ വീട്ടില്‍ സതി മാത്രമാണ് ഉണ്ടായിരുന്നത്.
ഇവരോടു വിവരങ്ങള്‍ ചോദിക്കുന്ന തിനിടെ മകന്‍ പ്രസന്നകുമാര്‍ വീട്ടിനുള്ളിലേക്കു കയറിവാതില്‍ അടച്ച് കുറ്റിയിട്ടശേഷം മായ എസ്.പണിക്കരുടെ കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന അഞ്ജനയെയും മർദിച്ചു. വാതില്‍തുറന്നു പുറത്തെത്തിയപ്പോള്‍ പിന്തുടർന്നെത്തിയ പ്രസന്നകുമാര്‍ ഡ്രൈവറെയും മർദിച്ചു. പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെത്തി മൂവരും പരാതി നല്‍കിയ ശേഷം തുറവൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രസന്നകുമാറിനെതിരെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും വനിത ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തു. സി.പി.എം ഹൈസ്‌കൂള്‍ ബ്രാഞ്ച്‌സെക്രട്ടറിയാണ് പ്രസന്നകുമാര്‍. അപലപനീയമായ സംഭവമാണിതെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉദ്യോഗസ്ഥരുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. ഉദ്യോഗസ്ഥരെ നേരില്‍ കാണുമെന്നും മന്ത്രി അറിയിച്ചു.


