കായികതാരങ്ങളുടെ വിളനിലമായി എൻ.ഗോപിനാഥ് സ്റ്റേഡിയം
text_fieldsകായിക താരങ്ങൾ പരിശീലകൻ കെ.ആർ. സാംജിക്കൊപ്പം
മാരാരിക്കുളം: കായികലോകത്ത് സംസ്ഥാനത്ത് തന്നെ പേര് എഴുതി ചേർത്ത് നാടിന് അഭിമാനമായി പ്രീതികുളങ്ങര സ്റ്റേഡിയം. പ്രവർത്തനം തുടങ്ങി മൂന്നു വർഷത്തിനുള്ളിൽ പരിശീലകൻ കെ.ആർ. സാംജിയുടെ ശിക്ഷണത്തിൽ ഇവിടെ നിന്നുമുണ്ടായത് റെക്കോർഡുകളുടെ പെരുമഴ. വോളിബോളിലെ ദ്രോണാചാര്യനായിരുന്ന കലവൂർ എൻ. ഗോപിനാഥിന്റെ പേരിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രീതികുളങ്ങരയിൽ കിഫ്ബി പദ്ധതിയിൽ 5.15 കോടിയോളം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിച്ചത്.
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 100 മീറ്ററിൽ 37 വർഷം മുമ്പുള്ള റെക്കോഡും 200 മീറ്ററിൽ ഒമ്പതു വർഷം മുമ്പുള്ള റെക്കോഡും ഭേദിച്ചാണ് ടി.എം. അതുൽ ഇരട്ട സ്വർണം നേടി മുന്നേറിയത്. 100 മീറ്റർ ജൂനിയർ വിഭാഗം ഹർഡിൽസിൽ ഇവിടത്തെ അനാമിക അജേഷിന് സ്വർണം നേടാനുമായി. ഇതോടെ ഈ സ്റ്റേഡിയവും കായിക ലോകം അറിഞ്ഞു തുടങ്ങി. മൂന്നു വർഷം തികയുന്നതിനു മുമ്പേ ദേശീയ- സംസ്ഥാന മീറ്റുകളിലായി 64 മെഡലുകൾ സ്വന്തമാക്കി. അതുലിന് കൂടാതെ ചാരമംഗലം ഗവ. ഡി.വി.എച്ച് എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി അനാമിക അജേഷ്
ലോങ്ജമ്പിൽ ദേശീയ റെക്കോഡ് തകർത്ത് സ്വർണം നേടിയിരുന്നു. ജൂനിയർ വിഭാഗം പെന്റാതലിനിൽ സംസ്ഥാന, ദേശീയ റെക്കോഡുകൾക്കു ഉടമ കൂടിയാണ് അനാമിക അജേഷ്. കഴിഞ്ഞ യൂത്ത് സ്റ്റേറ്റ് അത്ലേറ്റിക് മീറ്റിൽ ഹെപ്റ്റാതലനിൽ ഒമ്പത് വർഷം മുമ്പുള്ള റെക്കോഡ് തിരുത്തിയത് അനാമിക അജേഷേണ്. കലവൂർ സ്കൂളിലെ അഭിനവ് ശ്രീ റാമും സ്പോർട്സ് കൗൺസിൽ കോച്ച് കെ. ആർ സാംജിയുടെ ശിക്ഷണത്തിൽ ഈ സ്റ്റേഡിയത്തിലാണ് പരിശീലനം നേടുന്നത്.
സ്റ്റേറ്റ് ജൂനിയർ അതിലേറ്റിക്സ് മീറ്റിൽ ഹെപ്റ്റാതലോണ്ൽ സംസ്ഥാന റെക്കോർഡ് ഹോൾഡർ ആണ്. ഇത്തരത്തിൽ മൂന്നു വർഷത്തിനുള്ളിൽ ഈ സ്റ്റേഡിയത്തിലെ പരിശീലനത്തിലൂടെ സംസ്ഥാന- ദേശീയ മീറ്റുകളിൽ പിറന്നത് ഏഴു റെക്കോഡുകളാണ്. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പ്രാദേശിക പരിശീലനകേന്ദ്രമാണ് ഈ സ്റ്റേഡിയം. പരിശീലകനായ മുഹമ്മ കായിപ്പുറം സ്വദേശി കെ.ആർ.സാംജിയുടെ ശിക്ഷണത്തിൽ ഇന്ന് 60 കായികതാരങ്ങൾ ഇവിടെ പരിശീലനം നേടുന്നു. കഴിഞ്ഞ സംസ്ഥാന ജൂനിയർ മീറ്റിൽ നാല് റെക്കോഡോടെ 12 മെഡൽ നേടി മേളയിലെ മിന്നും താരങ്ങളുമായി.
സ്റ്റേഡിയം പഞ്ചായത്തിന് പുറത്തും ജില്ലക്ക് വെളിയിലുമുള്ള കായിക വിദ്യാർഥികൾക്കും അനുഗ്രഹമാണ്. ജില്ലാ സ്കൂൾ കായിക മേളകളുടെ ചരിത്രത്തിൽ കലവൂർ സ്കൂൾ ടീം രണ്ടു വർഷമായി മേളയിൽ ആധിപത്യം തുടരുന്നത് ഈ സ്റ്റേഡിയത്തിലെ പരിശീലനത്തി ലൂടെയാണ്. ടി.എം.തോമസ് ഐസക് മന്ത്രിയായിരിക്കെയാണ് കലവൂർ എൻ.ഗോപിനാഥ് സ്മാരക സ്റ്റേഡിയം നിർമിച്ചത്.മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ്
സ്റ്റേഡിയത്തിന്റെ പ്രവർത്തനം. ലോങ് ജമ്പിനായി പിറ്റ് നിർമിച്ചു നൽകി. ഈ പിറ്റിൽ ചാടി പരിശീലനം നേടിയ അനാമികയാണ് ദേശീയ മീറ്റിൽ റെക്കോഡ് ഇട്ടത്. വനിതകൾക്കായി പഞ്ചായത്ത് നിർമിച്ച ജിംനേഷ്യത്തിൽ അത്ലറ്റുകൾക്ക് പരിശീലനത്തിനുള്ള അനുവാദവും പഞ്ചായത്ത് നൽകിയിട്ടുണ്ട്. സ്റ്റേഡിയം കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുള്ള സ്പോർട്സ് അക്കാദമിയുടെ സഹായവും ലഭിക്കുന്നുണ്ട്.
പ്രസിഡന്റ് കെ.പി.രാജേഷ് കുമാർ, സെക്രട്ടറി മനോജ് മണിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള അക്കാദമിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഉള്ള സൗകര്യത്തിൽ 100 മീറ്റർ സ്ട്രൈറ്റ് ട്രാക്ക്, ഹൈ ജമ്പ് പരിശീലനത്തിനുള്ള ബെഡ് ഉൾപ്പെടെ സൗകര്യവും ഒരു ലോങ് ജമ്പ് പിറ്റും, പോൾ വാട്ടിനുള്ള ഫൈബർ പോളും കൂടി കിട്ടുകയാണെങ്കിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഭാരവാഹികൾ പറയുന്നു.


