കരുവാറ്റ റെയിൽവേ സ്റ്റേഷൻ നിർത്തലാക്കാൻ നീക്കം; പ്രതിഷേധം ശക്തം
text_fieldsഹരിപ്പാട്: അവഗണനയുടെ ചൂളംവിളിക്കൊടുവിൽ റെയിൽവേ സ്റ്റേഷനും ജനങ്ങൾക്ക് നഷ്ടമാകുന്നു. ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാതെ അവഗണന പേറി നിലനിന്ന കരുവാറ്റ റെയിൽവേ സ്റ്റേഷൻ വരുമാനമില്ലെന്ന പേരിലാണ് അധികാരികൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്. തീരദേശ പാതയിൽ പതിറ്റാണ്ടുകളോളം ജനങ്ങൾക്ക് ആശ്വാസമേകിയ റെയിൽവേ സ്റ്റേഷന് താഴിടാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാണ്.
കരുവാറ്റയിൽ റെയിൽവേ സ്റ്റേഷൻ ഉണ്ടെങ്കിലും ഫലത്തിൽ നിർജീവാവസ്ഥയിലാണ്. നിലവില്‍ ട്രെയിനുകള്‍ ഒന്നും നിർത്തുന്നില്ല. ഇതുമൂലം കരുവാറ്റയില്‍നിന്ന് ആലപ്പുഴ, കൊല്ലം, എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാര്‍ ഹരിപ്പാടെത്തിയാണ് പോകുന്നത്. മുമ്പ് കരുവാറ്റയില്‍ എറണാകുളത്തേക്കുള്ള പാസഞ്ചർ ട്രെയിനും ആലപ്പുഴ അവസാനിക്കുന്ന രണ്ട് ട്രെയിനും നിർത്തിയിരുന്നു.
കോവിഡ് കാലത്ത് എറണാകുളത്തേക്കുണ്ടായിരുന്ന ട്രെയിനുകള്‍ താൽക്കാലികമായി നിര്‍ത്തി. പിന്നിട് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. യാത്രക്കാർ കുറഞ്ഞതോടെ കരുവാറ്റ റെയിൽവേ സ്റ്റേഷനെ അവഗണിക്കാൻ തുടങ്ങി. ടിക്കറ്റ് കൗണ്ടർ അടച്ചു പൂട്ടിയതിനുശേഷം ഏറെനാൾ ഹാള്‍ട്ട് ഏജന്റിനെ ഉപയോഗിച്ചാണ് ടിക്കറ്റ് വിതരണം നടത്തിയിരുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി ടിക്കറ്റ് വിതരണത്തിന് സ്റ്റേഷനില്‍ ആളില്ലാത്ത അവസ്ഥയാണ്. പരിഹാരം കാണാൻ ലക്ഷങ്ങൾ ചെലവഴിച്ച് പ്ലാറ്റ്ഫോമിന്റെ നവീകരണം നടത്തിയിരുന്നു. ഇതുപോലും പരിഗണിക്കാതെയാണ് സ്റ്റേഷൻ അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്. തീരദേശ മേഖലയിൽ ഉള്ളവർക്കും തോട്ടപ്പള്ളി മുതൽ ഹരിപ്പാടിന് സമീപം വരെയുള്ള യാത്രക്കാർക്കും സൗകര്യപ്രദമായി എത്താൻ കഴിയുന്ന ഒരു സ്റ്റേഷൻ കൂടിയാണിത്. ലോക്കൽ ട്രെയിനുകൾക്കെങ്കിലും സ്റ്റോപ് അനുവദിച്ചാൽ കരുവാറ്റ റെയിൽവേ സ്റ്റേഷൻ മെച്ചപ്പെട്ട അവസ്ഥയിലാകുമെന്ന് യാത്രക്കാർ പറയുന്നു.
റെയിൽവേ സ്റ്റേഷന് അടച്ചുപൂട്ടരുത് -എം.പി
ഹരിപ്പാട്: വരുമാനമില്ലെന്ന കാരണം പറഞ്ഞ് തീരദേശ പാതയിലെ കരുവാറ്റ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. ടിക്കറ്റ് വിതരണം നടന്നില്ലെങ്കില്‍ സ്റ്റേഷന് അടക്കേണ്ട അവസ്ഥയാണ്. അതിനാല്‍ ടിക്കറ്റ് വിതരണം പുനരാരംഭിച്ച് സ്റ്റേഷന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കണമെന്നും കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്കി.